എന്‍.ആര്‍ പണിക്കരുടെ വിജയ വഴിയിലെ 10 അബദ്ധങ്ങള്‍

കൈയില്‍ 100 രൂപയും കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയ എന്‍ജിനീയറിംഗ് ബിരുദവുമായി ഡല്‍ഹിയില്‍ ഒരു ശൈത്യകാലത്ത് പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച വ്യക്തി. ഔദ്യോഗിക വസ്ത്രധാരണരീതി പോലും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു അദ്ദേഹം.

പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് വിജയിയായ ഒരു സംരംഭകന്‍ എന്ന നിലയിലേക്ക് ആക്‌സല്‍ ഫ്രണ്ട്‌ലൈന്‍ ലിമിറ്റഡിന്റെ സ്ഥാപകനായ എന്‍ആര്‍ പണിക്കരുടെ യാത്ര എങ്ങനെയായിരുന്നു? പ്രവര്‍ത്തനം ആരംഭിച്ച് ഒമ്പതാം വര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനം എന്ന നിലയിലേക്ക് ആക്‌സല്‍ ഗ്രൂപ്പിനെ വളര്‍ത്തിയ അദ്ദേഹത്തിന്റെ യാത്ര ചുവപ്പുപരവതാനി വിരിച്ചതായിരുന്നില്ല. നിരവധി വെല്ലുവിളികളും അബദ്ധങ്ങളുമൊക്കെ ഉണ്ടായെങ്കിലും തോറ്റു പിന്മാറിയില്ല. വിജയം വരിച്ച സംരംഭകര്‍ പലപ്പോഴും തങ്ങളുടെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്.

എന്നാല്‍ തന്റെ സംരംഭകജീവിതത്തില്‍ സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് എന്‍ആര്‍ പണിക്കര്‍. ആ അബദ്ധങ്ങള്‍ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ തനിക്ക് കൂടുതല്‍ വിജയിക്കാമായിരുന്നു എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സംരംഭകര്‍ക്കും സംരംഭകന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു യൂണിവേഴ്‌സിറ്റിയും നല്‍കാത്ത വിജയപാഠങ്ങളാണ് തന്റെ അബദ്ധങ്ങള്‍ വിശകലനം ചെയ്ത് എന്‍.ആര്‍ പണിക്കര്‍ നല്‍കുന്നത്.

1. ആസൂത്രണത്തില്‍ സംഭവിച്ച പിഴവ്

ഐ.റ്റി കമ്പനിയില്‍ ജോലി ചെയ്യുമ്പോഴേ സംരംഭകന്‍ ആകാനുള്ള മോഹം മനസില്‍ തളിരിട്ടിരുന്നു. ഡല്‍ഹിയിലെ പഞ്ചാബി സംരംഭകരായിരുന്നു പ്രചോദനം. എച്ച്‌സിഎല്ലില്‍ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴാണ് സംരംഭകനാകാനുള്ള ഹരം മൂത്ത് ജോലി രാജിവെക്കുന്നത്. എന്നാല്‍ വേണ്ടത്ര ഹോം വര്‍ക്ക് നടത്താതെയായിരുന്നു ആ നീക്കം. ആകര്‍ഷകമായ ജോലിയുടെ സുരക്ഷിതത്വത്തില്‍ നിന്ന് സംരംഭക ലോകത്തെ അനിശ്ചിതത്വത്തിലേക്ക് കാലെടുത്തുവെച്ച പണിക്കര്‍ക്ക് നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടു പോയില്ല.

ആറുമാസം തികയും മുമ്പേ പണിക്കരുടെ കംപ്യൂട്ടര്‍ ആക്‌സസറീസ് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. രാജി പിന്‍വലിച്ച് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. നല്ലൊരു പ്ലാനിംഗ് ഇല്ലാതെ സംരംഭകനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് തനിക്ക് തിരിച്ചടിയായതെന്ന് പണിക്കര്‍ പറയുന്നു.

2. നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാന്‍ സാധിച്ചില്ല

ആദ്യത്തെ തെറ്റില്‍ നിന്ന് പാഠം പഠിച്ച് പണിക്കര്‍ കൃത്യമായ പ്ലാനിംഗോടെ 1991ല്‍ 36 മത്തെ വയസില്‍ വീണ്ടും സംരംഭകന്റെ കുപ്പായം എടുത്തണിയാന്‍ തീരുമാനിച്ചു. സൂഹൃത്തുക്കളുമൊന്നിച്ച് സമാഹരിച്ച 40,000 രൂപ മൂലധനവുമായി കംപ്യൂട്ടര്‍ മെയ്ന്റനന്‍സ് സ്ഥാപനത്തിന് തുടക്കമിട്ടു. നല്ല ഹോംവര്‍ക് ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളില്‍ വേണ്ടത്ര അവഗാഹമോ പരിചയസമ്പത്തോ ഉണ്ടായിരുന്നില്ല.

ടെക്‌നോളജി സ്ഥാപനം എന്ന നിലയില്‍ അതില്‍ വൈദഗ്ധ്യമുള്ളവരെ കൂടുതലായി ജോലിക്കെടുത്തു. എന്നാല്‍ സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങള്‍ അവഗണിക്കപ്പെട്ടു. അതില്‍ വിദഗ്ധരായവരെ തെരഞ്ഞെടുക്കുന്നതില്‍ പരാജയമായി. അതുകൊണ്ടു തന്നെ സംരംഭത്തെ മികച്ച രീതിയില്‍ വളര്‍ത്താന്‍ കഴിഞ്ഞില്ല.

3. വിപണിയെ മനസിലാക്കാന്‍ കഴിഞ്ഞില്ല

ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മറ്റൊരു വലിയ അവസരം നഷ്ടമായി. വിപണിയില്‍ സോഫ്റ്റ്‌വെയര്‍ വിപ്ലവം കൊടുമ്പിരി കൊള്ളുന്ന സമയമായിരുന്നു അത്. വിപണിക്ക് വേണ്ടത് കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളായിരുന്നു. 1996 കാലഘട്ടത്തിലെ സോഫ്റ്റ്‌വെയര്‍ ബൂം തനിക്ക് അനുകൂലമാക്കാന്‍ പണിക്കര്‍ക്ക് കഴിഞ്ഞില്ല.

4. അവസരം മുതലാക്കാനായില്ല

1999ല്‍ 100 കോടി രൂപയ്ക്ക് സ്ഥാപനം ഏറ്റെടുക്കാനുള്ള ഓഫര്‍ പണിക്കരുടെ സ്ഥാപനത്തിന് ലഭിച്ചു. എന്നാല്‍ കമ്പനിയോടുള്ള വൈകാരിക ബന്ധവും ഉള്ളിലെ ഈഗോയും കൊണ്ട് അവസരം വേണ്ടെന്നുവെക്കുകയായിരുന്നു. പിന്നീട് ആ ഓഫര്‍ സ്വീകരിക്കാമായിരുന്നു എന്ന് തോന്നിയെന്ന് പണിക്കര്‍ പറയുന്നു.

5. ടൈമിംഗിലെ പിഴവ്

2000 ത്തിലാണ് പണിക്കര്‍ യു.എസ് വിപണിയിലേക്ക് കടക്കുന്നത്. ഡോട്ട്‌കോം കുമിള പൊട്ടുന്ന സമയമായിരുന്നു അത്. എല്ലാ മേഖലകളെയും അത് പ്രതികൂലമായി ബാധിച്ചു. മോശപ്പെട്ട സമയത്ത് യു.എസ് വിപണിയില്‍ പ്രവേശിച്ചത് തിരിച്ചടിയായി.

6. സാധ്യത തിരിച്ചറിഞ്ഞില്ല

2002ല്‍ ഇന്ത്യന്‍ സ്റ്റോക് മാര്‍ക്കറ്റ് കുതിപ്പിന്റെ കാലഘട്ടത്തിലായിരുന്നു. ഐപിഒ നടത്തി ആ അവസരം മുതലാക്കാനും കഴിഞ്ഞില്ല.

7. ഏറ്റെടുക്കലില്‍ ജാഗ്രത പുലര്‍ത്തിയില്ല

2003ല്‍ പണിക്കര്‍ ട്രാന്‍സ്മാറ്റിക് എന്ന കമ്പനിയെ ഏറ്റെടുക്കുകയുണ്ടായി. എന്നാല്‍ അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് പിന്നീട് മനസിലായി. മനസിന്റെ തോന്നലിനു പിന്നാലെ പോകാതെ ജാഗ്രതയോടെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു അദ്ദേഹത്തിന് ബോധ്യമായി. ''ചില തോന്നലുകളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്ന ശീലം എനിക്കുണ്ട്. ഒരു പക്ഷെ ആളുകളുടെ കഴിവുകളെക്കുറിച്ചോ സംരംഭത്തിന്റെ സാധ്യതകളെക്കുറിച്ചോ അമിതവിശ്വാസം പുലര്‍ത്തുന്നതുകൊണ്ടാകാം. അത്തരത്തില്‍ ഒന്നു രണ്ട് സംരംഭങ്ങള്‍ ദയനീയമായി പരാജയപ്പെടുകയുണ്ടായി.'' അദ്ദേഹം പറയുന്നു.

8. അറിയാത്ത മേഖലയില്‍ കാലെടുത്തുവെച്ചത്

കണ്‍സള്‍ട്ടിംഗ് കമ്പനികളുടെ റിപ്പോര്‍ട്ട് പ്രകാരം പണിക്കര്‍ 2007ല്‍ മീഡിയ, ആനിമേഷന്‍ മേഖലയിലേക്ക് കടന്നുവെങ്കിലും പരാജയമായിരുന്നു ഫലം. അറിയാവുന്ന മേഖലയിലേ ബിസിനസ് ചെയ്യാവൂ എന്ന് തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു അദ്ദേഹം. നഷ്ടമുണ്ടാക്കുന്ന സംരംഭം സമയവും പണവും കൂടുതല്‍ പാഴാക്കാതെ അടച്ചുപൂട്ടി, പ്രധാന ബിസിനസിലേ ക്കു തിരിച്ചുവരാനുള്ള തന്റേടം കാണിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

9. വായ്പകളില്‍ അമിത ആശ്രയത്വം

ആപത്തുകാലത്തേക്കു വേണ്ടി കരുതിവെക്കണമെന്ന് പണിക്കര്‍ സംരംഭകരെ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. വായ്പകളിലുള്ള അമിത ആശ്രയത്വവും ചെലവഴിക്കലും പണിക്കരെ പിന്നീട് ബുദ്ധിമുട്ടിലാഴ്ത്തി. ഡെബ്റ്റ്-ഇക്വിറ്റി അനുപാതം തമ്മില്‍ ചേരാത്തത് ബിസിനസിനെ ദോഷകരമായി ബാധിച്ചു. നഷ്ടസാധ്യതയുള്ള ബിസിനസ് മേഖലകളിലേക്ക് കടക്കുന്നത് ഒരിക്കലും കടം വാങ്ങിയ പണം കൊണ്ടാകരുത് എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

10. എഗ്രിമെന്റുകളില്‍ അലംഭാവം

തന്റെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും പണിക്കര്‍ ജപ്പാനിലെ ഇഅഇ കോര്‍പ്പറേഷന് വിറ്റു. എന്നാല്‍ എഗ്രിമെന്റ് രേഖകള്‍ കൃത്യമായി പരിശോധിച്ചശേഷമായിരുന്നില്ല വില്‍പ്പന. അത് പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും കാരണമായി. അതിനാല്‍ രേഖകളിലെ ഓരോ പോയ്ന്റും വിലയിരുത്തുകയും പഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it