സംരംഭകരേ, നിങ്ങള്‍ക്കുണ്ട് ചില അവകാശങ്ങള്‍!

സന്തോഷ് നായര്‍

സ്വന്തം സംരംഭങ്ങള്‍ തുടങ്ങുന്നവരോട് ചോദിച്ചുനോക്കൂ, എന്താണ് അവരുടെ ലക്ഷ്യം? നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുകയാണോ? പുറമെനിന്ന് നോക്കുന്നവര്‍ക്ക് അങ്ങനെ തോന്നിയേക്കാമെങ്കിലും അതല്ല, ശരി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദാഹമാണ് ഭൂരിഭാഗം ആളുകളെയും സംരംഭകനാകാന്‍ പ്രേരിപ്പിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ അതിന്റെ ഒരു ഭാഗം മാത്രമാണ്.

സംരംഭകന് മേലധികാരിയോട് ഉത്തരം പറയേണ്ടതില്ല, സ്വന്തം നിബന്ധനകള്‍ക്ക് അനുസരിച്ച് ജോലി ചെയ്യാം, തന്റെ സൃഷ്ടിപരമായ കഴിവുകള്‍ വിനിയോഗിക്കാം. ഇതിനെല്ലാമപ്പുറം തന്റെ സ്വപ്നങ്ങള്‍ക്ക് അനുസൃതമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാം; മാത്രമല്ല മികച്ച വിജയം തേടിയ ഒരു സംരംഭകന് ഒട്ടേറെ ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും തന്റെ സംരംഭത്തിലൂടെ അനശ്വരനാകാനും കഴിയും. എന്നാല്‍ എല്ലാ സംരംഭകര്‍ക്കും ഇത്തരത്തില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാതെ പോകുന്നതെന്താണ്? തനിക്കുള്ള യഥാര്‍ത്ഥ അവകാശങ്ങള്‍ തിരിച്ചറിയാനും അവ വേണ്ടവിധം ഉപയോഗപ്പെടുത്താനും പലര്‍ക്കും കഴിയാതെ പോകുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു സംരംഭകന്‍ നിശ്ചയമായും ഉപയോഗപ്പെടുത്തേണ്ട 10 അവകാശങ്ങളുണ്ട്.

Right to De-Stress

ഒരു സ്ഥാപനത്തിന്റെ നടത്തിപ്പില്‍ ഒട്ടേറെ ജോലികള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഇവയില്‍ ചിലത് സംരംഭകന്റെ ഊര്‍ജം ചോര്‍ത്തിക്കളയുന്നതും മനഃക്ലേശവും ഉല്‍ക്കണ്ഠയും ഉണ്ടാക്കുന്നതുമാകാം. മറ്റ് ചിലതാകട്ടെ ഉല്‍സാഹഭരിതനാക്കുന്നതും ഊര്‍ജവും നവോന്മേഷവും പകരുന്നതുമായിരിക്കും. എന്തൊക്കെ സ്വയം ചെയ്യണം, എന്തെല്ലാം മറ്റുള്ളവരെ ഏല്‍പ്പിക്കണം എന്നുള്ളത് സംരംഭകന്റെ തീരുമാനമാണ്. മറ്റാരെയും ഏല്‍പ്പിക്കാന്‍ പറ്റാത്തതും ഉന്മേഷഭരിതവുമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നാനുള്ള സ്വാതന്ത്ര്യം സംരംഭകനുണ്ട്. ഉദാഹരണത്തിന് എല്ലാ ഔദ്യോഗിക ഇ-മെയ്‌ലുകളും നോക്കി സമയം കളയുന്നതെന്തിന്. സമര്‍ത്ഥയായ ഒരു സെക്രട്ടറിയുെണ്ടങ്കില്‍ ഏറ്റവും പ്രാധാന്യമുള്ളതുമാത്രം നേരിട്ടു കണ്ടാല്‍ മതിയാകും

Right to My Time

തുടക്കത്തില്‍ ഒരു സംരംഭകന് ഒട്ടേറെ കാര്യങ്ങള്‍ സ്വയം ചെയ്യേണ്ടതായി വരും. സംരംഭം വളരുന്നതോടെ ചെയ്യേണ്ട കാര്യങ്ങളുടെ വ്യാപ്തി വര്‍ധിക്കും. അവ സംരംഭകന്റെ ഒട്ടേറെ സമയം അപഹരിക്കും. മറ്റുള്ളവര്‍ക്കും ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കിലും സംരംഭത്തോടുള്ള അര്‍പ്പണബുദ്ധി കാരണം സ്വയം ഇവയെല്ലാം തുടര്‍ന്നും ചെയ്യാനായിരിക്കും ശ്രമം. ക്രമേണ അയാള്‍ ഒരു മണല്‍ച്ചുഴിപോലെ അനന്തമായ കെണിയില്‍ അകപ്പെട്ടുപോകുന്നു. സമയത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടമാകുകയും സ്വന്തം ആവശ്യങ്ങള്‍ക്കോ, കുടുംബത്തിനോ, എന്തിന് സ്ഥാപനത്തിനുവേണ്ടിപോലും സമയമില്ലാതായിത്തീരുകയും ചെയ്യുന്നു.

എന്നാല്‍ ഓരോ സംരംഭകനും താന്‍ ആഗ്രഹിക്കുന്നതുപോലെ സമയം ചെലവഴിക്കാനുള്ള അവകാശമുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. തന്റെ ബുദ്ധിസാമര്‍ത്ഥ്യവും അനുഭവപരിചയവും ആവശ്യമായിട്ടുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് സംരംഭകന്‍ സമയം ചെലവഴിക്കേണ്ടത്. സ്ഥാപനത്തിന്റെ മികച്ച ഭാവിയേയും വളര്‍ച്ചയേയും സഹായിക്കുന്ന തന്ത്രപരമായ നീക്കങ്ങള്‍ക്കായി സമയം കൂടിയേ തീരൂ. എവിടെയെല്ലാം വിപണി വ്യാപിപ്പിക്കണം, ഏതെല്ലാം മേഖലകളിലേക്ക് വൈവിധ്യവല്‍ക്കരിക്കണം, ഏതെല്ലാം പുതിയ അവസരങ്ങള്‍ കണ്ടെത്തണം, ഉപയോഗപ്പെടുത്തണം എന്നെല്ലാം ചിന്തിക്കണമെങ്കില്‍ സംരംഭകന്‍ ദൈനംദിന സങ്കീര്‍ണതകളില്‍ നിന്നും ഒഴിഞ്ഞുനിന്ന് സ്വസ്ഥമായി ചിന്തിക്കാന്‍ സമയം കെണ്ടത്തണം. മനസിന് നവോന്മേഷം പകരുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ 18 മണിക്കൂര്‍കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ വെറും നാല് മണിക്കൂര്‍കൊണ്ട് ചെയ്യാന്‍ കഴിയും. ഇങ്ങനെ സാധാരണ കാര്യങ്ങള്‍ ഒഴിവാക്കി സമയം ഏറ്റവും ഫലപ്രദമായ വലിയ കാര്യങ്ങള്‍ക്കായി ചെലവഴിക്കുക എന്നത് ഒരു സംരംഭകന്റെ അവകാശമാണ്.

Right to Wealth

തനിക്ക് ചെയ്യാന്‍ ഏറ്റവും ഇഷ്ടവും കഴിവുമുള്ള കാര്യം ഏറ്റവും മികച്ച രീതിയില്‍ ചെയ്തുകൊണ്ട് സമ്പത്ത് ആര്‍ജിക്കാനുള്ള അവകാശം ഒരു സംരംഭകനുണ്ട്. നാം നാല് തരത്തിലുള്ള കാര്യങ്ങളാണ് സാധാരണ ചെയ്യാറുള്ളത്.

i) ചെയ്യാന്‍ യാതൊരു കഴിവുമില്ലെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ടുമാത്രം ചെയ്യുന്ന കാര്യങ്ങള്‍

ii) രണ്ടാമത്തെ ഗണത്തില്‍പെടുന്ന കാര്യങ്ങളില്‍ പ്രത്യേക സാമര്‍ത്ഥ്യമൊന്നു മുണ്ടാകില്ല. ആവര്‍ത്തിച്ച് ശ്രമിക്കുന്നതുകൊണ്ടും ശീലംകൊണ്ടും മാത്രം ചെയ്യുന്ന ഇക്കാര്യങ്ങളില്‍ അസാമാന്യമായ ഫലങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ല.

iii) ഒരുവന് വളരെ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നത്. എന്നാല്‍ അവ ഏറ്റവുമധികം താല്‍പ്പര്യമുള്ളവ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന് വില്‍പ്പനരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും സന്തോഷം പകരുന്നത് ഒരു ട്രെയ്‌നര്‍ എന്ന നിലയില്‍ ഒട്ടേറെ ആളുകളോട് സംവദിക്കുന്നതും അവരെ തങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ പ്രാപ്തരാക്കുന്നതുമാണ്.

iv) ഓരോ വ്യക്തിയിലും അവര്‍ക്ക് ഏറ്റവുമധികം മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന അനന്യമായ കഴിവ് അന്തര്‍ലീനമായിട്ടുണ്ട്. അത് കണ്ടെത്തി പ്രയോജനപ്പെടു ത്തുമ്പോള്‍ അല്‍ഭുതകരമായ ഫലങ്ങളുണ്ടാകുന്നു. ഉദാഹരണത്തിന് സംഗീതത്തില്‍ എ.ആര്‍ റഹ്മാന്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിക്കുന്നു. എന്നാല്‍ സ്റ്റുഡിയോ മാനേജ് ചെയ്യുന്നതിലോ അതിന്റെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലോ അദ്ദേഹം വെറും ശരാശരിയോ അതില്‍ താഴെയോ ആയിരിക്കാം.

നിങ്ങള്‍ മോശമോ ശരാശരിയോ ആയിട്ടുള്ള മേഖലകളില്‍ അതില്‍ കഴിവുള്ളവരെ നിയമിക്കാം. നിങ്ങള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും മറ്റുള്ളവരെ ഏല്‍പ്പിച്ച് നിങ്ങള്‍ക്ക് അനന്യമായ കഴിവുള്ള മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നിങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി വന്‍തോതില്‍ സമ്പത്ത് സൃഷ്ടിക്കുവാന്‍ കഴിയും.

Right to Focus

ദൈനംദിന സങ്കീര്‍ണതകളുടെ നടുവിലും പ്രധാന ലക്ഷ്യത്തിലും ചുമതലകളിലും ബന്ധങ്ങളിലും മുന്‍ഗണനകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു സംരംഭകനുള്ള അവകാശമാണിത്. സംരംഭ ജീവിതത്തിന്റെ സങ്കീര്‍ണതകളുടെ നടുവില്‍ ആരോഗ്യം, വ്യക്തിജീവിതം, കുടുംബജീവിതം എന്നിവയെല്ലാം വിസ്മരിച്ച് യാന്ത്രികജീവിതം നയിക്കുന്നവരായി മാറുന്ന സംരംഭകരുണ്ട്. എന്നാല്‍ താന്‍ മൂല്യം കല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഏതോ അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

Right to Strategize

അതിരുകളില്ലാത്ത വളര്‍ച്ച നേടിയെടുക്കാനായി വ്യക്തമായ ആസൂത്രണത്തോടെ എല്ലാ വിഭവങ്ങളും തന്ത്രപരമായി ക്രമീകരിക്കാനുള്ള അവകാശം സംരംഭകനുണ്ട്. കഴിഞ്ഞ 20-30 വര്‍ഷങ്ങളായി ബിസിനസ് നടത്തുന്ന സംരംഭകരില്‍ പലരും അവരെ വിസ്മയാവഹമായ വളര്‍ച്ചയിലേക്കെത്തിക്കുന്ന ശരിയായ നീക്കങ്ങള്‍ തിരിച്ചറിയാന്‍ ഇന്നും കഷ്ടപ്പെടുകയാണ്. ശരിയായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചില്ലെങ്കിലും കഠിനപരിശ്രമത്തിലൂടെ സംരംഭം പുരോഗമിച്ചു എന്നുവരാം. എന്നാല്‍ അഭൂതപൂര്‍വമായ വളര്‍ച്ച നേടണമെങ്കില്‍ ശരിയായ തന്ത്രങ്ങള്‍ക്കൊത്ത് നീങ്ങണം.

Right to Attract

മികച്ച ഭാവിയിലേക്ക് നയിക്കുന്ന ഫലപ്രദമായ ബന്ധങ്ങള്‍, വിഭവങ്ങള്‍, സാഹചര്യങ്ങള്‍, പങ്കാളിത്തങ്ങള്‍ എന്നിവ ആകര്‍ഷിക്കാനുള്ള അവകാശം സംരംഭകനുണ്ട്. ശമ്പളക്കാരനായ ഒരാള്‍ക്ക് തന്റെ ജോലി സാഹചര്യങ്ങളോടും സഹപ്രവര്‍ത്തകരോടുമെല്ലാം ഒത്തുപോകേതുണ്ട്്. എന്നാല്‍ ഒരു സംരംഭകന് ആരോടെല്ലാം ഒത്തുപോകണം ഏതെല്ലാം സാഹചര്യങ്ങളില്‍ ഭാഗഭാക്കുകളാകണം എന്നൊക്കെ സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ട്. ഇവയൊന്നും മറ്റാരും അടിച്ചേല്‍പ്പിക്കുകയില്ല. ഈ അവകാശം തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുകയാണ് പ്രധാനം.

Right to Thrive

ഉന്നത അഭിലാഷങ്ങളുടെ കുറ്റബോധമൊന്നുമില്ലാതെ ഉയര്‍ന്ന തോതില്‍ വിജയവും സമ്പത്തും മറ്റ് നേട്ടങ്ങളുമെല്ലാം ആസ്വദിക്കാനും സംരംഭകനെന്ന നിലയില്‍ ഉന്നതിയിലെത്താനുമുള്ള അവകാശമാണിത്. സംരംഭം വിജയകരമായി മുന്നേറുമ്പോള്‍ സംരംഭകര്‍ക്ക് ചിലപ്പോള്‍ കുറ്റബോധം തോന്നിയേക്കാം - വിജയത്തിലേക്കുള്ള പ്രയാണം തന്റെ ആരോഗ്യം കവര്‍ന്നെടുത്തു, പ്രിയപ്പെട്ടവരില്‍ നിന്നും അകറ്റി, വര്‍ധിച്ച ഉത്തരവാദിത്തങ്ങളുടെ ഭാരം പേറേണ്ടിവരുന്നു എന്നൊക്കെ തോന്നാം. എന്നാല്‍ ഒരു സംരംഭത്തിന്റെ യഥാര്‍ത്ഥ സത്ത കൂടുതല്‍ കൂടുതല്‍ വിജയം നേടുന്നതില്‍ മാത്രമല്ല, കുറ്റബോധമില്ലാതെ അത് ആസ്വദിക്കുന്നതിലും സംരംഭകനെന്ന നിലയില്‍ അഭിവൃദ്ധി നേടുന്നതിലുമാണിരിക്കുന്നത്.

Right for a Cause

മഹത്തായ ഒരു ലക്ഷ്യത്തിനായി നിലകൊള്ളുക. നിങ്ങളേക്കാള്‍ വലുതായ ഒരു

നിയോഗത്തിലൂടെ നിങ്ങളുടെ ജീവിതംകൊണ്ട് ഈ ലോകത്തെ ധന്യമാക്കുക. ഒരുപക്ഷേ 40 മനുഷ്യായുസ്സുകൊുമാത്രം യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് ഒരു ആദര്‍ശപുരുഷനായിത്തീരുക.

ബാബാ ആംതെയുടെ നിയോഗം കുഷ്ഠരോഗികളുടെ സൗഖ്യമായിരുന്നു. ഗാന്ധിജിക്കാകട്ടെ അത് ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. പല തലമുറകള്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിലൂടെ ഒരു സംരംഭകന്‍ ഈ ലോകത്തെ മെച്ചപ്പെട്ട ഒരിടമാക്കി മാറ്റുകയാണ്. അത് ഓരോ സംരംഭകന്റെയും അവകാശമാണ്.

Right to a Better Tomorrow

ഒരു സംരംഭകന്‍ 10 കോടിയിലേക്കെത്താന്‍ 20 വര്‍ഷമെടുത്തു എന്നു വരാം. എന്നാല്‍ 20 കോടിയിലേക്കെത്താന്‍ അടുത്ത 20 വര്‍ഷമെടുക്കും എന്ന് ഇതിനര്‍ത്ഥമില്ല. സമര്‍ത്ഥമായ ആസൂത്രണത്തിലൂടെ മുന്‍കാലത്തേക്കാള്‍ പതിന്മടങ്ങ് ശോഭനമായ ഭാവി ആര്‍ജിക്കാനുള്ള അവകാശം സംരംഭകനുണ്ട്. ടാറ്റയും ബിര്‍ളയും റിലയന്‍സും വിപ്രോയും മൈക്രോസോഫ്റ്റുമൊക്കെ ആഴ്ചതോറും, മാസംതോറും ത്രൈമാസമായും വാര്‍ഷികമായുമൊക്കെ വളര്‍ച്ച കൈവരിക്കുന്നത് ഇങ്ങനെയുള്ള ആസൂത്രണത്തിലൂടെയാണ്.

Right from Commoditization

അതിരൂക്ഷ്മായ വില യുദ്ധം ഇന്ന് വിപണിയിലെ യാഥാര്‍ത്ഥ്യമാണ്.

നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കാന്‍ എതിരാളികള്‍ തയാറാകുമ്പോള്‍ വീണ്ടും വില കുറച്ച് നിങ്ങള്‍ക്ക് വിജയിക്കാനാവില്ല. ഈ വില യുദ്ധത്തിന് അതീതരായിത്തീരുക മാത്രമാണ് മാര്‍ഗം. അതിനായി മറ്റാരും നല്‍കാത്ത മൂല്യം നിങ്ങളുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ ഉണ്ടായേ തീരൂ; മറ്റുള്ളവയില്‍ നിന്നെല്ലാം ഒരുപടി ഉയരത്തില്‍ നിര്‍ത്തുന്ന അനന്യത. അങ്ങനെ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വര്‍ധിത മൂല്യവും അനുഭവവും സൃഷ്ടിച്ചുകൊണ്ട് വിപണിയിലെ എതിരാളികളേക്കാള്‍ കൂടിയ വിലയില്‍ അവ വില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

(മോട്ടിവേഷണല്‍ സ്പീക്കറും സംരംഭക പരിശീലകരിലൊരാളുമായ സന്തോഷ് നായരുടെ, 'എന്‍ട്രപ്രണര്‍ഷിപ്പ് ഗുരുകുല്‍' എന്ന പരിശീലന പരിപാടിയെ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോര്‍ട്ട്. 2014 ഓഗസ്റ്റ് 31ല്‍ ധനത്തില്‍ പ്രസിദ്ധീകരിച്ചത്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it