ബിസിനസ് വളര്‍ന്നോട്ടെ, പക്ഷെ ശ്രദ്ധിക്കാനുണ്ട് ചില കാര്യങ്ങള്‍

സുനില്‍ കുമാര്‍

എല്ലാ സംരംഭകരും തങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. അതിനായാണ് പരിശ്രമിക്കുന്നത്. വളര്‍ച്ച ചിലപ്പോള്‍ ഒരേ വിപണിയില്‍ത്തന്നെയാവാം, വ്യത്യസ്ത സ്ഥലങ്ങളിലെ വിപണിയിലാവാം, പുതിയ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ കൊണ്ടാകാം.

വിപണി സാഹചര്യങ്ങളും ഡിമാന്റും നോക്കി വളര്‍ച്ച ഉറപ്പു വരുത്താന്‍ സംരംഭകര്‍ ശ്രമിക്കാറുണ്ട്. ബിസിനസിന്റെ ഈ വളര്‍ച്ച ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ വളര്‍ച്ചയിലോ നിശ്ചിത വളര്‍ച്ച നേടിക്കഴിഞ്ഞതിന് ശേഷമോ സംരംഭം തകര്‍ച്ചയിലേക്ക് നീങ്ങിയേക്കാം. ഈ ഘട്ടങ്ങളില്‍ സംരംഭകര്‍ നേരിട്ടേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഇവയാണ്.

പലപ്പോഴും വളര്‍ച്ചയ്ക്ക് ഫണ്ട് കണ്ടെത്തുന്നത് ബാങ്കുകളില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എടുക്കുന്ന കടം (Debt) വഴിയായിരിക്കും. സംരംഭം പല ബിസിനസ് സൈക്കിള്‍ വഴി കടന്നുപോകുമ്പോള്‍ വളര്‍ച്ച സ്ഥിരമാവണമെന്നില്ല. മാന്ദ്യകാലവും ഉപഭോക്താക്കളുടെ അഭിരുചിയിലുള്ള വ്യത്യാസവും പുതിയ എതിരാളികളുടെ കടന്നു വരവും വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ ഘട്ടത്തില്‍ വായ്പയിലൂടെ സമാഹരിച്ച മൂലധനത്തിന്റെ പലിശ വന്‍ ബാധ്യതയായി മാറാനും സംരംഭം നഷ്ടത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഈയവസരത്തില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ അധിക മൂലധനം കണ്ടെത്തേണ്ടി വരും. ഇത് സംരംഭകനു മേല്‍ സമ്മര്‍ദമുണ്ടാക്കും.

  • വളര്‍ച്ചയുണ്ടാകുമ്പോള്‍ ബിസിനസിന്റെ ശേഷി വര്‍ധിപ്പിക്കാനും നടത്തിപ്പിനുമായുള്ള സ്ഥിര ചെലവുകള്‍ (fixed cost) ഗണ്യമായി വര്‍ധിക്കും. ജീവനക്കാരുടെ വേതനം, ഓഫീസ്, നിയമ പരിപാലന ചെലവുകള്‍, മറ്റു കോര്‍പ്പറേറ്റ് ചെലവുകള്‍ എന്നിവ ഇതിലുള്‍പ്പെടും. വിപണിയിലെ ചാഞ്ചാട്ടം വര്‍ധിക്കുമ്പോള്‍ ഈ ചെലവുകള്‍ നേരിടാന്‍ സംരംഭകന്‍ ബുദ്ധിമുട്ടും.
  • വളര്‍ച്ച നേടുമ്പോള്‍ വിവര ശേഖരണത്തിനും വിശകലനങ്ങള്‍ക്കുമായി കൂടുതല്‍ സമയം നീക്കിവെക്കേണ്ടതായി വരും. ഇത് ഓപറേഷണല്‍ കാര്യങ്ങള്‍ക്കുള്ള സമയം കുറച്ചേക്കാം. അതുവഴി ദൈനംദിന മാനേജ്‌മെന്റില്‍ ശ്രദ്ധ കുറയാനും ഇടവരും.
  • വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിയമങ്ങള്‍ പാലിക്കേണ്ടതായി വരും. അപൂര്‍വം ചിലരെങ്കിലും സംരംഭത്തിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനും നികുതി നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കു മുതിര്‍ന്നെന്നു വരും. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ വരുത്തിവെക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വളര്‍ച്ചാ മൂലധനം കണ്ടെത്തുമ്പോള്‍, കടം മൂലധനത്തിന് തുല്യമായോ, അതിനു താഴെയോ, കടമില്ലാതെയോ നിര്‍ത്താന്‍ ശ്രമിക്കണം. അതിനനുസരിച്ചു വളര്‍ച്ച ക്രമീകരിക്കണം. ഇത് പലിശ ചെലവ് കുറയ്ക്കാനും സമ്മര്‍ദ സമയത്തു പണ ലഭ്യത വര്‍ധിപ്പിക്കാനും സഹായിച്ചേക്കും.
  • വളര്‍ച്ച നിയന്ത്രിതമായിരിക്കണം. ഘട്ടം ഘട്ടമായി മാത്രം വളര്‍ച്ച ആസൂത്രണം ചെയ്യണം. അനിയന്ത്രിതമായ വളര്‍ച്ച മൂലധന ശോഷണത്തിനും അധിക മൂലധന സമാഹരണത്തിനും കാരണമാകും. മാത്രമല്ല, അത് വഴിയുള്ള നഷ്ടത്തിലേക്കും പ്രതികൂല ലാഭക്ഷമതയിലേക്കും നയിക്കും.
  • വളര്‍ച്ച കൂടുമ്പോള്‍ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. ഉദാഹരണമായി ജീവനക്കാരുടെ ജോലി ക്രിയാത്മകമായി ഏകോപിപ്പിച്ചും നിലവിലെ മികച്ച ജീവനക്കാര്‍ക്ക് അധിക ചുമതലയും അതിനു ഇന്‍സെന്റീവ്സും നല്‍കിയും ചെലവ് നിയന്ത്രിക്കണം. ചെലവ് വളര്‍ച്ചയുടെ തോതിലും താഴെ നിര്‍ത്താന്‍ ഇത്തരത്തില്‍ സാധിക്കും. പുറംകരാര്‍ ഏര്‍പ്പെടുത്തിയും പരമാവധി ചെലവുകള്‍ കുറയ്ക്കണം.
  • കണക്കുകള്‍ ചിട്ടപ്പെടുത്താനും വിശകലനം ചെയ്യാനും സംരംഭകന്‍ നേരിട്ടു ശ്രമിക്കേണ്ട ആവശ്യമില്ല. മുന്‍കൂട്ടി നിശ്ചയിച്ചതും എന്നാല്‍ സമഗ്രവുമായ വിശകലന ചാര്‍ട്ട്, ജീവനക്കാരോട് തയ്യാറാക്കാന്‍ നിര്‍ദേശിക്കാം. ആത്യന്തിക വിശകലനത്തിനും അതിനെത്തുടര്‍ന്നുള്ള തീരുമാനമെടുക്കുന്നതിനും മാത്രമേ സംരംഭകന്‍ മുതിരാവൂ. പ്രധാന ശ്രദ്ധ സംരംഭ നടത്തിപ്പില്‍ തന്നെ തുടരാന്‍ ഇത് സഹായിക്കും.
  • വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും അതിനു ശേഷവും സംരംഭം നിയമ വിധേയമായി മാത്രമേ നടത്താന്‍ പാടുള്ളൂ. നിയമപാലനത്തിനുള്ള ചെലവ് ഒരു ഒഴിവാക്കാനാവാത്ത ചെലവായി സംരംഭകന്‍ കരുതണം. ഇത് സംരംഭത്തിന്റെ സുസ്ഥിരമായ വളര്‍ച്ചക്കും നിലനില്‍പ്പിനും ആവശ്യമാണ്.

(ഐഐഎം കോഴിക്കോട് നിന്നും സ്ട്രാറ്റജിക് മാനേജ്‌മെന്റില്‍ സര്‍ട്ടിഫൈഡും ചാര്‍ട്ടേഡ് എക്കൗ്യുന്റുമാണ് ലേഖകന്‍. ഇ-മെയ്ല്‍: sunilfund@gmail.com)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it