പ്രൊഫഷണലിസം കുടുംബ ബിസിനസിനെ ഉയരങ്ങളിലെത്തിക്കുന്നതെങ്ങനെ? മാരികോ ചെയര്‍മാന്‍ പറയുന്നു

ഞാന്‍ കുടുംബ ബിസിനസിലേക്ക് കടക്കുന്നത് 1971 ലാണ്. വൈവിധ്യമാര്‍ന്ന ബിസിനസുകള്‍ നടത്തിയിരുന്ന ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു ബിസിനസിന് ചുക്കാന്‍ പിടിച്ചുകൊണ്ടിരുന്നത്. വ്യാപാരം മുതല്‍ ഉല്‍പ്പാദനം വരെയുള്ള ബിസിനസുകള്‍ ഉണ്ടായിരുന്നെങ്കിലും പേരുകേട്ട ബ്രാന്‍ഡുകളൊന്നും സൃഷ്ടിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ എഫ്.എം.സി.ജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്) രംഗത്ത് സ്വന്തമായ ഒരു വ്യക്തിത്വമുള്ള, ബ്രാന്‍ഡ് അധിഷ്ഠിത ബിസിനസ് വളര്‍ത്തിയെടുക്കാനായിരുന്നു രണ്ട് പതിറ്റാണ്ടോളം എന്റെ ശ്രമം.

'മാരികോ'യുടെ തുടക്കം

1990ല്‍ ഞങ്ങള്‍ എഫ്.എം.സി.ജി ബിസിനസിനെ മാരികോ എന്ന പുതിയ കമ്പനിയാക്കി രൂപപ്പെടുത്തി. അത് ബിസിനസിനു മാത്രമല്ല വ്യക്തിപരമായി എനിക്കും വലിയൊരു കുതിച്ചുചാട്ടമായിരുന്നു. അന്ന് 80 കോടി രൂപയായിരുന്നു വിറ്റുവരവ്. വേറിട്ട ഒരു സംരംഭമായി മാറ്റാന്‍ കഴിഞ്ഞതിനാല്‍ എഫ്.എം.സി.ജി ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞതിനൊപ്പം വളര്‍ച്ചാ സാധ്യതകളും കൂട്ടാനായി. പക്ഷെ ഒരു വെല്ലുവിളിയുണ്ടായിരുന്നു. പുതിയ, ആരും അറിയാത്ത ഒരു സ്ഥാപനത്തിലേക്ക് എങ്ങനെ മിടുക്കരെ ആകര്‍ഷിക്കും? ഞങ്ങളുടെ മാതൃസ്ഥാപനമായ ബോംബെ ഓയ്ലില്‍ നിന്ന് 200 ജീവനക്കാര്‍ പുതിയ കമ്പനിയിലേക്ക് വന്നിരുന്നു. പക്ഷെ ലാഭകരമായ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാന്‍ പുതിയ ആളുകളെ തന്നെ വേണ്ടിയിരുന്നു.

ഞെട്ടിച്ച പരസ്യങ്ങള്‍

ഇതിനായി ചെലവേറിയ, വലിയ പരസ്യ പ്രചരണങ്ങള്‍ ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റില്ലായിരുന്നു. അതിനാല്‍ പുതുമയുള്ള ഒരു രീതി സ്വീകരിച്ചു. വാര്‍ത്തകളുടെ ശൈലിയിലുള്ള രണ്ട് റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ കൊടുത്തു. ആദ്യത്തേതില്‍ നാടകീയമായി 'ബോംബെ ഓയ്ലില്‍ നിന്ന് 200 ജീവനക്കാര്‍ ഇറങ്ങിപ്പോകുന്നു' (200 employees walk out of Bombay Oil) എന്നും രണ്ടാമത്തേതില്‍ 'കൂട്ടക്കൊല നടത്തിയവന്‍ പിടിയിലായി' (Mass killer nabbed) എന്നും തലക്കെട്ടുകള്‍ കൊടുത്ത് പരസ്യം ചെയ്തു. ഞങ്ങള്‍ ഉദ്ദേശിച്ച ഫലം തന്നെ വിപ്ലവാത്മകമായ ഈ പരസ്യങ്ങള്‍ക്ക് ലഭിച്ചു. മിടുക്കരായ പ്രൊഫഷണലുകളെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

പ്രൊഫഷണലിസത്തിലേക്ക് മാറേണ്ടത് കുടുംബ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വളരെ നിര്‍ണായകമാണ്. കുടുംബ ബിസിനസില്‍ സാധാരണയായി കുടുംബത്തിലെ അംഗങ്ങളായിരിക്കും പ്രധാന സ്ഥാനങ്ങള്‍ കൈയാളുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളോ കോര്‍പ്പറേറ്റ് രംഗത്തെ അനുഭവസമ്പത്തോ ഇല്ലാതെയാകാം ഒരു പക്ഷെ ഇവര്‍ തീരുമാനങ്ങളെടുക്കുന്നത്. എങ്ങനെയായാലും ഉടമസ്ഥതയും മാനേജ്മെന്റും തമ്മില്‍ കൂടിക്കുഴയുമ്പോള്‍ അഭിപ്രായഭിന്നതകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഉടമസ്ഥരായ സഹോദരങ്ങള്‍ മാനേജ് ചെയ്യുന്ന ബിസിനസില്‍ അവര്‍ തമ്മിലുള്ള ബന്ധം തികച്ചും സങ്കീര്‍ണ്ണമായ രീതിയിലേക്ക് മാറിയ നിരവധി സ്ഥാപനങ്ങളെ എനിക്കറിയാം. ഒടുവില്‍ വൈകാരിക പ്രശ്നങ്ങള്‍ ബിസിനസിനെ ബാധിക്കുന്ന അവസ്ഥയില്‍ കൊ?ുവന്നെത്തിക്കുന്ന സ്ഥിതിയുണ്ടാകുന്നു.

വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ നാമ്പെടുക്കുന്നത്. ബിസിനസ് രൂപപ്പെട്ടു വരുന്ന ഘട്ടത്തില്‍ എല്ലാവരും ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരിക്കും. തൊട്ടുപിന്നാലെ, വളര്‍ച്ചയുടെ ഘട്ടത്തിലാണ് എങ്ങനെ വളരണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുന്നത്. വളര്‍ച്ചയെക്കുറിച്ചുള്ള ഓരോരുത്തരുടെയും സ്വപ്നങ്ങളും ചിന്തകളും വിഭിന്നമാകാം. കൂടുതല്‍ മികച്ച വിദ്യാഭ്യാസവും പുതിയ ആശയങ്ങളുമൊക്കെയായി അടുത്ത തലമുറ കൂടി കടന്നുവരുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായേക്കാം.

വളര്‍ച്ചാ വേഗം എപ്രകാരമായിരിക്കണം, എത്ര പണം നിക്ഷേപിക്കണം, അന്തിമ ലക്ഷ്യം എന്തായിരിക്കണം എന്നതിലെല്ലാം കുടുംബങ്ങളില്‍ ആശയസംഘട്ടനങ്ങള്‍ ഉടലെടുക്കാം. സംഭവബഹുലമായ ഈ ഘട്ടം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പ്രൊഫഷണലുകളുടെ പങ്ക് എന്തായിരിക്കണം എന്നത് വളരെ നിര്‍ണായകമായ തീരുമാനമാണ്.

80 കോടിയില്‍ നിന്ന് 4,000 കോടിയിലേക്ക്!

എന്റെ അനുഭവത്തില്‍ പ്രൊഫഷണലിസം അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഞാന്‍ പ്രൊഫഷണലിസത്തില്‍ ഉറച്ചു നിന്നപ്പോള്‍ മാരികോയുടെ ബിസിനസ് 50 മടങ്ങ് വളര്‍ന്നു! 1990ലെ 80 കോടി രൂപ വിറ്റുവരവില്‍ നിന്ന് 2012ല്‍ 4,000 കോടി രൂപ വിറ്റുവരവിലെത്തി. ഈ വളര്‍ച്ചാ യാത്രയില്‍ പഠിച്ച കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കാം.

പ്രൊഫഷണലിസം ഇല്ലെങ്കില്‍ വളര്‍ച്ച മുരടിക്കും

പ്രൊഫഷണല്‍ മാനേജര്‍മാര്‍ വളര്‍ച്ചാഘട്ടത്തെ എങ്ങനെ നേരിടണമെന്ന് പരിചയമുള്ളവരായിരിക്കും. മറ്റൊന്നിന്റെയും സ്വാധീനമില്ലാതെ അവര്‍

ക്ക് തീരുമാനമെടുക്കാനും ബിസിനസ് നടത്തിക്കൊണ്ട് പോകാനും സാധിക്കും. ഇതിന് നിരവധി ഗുണങ്ങളുണ്ട്. പ്രൊഫഷണലിസം കൊണ്ടുവരണോ വേണ്ടയോ എന്നല്ല ചിന്തിക്കേണ്ടത്. അത് എപ്പോള്‍ കൊണ്ടുവരണം എന്നാണ്. ഒരു കുടുംബ ബിസിനസ്, വേണ്ട സമയത്ത് പ്രൊഫഷണലൈസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ വളര്‍ച്ചയുടെ ഗതി തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. ബിസിനസ് വളര്‍ത്തണമെങ്കില്‍ സ്ഥാപനത്തിന്റെ മാനേജ്മെന്റ് അടക്കമുള്ള എല്ലാക്കാര്യങ്ങളും ഉയര്‍ത്തേണ്ടതുണ്ട്.

പ്രൊഫഷണലിസത്തിലെ വെല്ലുവിളികള്‍

എപ്പോള്‍, എങ്ങനെയാണ് പ്രൊഫഷണലൈസ് ചെയ്യേണ്ടതെന്ന സംശയം ഉണ്ടാവുക സ്വാഭാവികം. അക്കാര്യത്തില്‍ ഒരു സമവായത്തിലെത്താന്‍ കുടുംബ ബിസിനസുകള്‍ സമയമെടുക്കേണ്ടതുണ്ട്. പ്രൊഫഷണലൈസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഏറ്റവും കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിലായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇതിനായി ഐകകണ്ഠേനയുള്ള, വ്യക്തതയുള്ള സന്ദേശമാണ് നല്‍കേണ്ടത്. കൃത്യമായ ആവശ്യങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ടാര്‍ഗറ്റുകളും എല്ലാം വ്യക്തമാക്കിയാല്‍ യോജിച്ച പ്രൊഫഷണലുകളെ കണ്ടെത്തുക എളുപ്പമാണ്.

പ്രൊഫഷണലൈസ് ചെയ്യുന്നതിന്റെ ആദ്യഘട്ടത്തില്‍ ചില വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കാം. ഉദാഹരണത്തിന് കഴിവുള്ളവരെ തേടിപ്പിടിച്ച് റിക്രൂട്ട് ചെയ്യുന്നത് സമയമെടുക്കുന്ന കാര്യമാണ്. ഇത് ചില മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. ഞാന്‍ ഈ ഗ്യാപ്പ് അടച്ചത് കണ്‍സള്‍ട്ടന്റുമാരായ വ്യക്തികളെ നിയമിച്ചാണ്.

മിടുക്കരെ സ്വന്തമാക്കാന്‍

മറ്റൊരു പ്രധാന വെല്ലുവിളി ഇതാണ്. നിങ്ങളുടെ സ്ഥാപനത്തിന്റെ വിജയകഥ ഒരുപക്ഷെ ആകര്‍ഷകമാകാം. പക്ഷെ പുറത്തുനിന്നു നോക്കുന്ന ഒരാള്‍ക്ക് അത് അത്ര മികച്ചതായി തോന്നണമെന്നില്ല. എനിക്കും ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. മസ്ജിദ് ബന്ദറിലെ കമോഡിറ്റി വിപണിയിലെ തിരക്കേറിയ ഒരു പ്രദേശത്തായിരുന്നു ഞങ്ങളുടെ ഓഫീസ്. ഒരു നല്ല എം.ബി.എക്കാരന്‍ ജോലിക്കു ചേരാന്‍ എന്നല്ല, സന്ദര്‍ശിക്കാന്‍ പോലും ഇടയില്ലാത്ത സ്ഥലം. ഇതിനു ഞാന്‍ പരിഹാരം കണ്ടെത്തി. ഞാന്‍ ഉദ്യോഗാര്‍ത്ഥിയുമായുള്ള ആദ്യ കൂടിക്കാഴ്ച ലോകോത്തര നിലവാരത്തിലുള്ള വില്ലിംഗ്ഡണ്‍ സ്പോര്‍ട്സ് ക്ലബില്‍ വെച്ചാണ് നടത്തിയത്. 'മാരികോ സ്വപ്നം' വില്‍ക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലം! അതിനുശേഷം മസ്ജിദ് ബന്ദറിലേക്ക് ഞാന്‍ എം.ബി.എക്കാരനെ കൊണ്ടുപോയി. പക്ഷെ അതിനുമുമ്പുതന്നെ മാരികോ കഥ പറഞ്ഞ് ഞാനയാളെ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.

ബിസിനസിന്റെ സ്വഭാവവും പ്രധാനം

പ്രൊഫഷണലൈസ് ചെയ്യേണ്ടത് ബിസിനസിന്റെ സ്വഭാവം കൂടി കണക്കാക്കിയാണ്. ട്രേഡിംഗ് പോലെ ലാഭം കുറഞ്ഞ ബിസിനസുകളില്‍ കുടുംബ ബിസിനസുകള്‍ കൂടുതല്‍ ശോഭിക്കുന്നതായി കാണാറുണ്ട്. അമിതഭയം വെച്ചുപുലര്‍ത്തുന്നതോ അല്ലെങ്കില്‍ ആലോചനയില്ലാതെ റിസ്‌ക്കെടുക്കുന്നതോ ആയ പ്രകൃതക്കാരായ പ്രൊഫഷണലുകളെ അപേക്ഷിച്ച് ഉടമകള്‍ക്ക് ഇത്തരം ബിസിനസുകളില്‍ കൂടുതല്‍ ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നതുകൊണ്ടാകാം. പക്ഷെ ഐ.റ്റി, മാനുഫാക്ചറിംഗ്, എഫ്.എം.സി.ജി എന്നിങ്ങനെയുള്ള, ബിസിനസ് മാനേജ്മെന്റില്‍ ഏറെ സോഫിസ്റ്റിക്കേഷന്‍ ആവശ്യമായ ഹൈ മാര്‍ജിന്‍ ബിസിനസുകളില്‍ പ്രൊഫഷണലുകള്‍ക്കായിരിക്കും കൂടുതല്‍ ശോഭിക്കാന്‍ കഴിയുക. ബ്രാന്‍ഡ് ബില്‍ഡിംഗിലും പ്രൊഫഷണലുകള്‍ക്ക് ഏറെ ചെയ്യാനാകും. കാരണം എന്നും നിലനില്‍ക്കുന്ന ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കാന്‍ ആവശ്യമായ അറിവും കഴിവുമെല്ലാം ഉടമകളായ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകണമെന്നില്ല.

കുടുംബ ബിസിനസ് പ്രൊഫഷണലൈസ് ചെയ്യുമ്പോള്‍ അവയുടെ സംരംഭക ത്വര ഉപേക്ഷിക്കേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ പ്രൊഫഷണലുകള്‍ സംരംഭകത്വത്തിന്റെ നന്മ ആര്‍ജിക്കുകയാണ് വേണ്ടത്.

പ്രൊഫഷണലിസം എങ്ങനെ തുടങ്ങാം?

എവിടെ നിന്ന് പ്രൊഫഷണലിസം തുടങ്ങണമെന്നതാണ് അടുത്ത വെല്ലുവിളി. ആദ്യമേ തന്നെ ഒരു പ്രൊഫഷണല്‍ സി.ഇ.ഒയെ നിയമിക്കണമെന്നില്ല. മാര്‍ക്കറ്റിംഗിലും മാനുഫാക്ചറിംഗിലും മിഡില്‍ ലെവലിലുള്ള പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് ആരംഭിക്കാം.

ബിസിനസ് ഉടമസ്ഥതയുള്ള കുടുംബത്തിന്റെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചാണ് കാര്യങ്ങള്‍ മുമ്പോട്ടു പോകുന്നത്. പല സുപ്രധാന കാര്യങ്ങളിലും കുടുംബാംഗങ്ങള്‍ ഒരു സമവായത്തിലെത്തിച്ചേരണം. എത്രമാത്രം പ്രൊഫഷണലിസം വേണം, എത്രമാത്രം ഉത്തരവാദിത്തങ്ങള്‍ അവര്‍ക്ക് നല്‍കാനാകും, എത്ര സ്വാതന്ത്ര്യം നല്‍കാം, ആരുടെ അധികാരങ്ങളാണ് വിട്ടുകൊടുക്കുന്നത്, ആരാണ് വിരമിക്കുന്നത്, ആ വിടവ് ആര് നികത്തും തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ തീരുമാനമെടുക്കണം. ബിസിനസില്‍ സജീവമായ കുടുംബാംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ആലോചിച്ചുവേണം അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ എപ്പോള്‍, എങ്ങനെ പ്രൊഫഷണലൈസ് ചെയ്യാമെന്ന് വരെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍.

കൂട്ടായ്മ ഊട്ടിയുറപ്പിക്കാം

അഭിപ്രായ ഭിന്നതകള്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും അംഗങ്ങള്‍ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചും കൃത്യമായ നിയമങ്ങള്‍ ഉണ്ടാകണം. കുടുംബ കൗണ്‍സിലിലൂടെയോ ട്രസ്റ്റുകളിലൂടെയോ അംഗങ്ങളുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കേണ്ടത് പ്രധാനമാണ്. ഇത് പ്രൊഫഷണലുകള്‍ക്ക് ശരിയായ സന്ദേശം നല്‍കും.

പ്രധാന മേഖലകളും ഉത്തരവാദിത്തങ്ങളും പ്രൊഫഷണലുകള്‍ക്ക് വിട്ടുകൊടുക്കുകയെന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഇതിന് ത്യാഗവും അഡ്ജസ്റ്റ്മെന്റുമെല്ലാം വേണ്ടിവരും. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ ഇതിലും റിസ്‌കുണ്ട്. തെറ്റായ പ്രൊഫഷണലുകളെ തെരഞ്ഞെടുത്ത് ചില ഉടമകള്‍ അബദ്ധം കാണിക്കാറുണ്ട്. എന്നാല്‍ അതോര്‍ത്ത് വിശ്വാസം നഷ്ടപ്പെടരുത്.

''It is good to have an end to journey toward; but it is the journey that matters, in the end' ഏണസ്റ്റ് ഹെമിംഗ്വേയുടെ പ്രശസ്തമായ വാക്കുകളാണിത്. പ്രൊഫഷണലായ ആളുകളെ നിയമിച്ച് സ്ഥാപനത്തില്‍ പ്രൊഫഷണലൈസേഷന്‍ നടപ്പില്‍ വരുത്തുക എന്നത് നിര്‍ണ്ണായകമാണ്. സ്ഥാപനത്തില്‍ മികച്ചതും കാര്യക്ഷമവുമായ ഒരു സംസ്‌കാരം സൃഷ്ടിക്കുന്നതിന് ഇത് സുപ്രധാനമാണ്.

(By arrangement with The Economic Times - Published in Dhanam on 2012, Novermber Issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it