ബിസിനസ് വളരണോ … നിങ്ങൾ പുറത്തേക്ക് വരൂ .

എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന് വിചാരിക്കുന്ന 'സന്തോഷ് പണ്ഡിറ്റ്' മാരാകാതെ ഒരു വിഷനറിയായി മുന്നിൽ നിൽക്കൂ ... ബിസിനസ് താനേ വരും

Sales staff

ഒരു ബിസിനസ് നന്നായി മുന്നോട്ടു പോകാന്‍ മൂന്ന് തരത്തിലുള്ള ആളുകള്‍ അതില്‍ ഉണ്ടായേ പറ്റൂ… ആദ്യം വേണ്ടത് ഒരു വിഷനറി ആണ്. വലിയ കാഴ്ചപ്പാടുകള്‍ ഉള്ള ഒരാള്‍. അയാള്‍ ചിന്തിക്കുന്നത് ചുറ്റിലുമുള്ള ഏതെങ്കിലും ഒരു പ്രശ്‌നം എങ്ങനെ പരിഹരിക്കും എന്നതിനെ കുറിച്ചായിരിക്കും. ആ പരിഹാരം ഉപയോഗിച്ച് ലോകം തന്നെ എങ്ങനെ മാറി മറിയും എന്നതിനെ പറ്റി ആയിരിക്കും… പക്ഷെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാള്‍ മാത്രമാണ് ബിസിനസ് തുടങ്ങുന്നതെങ്കില്‍ വലിയ സ്വപ്നങ്ങള്‍ ഉണ്ടാകും എന്നല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ സാധ്യത വളരെ കുറവാണ്. കാര്യങ്ങള്‍ക്ക് ഒരു വ്യക്തത കൈവരണം എങ്കില്‍ ഒരു പ്ലാന്‍ ഉണ്ടായേ പറ്റൂ. അത്തരം പ്ലാനുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നവരാണ് രണ്ടാമതായി വേണ്ടത്. വിഷനറി എന്ത് സ്വപ്‌നം കണ്ടാലും അത് നേടിയെടുക്കാന്‍ വേണ്ടി കൃത്യമായി പ്ലാനുകള്‍ ഉണ്ടാക്കുന്ന ഒരാള്‍. മൂന്നാമത് വേണ്ടതോ, ഈ പ്ലാനുകളെ നടപ്പിലാക്കാന്‍ കഴിയുന്ന ഒരാളും അദ്ദേഹത്തിന്റെ കീഴില്‍ ഒരു ശക്തമായ ടീമും. അതായത് ഒരു ഇംപ്ലിമെന്റര്‍.

ഇത് അടുത്തിടെ ഒരു വീഡിയോയില്‍ പറഞ്ഞപ്പോള്‍ പലരും അയച്ച ഒരു സംശയം ഇതായിരുന്നു. ”ഇത് മൂന്നും ഒരാള്‍ തന്നെ ആണെങ്കിലോ?”

അതെ, അതാണ് പല സ്ഥലങ്ങളിലും നടന്നുപോരുന്നത്. പലപ്പോഴും വിഷനറി എന്ന വാക്കിന്റെ വ്യാപ്തി പോലും അറിയാതെയാണ് പലരും സ്വന്തമായി ഒരു വിഷനറി ആണെന്നു തെറ്റിദ്ധരിക്കുന്നത്. ഈ പറയുന്ന പലര്‍ക്കും വിശദമായി തയാറാക്കിയ ഒരു ബിസിനസ് പ്ലാനും ഇല്ല എന്നതും സത്യം. അപ്പോള്‍ സ്ട്രാറ്റജിസ്റ്റ് എന്ന രണ്ടാമന്റെ കാര്യവും തഥൈവ. ഇനിയിപ്പോള്‍ ഇതെല്ലാം ഉണ്ടെങ്കില്‍ തന്നെ ഒരാള്‍ തന്നെ ഈ മൂന്നു വേഷവും കെട്ടിയാടിയാല്‍ അയാള്‍ സ്വാഭാവികമായും ബിസിനസിനു അകത്തായിപ്പോകും. അതായത് വിഷനറി, സ്ട്രാറ്റജിസ്റ്റ് എന്നീ റോളുകള്‍ മറന്ന് ദൈനംദിന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഇംപ്ലിമെന്റര്‍ എന്ന റോളിലേക്ക് ഒതുങ്ങിക്കൂടും.

എങ്ങനെയാണ് ബിസിനസിന് അകത്താകുന്നത്?

ബിസിനസുകളെ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് ഈ ചോദ്യവും ഉത്തരവും കൂടുതല്‍ സ്പഷ്ടമായത്. റോബര്‍ട്ട് കയോസാക്കി പറയുന്നതുപോലെ, നിങ്ങളില്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മുന്നോട്ട് പോകുന്നില്ലെങ്കില്‍, നിങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കുവേണ്ടി ജോലിയെടുക്കുന്നത്. ഒരു ട്രെയ്‌നറെയോ, ഡോക്ടറേയോ പോലെ അത് ഒരുതരം സെല്‍ഫ് എംപ്ലോയ്മെന്റാണ്. ഇന്ന് ജോലി ചെയ്താല്‍ പ്രതിഫലം ഇല്ലെങ്കില്‍ ഇല്ല എന്ന അവസ്ഥ.

ഇത്തരം ഒരു അവസ്ഥയെ ബിസിനസ് എന്ന് വിളിക്കാനേ സാധ്യമല്ല. ചെറിയ കച്ചവടക്കാരില്‍ മാത്രമല്ല, അല്‍പ്പസ്വല്‍പ്പമൊക്കെ നല്ല രീതിയില്‍ സ്ഥാപനം വികസിപ്പിച്ചെടുത്തവരിലും ഈ ‘അസുഖം’ കാണാറുണ്ട്. പര്‍ച്ചേസും സ്റ്റോക്കും എക്കൗണ്ട്സും സെയ്ല്‍സും എല്ലാം ഒറ്റയ്ക്ക് ചെയ്ത് ‘സന്തോഷ് പണ്ഡിറ്റാ’കാന്‍ ശ്രമിക്കുന്നവര്‍ ഏറെ. ഇവരെല്ലാം ബിസിനസിന് അകത്താണ്!

ബിസിനസുകാര്‍ ‘പണ്ഡിറ്റ്’ ആകുമ്പോള്‍

എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ബിസിനസുകാര്‍ ഒന്നും ശരിയായി ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഓരോന്നും ചെയ്യാന്‍ കഴിവുള്ള, വിശ്വസ്തരായ ആളുകളെ കണ്ടെത്തി ഏല്‍പ്പിച്ചു കൊടുക്കുന്നിടത്താണ് ബിസിനസ് മാനേജ്മെന്റിന്റെ വൈദഗ്ദ്ധ്യം കാണിക്കേണ്ടത്. അല്ലാതെ എല്ലാം സ്വയം ചെയ്താലേ ശരിയാകൂ എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട് കൂവിയാര്‍ക്കുന്ന ഇത്തരക്കാര്‍, അതിനേക്കാള്‍ മോശമായാണ് ഒരു ബിസിനസ് നടത്തുന്നതെന്ന് മനസിലാക്കുന്നേയില്ല.

സ്റ്റാഫ് നമ്മളെ പറ്റിക്കുമോ?

ഇത്തരം ‘പണ്ഡിറ്റു’മാര്‍ സ്ഥിരം പറയുന്ന ഒരു അനുഭവകഥയുണ്ട്. ഏതെങ്കിലും ഒരു സ്റ്റാഫ് പറ്റിച്ചുകടന്നുകളഞ്ഞ കഥ! എങ്ങനെ, എന്തുകൊണ്ട് പറ്റിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു കാര്യം വ്യക്തമായി മനസിലാക്കിയേ പറ്റൂ. നമ്മള്‍ അനുവദിച്ചുകൊടുക്കാതെ നമ്മളെയാര്‍ക്കും പറ്റിക്കാന്‍ സാധ്യമല്ല. സ്റ്റാഫ് എന്തു ചെയ്യുന്നുവെന്നും ഷോപ്പില്‍ എത്ര സ്റ്റോക്കുണ്ടെന്നും കാഷുണ്ടെന്നും, എത്ര ക്രെഡിറ്റ് കൊടുത്തിട്ടുണ്ടെന്നും ഒന്നും വ്യക്തമായി അറിയാന്‍ സംവിധാനമില്ലാതെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് തെരുവില്‍ ഒരു സ്വര്‍ണാഭരണം അലക്ഷ്യമായി വലിച്ചെറിയുന്നതിന് സമാനമാണ്. വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ശരിയായി വികസിപ്പിച്ചെടുത്ത റിപ്പോര്‍ട്ടുകളും സാങ്കേതികവിദ്യയുടെ സഹായവും കൂടിയാകുമ്പോള്‍ ഒരാള്‍ക്കും ആരെയും പറ്റിക്കാന്‍ കഴിയാതെ വരും. പക്ഷെ ഇത്തരം ‘സിസ്റ്റം’ വികസിപ്പിച്ചെടുക്കാന്‍ ഒരു നല്ല മാനേജ്മെന്റ് വിദഗ്ധന്റെ സഹായം വേണ്ടിവന്നേക്കാം.

എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്ത് ഒരു യാത്രപോലും പോകാന്‍ പറ്റാത്ത രീതിയില്‍ ബിസിനസിന് അകത്ത് കുടുങ്ങിക്കിടക്കുന്നവര്‍ ബിസിനസ് ‘സിസ്റ്റമൈസ്’ ചെയ്തേ മതിയാകൂ. ഓരോ ജോലിക്കാരനും വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്താനുള്ള റിപ്പോര്‍ട്ടിംഗ് രീതികളും വികസിപ്പിച്ചെടുക്കുക. ഒരു സോഫ്റ്റ്വെയറിന്റെ സഹായം തേടാമെങ്കില്‍ വളരെ നന്ന്. പക്ഷെ നമുക്കാവശ്യമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അനാലിസിസുകളും ഉള്ള സോഫ്റ്റ്വെയറാണെന്ന് ഉറപ്പുവരുത്തണം. ഇതിനൊക്കെ ഒരുപാട് പണം വേണ്ടേ എന്നതാണ് പലരുടേയും വേവലാതി. പല ചെറിയ സോഫ്റ്റ്വെയറുകളും ഇന്ന് വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. മാത്രമല്ല, ഇനി വില കൂടിയ സോഫ്റ്റ്വെയറുകളാണെങ്കില്‍ തന്നെ, നിങ്ങള്‍ ലാഭിക്കുന്ന സമയത്തിന്റെ വിലയോളം വരില്ല അത്. കാര്യങ്ങള്‍ പ്രൊഫഷണലാകുമ്പോള്‍, ജീവനക്കാരില്‍ പലര്‍ക്കും അതിനോടൊപ്പം എത്താനുള്ള കഴിവോ മനോഭാവമോ ഉണ്ടായെന്നു വരില്ല. അത്തരക്കാരെ അവര്‍ക്കു കഴിയുന്ന ജോലികളിലേക്ക് ഒതുക്കി നിര്‍ത്തി, കഴിവുള്ളവരുടെ ഒരു ടീം സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. 20 വര്‍ഷം കൂടെയുണ്ടായിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഒരാളെ ഓപ്പറേഷന്‍സ് ഹെഡ് ആക്കേണ്ട കാര്യമില്ല. അയാളുടെ കഴിവും മനോഭാവവും അനുയോജ്യമാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, മറ്റേതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. വളരെ മോശം മനോഭാവവും മാറ്റങ്ങളെ എതിര്‍ക്കുന്നവരുമാണെങ്കില്‍ പതിയെ പറഞ്ഞുവിടുന്നതാകും ഉചിതം.

ബിസിനസിനു പുറത്തേക്ക് കടന്നാല്‍ പിന്നെ അടുത്ത ബിസിനസിനെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ വലിയ സ്വപ്നങ്ങള്‍ കാണാം. പുതിയ പ്ലാനുകളും ഉണ്ടാക്കാം. ഇത്തരത്തില്‍ പുറത്തു കടന്ന പല ചെറുകിട ബിസിനസുകാരെയും എനിക്ക് പരിചയമുണ്ട്. എല്ലാ ബിസിനസിലേയും ഒരു മേലുദ്യോഗസ്ഥനോട് മാത്രമേ ദിവസേനയുള്ള ആശയവിനിമയം ഉള്ളൂ. അതും അത്യാവശ്യങ്ങള്‍ക്ക് മാത്രം. ആഴ്ചയില്‍ ഒരുതവണ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തി റിവ്യൂ ചെയ്യും…

(ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്. സംശയങ്ങള്‍ [email protected] എന്ന മെയ്‌ലില്‍ അയയ്ക്കാം)

1 COMMENT

  1. Sir, My name is Navas. I started my own business in 2019 April. My business is Sale and Service of Airconditioners in Kerala. Can u give me a suggestion that how i will increase my work and income.

LEAVE A REPLY

Please enter your comment!
Please enter your name here