ലോകത്തെ മാറ്റിമറിക്കുന്നൊരു സംരംഭം സൃഷ്ടിക്കണോ? ഇതാ മികച്ചൊരു മാതൃക!

ഗ്ലോബല്‍ ഫുഡ് & അഗ്രി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നൊരു സംരംഭമാണ് ഒലാം ഇന്റര്‍നാഷണല്‍. നൈജീരിയയില്‍ നിന്നും കശുവണ്ടി സംഭരിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി നടത്തിക്കൊണ്ടാണ് ഒലാമിന്റെ തുടക്കം. ഒരു പതിറ്റാണ്ടുകൊണ്ടു തന്നെ ഒരു ആഗോള സംരംഭമായി വളര്‍ന്ന ഒലാം ഇപ്പോള്‍ 2.8 മില്യണ്‍ ഹെക്ടറില്‍ കൃഷി നടത്തുന്ന ലോകത്തെ ഏറ്റവും വലിയൊരു കോര്‍പ്പറേറ്റ് ഫാമിംഗ് കമ്പനിയാണ്.

26 തരം വ്യത്യസ്ത വിളകള്‍ 21 രാജ്യങ്ങളില്‍ കൃഷി ചെയ്യുന്ന കമ്പനിക്ക് ലോകത്തൊട്ടാകെയായി 206 മാനുഫാക്ചറിംഗ് കേന്ദ്രങ്ങളുണ്ട്. ലോകത്തെ 4.8 മില്യണ്‍ കര്‍ഷകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒലാമിന് 66 രാജ്യങ്ങളിലായി 78500 ജീവനക്കാരുമുണ്ട്. ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും മുന്‍നിരയിലുളള 50 ഫോര്‍ച്യൂണ്‍ കമ്പനികളില്‍ ഇരുപത്തിമൂന്നാം സ്ഥാനമാണ് 2015ല്‍ ഒലാം നേടിയെടുത്തത്. അതിലേക്കായി കമ്പനി നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളാകട്ടെ ഏതൊരു സംരംഭനും അനുകരിക്കാനാകുമെന്ന് ഒലാം ഇന്റര്‍നാഷണിന്റെ കോ-ഫൗണ്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ സണ്ണി വര്‍ഗീസ് പറയുന്നു. അദ്ദേഹത്തിന്റെ വിജയമന്ത്രങ്ങള്‍ ചുവടെ:

വ്യത്യസ്തത പുലര്‍ത്തുക

ഉല്‍പന്ന സേവന രംഗത്ത് 6 സുപ്രധാന വ്യത്യാസങ്ങളാണ് ഒലാം വരുത്തിയത്. കമ്പനി നല്‍കുന്ന അസംസ്‌കൃത വസ്തുക്കളില്‍ ഒരു ചിപ് ഘടിപ്പിച്ചിട്ടുണ്ടാകുമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. മറ്റുള്ള കമ്പനികള്‍ അവ വാങ്ങുമ്പോള്‍ ഏത് രാജ്യത്താണ് അതിന്റെ ഉല്‍പാദനം, ഏത് കര്‍ഷകനാണ് അത് കൃഷി ചെയ്തത്, കൃഷിക്കാരന്റെ വീട്ടിലുള്ള അംഗങ്ങളെത്ര, അവരുടെയൊക്കെ വരുമാനത്തിലുണ്ടായ മാറ്റം, കൃഷിയില്‍ നടപ്പാക്കിയിട്ടുള്ള ഗുഡ് പ്രാക്ടീസസ് തുടങ്ങിയ 90 ഓളം എന്‍വിറോണ്‍മെന്റല്‍, സോഷ്യല്‍ ആന്റ് എക്കണോമിക് ഇന്‍ഡിക്കേറ്റേഴ്‌സ് അതില്‍ നിന്നും ലഭിക്കും. ഈയൊരു വ്യത്യസ്തതയിലൂടെ മാത്രം ഉപഭോക്തൃനിര വിപുലീകരിക്കാനും മികച്ച പ്രൈസ് നേടിയെടുക്കാനും ഒലാമിന് സാധിച്ചു. ഇത്തരത്തില്‍ വേറിട്ട് നില്‍ക്കുകയും വ്യത്യസ്തത പുലര്‍ത്തുകയുമാണെങ്കില്‍ മാത്രമേ ഒരു സംരംഭത്തിന് സ്ഥിരമായ വളര്‍ച്ച നേടാനാകൂ.

ബെസ്റ്റ് പ്രാക്ടീസസ് പിന്തുടരുക

ഓരോ ഇന്‍ഡസ്ട്രിയിലെയും ബെസ്റ്റ് പ്രാക്ടീസസ് സ്വന്തം സംരംഭത്തില്‍ നടപ്പാക്കുന്നത് ഒരിക്കലും ഒഴിവാക്കാതിരിക്കുക. വിപണിയെക്കാള്‍ വേഗത്തില്‍ വളരണമെങ്കില്‍ ബെസ്റ്റ് പ്രാക്ടീസസില്‍ നിന്നും വീണ്ടും മുന്നോട്ട് പോകണം. അതിന് സ്വന്തമായി കൂടുതല്‍ ബെസ്റ്റ് പ്രാക്ടീസസ് കണ്ടെത്തി നടപ്പാക്കണം. അവയൊക്കെ എല്ലാ കമ്പനികള്‍ക്കുമുള്ളതാവില്ല മറിച്ച് നിങ്ങളുടെ കമ്പനിക്ക് മാത്രമായുള്ള ഒരു ക്വാളിറ്റിയായിരിക്കും.

ഇന്‍സൈറ്റ് വികസിപ്പിക്കുക

നമുക്ക് ലഭിക്കുന്ന ഓരോ ഇന്‍ഫര്‍മേഷനെയും നോളഡ്ജിനെയും ഡാറ്റയെയുമൊക്കെ ഇന്‍സൈറ്റായി വികസിപ്പിക്കണം. അതുണ്ടായില്ലെങ്കില്‍ അത്തരം അറിവുകളൊക്കെ വെറുതെ പാഴായിപ്പോകും. ഇങ്ങനെ ലഭിക്കുന്ന ഇന്‍സൈറ്റിനെ ഉല്‍പന്ന വികസനം, വിപണനം തുടങ്ങിയ മേഖലകളിലൊക്കെ വിനിയോഗിക്കുന്നതിലൂടെ മികച്ച വളര്‍ച്ചക്കുള്ള വഴിതുറക്കുന്നതാണ്.

ഓര്‍ഗനൈസേഷന്റെ ആരോഗ്യം മെച്ചപ്പെടുത്തുക

ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതിന് എല്ലാ വിധത്തിലും സജ്ജരാക്കിത്തീര്‍ക്കുകയും അവരുടെ തൊഴില്‍ എറ്റവും കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനാവശ്യമായ ടൂള്‍സ് ആന്റ് ഫെസിലിറ്റീസ് നല്‍കുകയും വേണം. ജോലി തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള അമിതമായ ബ്യൂറോക്രാറ്റിക് ഇടപെടലുകള്‍ ഒഴിവാക്കുകയും വൃത്തിയുള്ളതും ആഹ്ലാദകരവുമായൊരു പ്രവര്‍ത്തനാന്തരീക്ഷം സജ്ജമാക്കുകയും ചെയ്യണം. അതോടൊപ്പം ആകര്‍ഷകമായ വേതന നിലവാരം സംരംഭത്തില്‍ നടപ്പാക്കണം. ഇവയൊക്കെ ചെയ്യുകയാണെങ്കില്‍ ഉല്‍പാദനക്ഷമത 70 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാനാകും.

ജീവനക്കാര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുകയും നൈപുണ്യ വികസനത്തിനുള്ള അവസരമൊരുക്കുകയും അവരുടെ സംഭാവനകളെ അംഗീകരിക്കുകയും മെച്ചപ്പെട്ട ടീം അവബോധം അവരില്‍ സൃഷ്ടിക്കുകയും ചെയ്യണം. ഇത്തരം നടപടികള്‍ ജീവനക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കുമെന്ന് മാത്രമല്ല ഉല്‍പാദനക്ഷമത ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കാനും അത് സഹായിക്കും. ഒരു ജീവനക്കാരന് സ്വയം മാറാനും കമ്പനിയെയും ഇന്‍ഡസ്ട്രിയെയും മാറ്റുന്നതിനും ലോകത്തെ തന്നെ മാറ്റിമറിക്കുന്നതിനും സാധിക്കുമെന്ന് വന്നാല്‍ പിന്നീടൊരിക്കലും അവരെ പ്രചോദിപ്പിക്കേണ്ട ആവശ്യമുണ്ടാകില്ല.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it