വരൂ സംരംഭകരാകാം: ഈ നാലു കാര്യങ്ങള്‍ മറക്കരുത്

എന്ന് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്നറിയാത്ത കാലത്താണോ
പുതിയ ബിസിനസ് ആശയം ചിന്തിക്കുന്നത്? തീര്‍ച്ചയായും അതേ. ഇതാണ് പുതിയ
ചിന്തകള്‍ക്ക് പറ്റിയ സമയം.

ലോകത്തിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സി വിപണി പഠന ഏജന്‍സികളെല്ലാം കോവിഡ്
19നെ സാമ്പത്തിക രംഗത്തെ സുനാമിയെന്നാണ് വിശേഷിപ്പിക്കുന്നത്. നിലവിലുള്ള
എന്തിനെയും തൂത്തെറിയാന്‍ ശക്തിയുള്ള മഹാമാരിയുടെ പിടിയില്‍ ലോകം പെട്ടിരിക്കുന്ന അവസ്ഥ.

ഈ വൈറസ് ബാധ എന്ന് ലോകത്തുനിന്ന് തുടച്ചുമാറ്റാനാകും? ഏതൊക്കെ കമ്പനികള്‍
കാണും? ഇതിലൊന്നും ഒരു വ്യക്തതയുമില്ല. പക്ഷേ ഇതും കടന്നുപോകും. അപ്പോള്‍
പുതിയ അവസരങ്ങളും മുന്നിലുണ്ടാകും. സംരംഭകത്വമെന്നാല്‍ ഒരു പ്രത്യേക
മാനസികഘടന കൂടിയാണ്. ഏറ്റവും മോശം സാഹചര്യത്തിലും ശുഭാപ്തി വിശ്വാസം
കൈവിടാതെ വരാനിരിക്കുന്ന നല്ല നാളുകളിലേക്കുള്ള ബ്ലൂപ്രിന്റ് വരയ്ക്കുന്നവര്‍ കൂടിയാണ് സംരംഭകര്‍. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നാഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ ചെയ്യാം ഇക്കാര്യങ്ങള്‍

1. ആശയം കണ്ടെത്തു

ഏതാനും ആഴ്ചകള്‍ക്കു മുമ്പത്തെ അവസ്ഥയല്ല ഇപ്പോള്‍. ലോകം കോവിഡ് 19ന് മുമ്പും ശേഷവും എന്നിങ്ങനെ വേര്‍തിരിക്കപ്പെടുന്ന സാഹചര്യമാണ്. അപ്രതീക്ഷിതമായി ഏറെ കാര്യങ്ങള്‍ തകര്‍ന്നടിഞ്ഞുവെങ്കിലും മറ്റനേകം പുതിയ കാര്യങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്യും. ബിസിനസ് ആശയം എന്നാല്‍ ഒരു പ്രശ്‌നത്തിനുള്ള പരിഹാരമാണ്. നിങ്ങളുടെ ചുറ്റിലുമുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് നോക്കൂ. അതിന് ഏറ്റവും അനുയോജ്യമായ പരിഹാരം ചിന്തിക്കു. അതിലുണ്ട് ഒരു ബിസിനസിന്റെ വിത്ത്

2. കാര്യങ്ങള്‍ പഠിക്കൂ

ഒരു ബിസിനസ് ആശയം ലഭിച്ചാല്‍ അതിനെ വികസിപ്പിച്ചെടുക്കുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ അത്രമാത്രം അറിയില്ലെന്ന് വ്യക്തമാകും. ഇത് അത്തരത്തിലുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കൂടിയാണ്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ ലഭിക്കാത്ത കാര്യങ്ങളില്ല. അതുപയോഗപ്പെടുത്താം.

3. ബിസിനസ് പ്ലാന്‍ തയ്യാറാക്കാം

വെറും ആശയരൂപത്തില്‍ കാര്യങ്ങള്‍ വെച്ചിരിക്കേണ്ട. ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കി നോക്കാം. നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്താമെന്ന് നോക്കാം. ചിലപ്പോള്‍ ഈ ഘട്ടത്തില്‍ തന്നെ നിങ്ങളുടെ ബിസിനസ് ആശയം തന്നെ ഒന്നു മാറ്റാന്‍ തോന്നും.

4. സര്‍വേ നടത്താം

സാമൂഹികമായ അകലം പാലിച്ചാല്‍ മതി. ഫോണിലൂടെ ആരുമായും ഇപ്പോള്‍
സംസാരിക്കാം. എല്ലാവരും വീട്ടിലിരിക്കുകയുമാണ്. ഒരു പുതിയ ബിസിനസ് ആശയം
ഉള്ളില്‍ വെച്ചുകൊണ്ട് ഇവരോട് സംസാരിച്ചാല്‍ പണച്ചെലവില്ലാതെ ഒരു വിപണി
പഠനമാകും.

എന്തിന് ഇങ്ങനെ ചെയ്യണം?

കൊറോണ എന്തെല്ലാം മാറ്റി മറിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും രൂപമില്ല. നിലവിലുള്ള ജോലികള്‍ പോകാം. കമ്പനികള്‍ പൂട്ടിപോകാം. ഓരോ വ്യക്തിയുടെയും വരുമാനം കുറയാം. ബാധ്യതകള്‍ കൂടാം. പക്ഷേ നമുക്ക് നല്ല രീതിയില്‍ മുന്നോട്ട് പോവുക തന്നെ വേണം. അതിന് നല്ലത് സംരംഭകത്വ മനോഭാവത്തോടെ, പോസിറ്റീവായ കാഴ്ചപ്പാടോടെ ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്.

ഗള്‍ഫ് യുദ്ധകാലത്ത് എല്ലാവരും അവിടെ നിന്ന് കൈയിലുള്ളതുമായി ഓടി പോകുമ്പോള്‍ മുന്നോട്ട് വെച്ചകാല്‍ പിന്നോട്ട് വെയ്ക്കാതെ ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് എം കെ യൂസഫലി എന്ന മഹാനായ സംരംഭകനുണ്ടായത്. വോള്‍ട്ടേജ് പ്രശ്‌നം ജനങ്ങളെ വലയ്ക്കുന്നുവെന്ന കണ്ടെത്തലില്‍ നിന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി ഗാര്‍ഡ് സ്റ്റെബിലൈസര്‍ നിര്‍മിച്ചത്. പിന്നീടുള്ളത് ചരിത്രം. വെണ്മയുള്ള വസ്ത്രം ധരിക്കാന്‍ സ്വയം നേരിട്ട പ്രശ്‌നം എം. പി രാമചന്ദ്രന്‍ പരിഹരിക്കാന്‍ തീരുമാനിച്ചതാണ് ഉജാലയുടെ പിറവിക്ക് കാരണമായത്. എവിടെയും യഥാര്‍ത്ഥ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചവര്‍ വിജയം കണ്ടിട്ടുണ്ട്. നിങ്ങള്‍ക്കും അതാകാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it