ബിസിനസ് വളര്‍ത്താന്‍ 'അരവിന്ദി'നെ കണ്ടുപഠിക്കാം

തമിഴ്‌നാട്ടിലെ വിശ്വപ്രസിദ്ധ ക്ഷേത്രനഗരിയായ മധുര ഇന്ത്യയുടെ കണ്ണ് ശസ്ത്രക്രിയ തലസ്ഥാനം കൂടിയാണ്. അവിടെയാണ് അരവിന്ദ് ഐ കെയര്‍ സിസ്റ്റത്തിന്റെ ആസ്ഥാനം. എവിടെയും പരസ്യം നല്‍കാത്ത അരവിന്ദ് കണ്ണാശുപത്രിയില്‍ വരുമാന സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാതെ തന്നെ പാവങ്ങളെ സൗജന്യമായി ചികിത്സിക്കുന്നു. ചികിത്സാ ചെലവ് താങ്ങാവുന്നവരില്‍ വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്. സൗജന്യമായി ചികിത്സിക്കുന്നവര്‍ക്കും പണം നല്‍കുന്നവര്‍ക്കും നല്‍കുന്നത് ലോകോത്തര നിലവാരമുള്ള ആരോഗ്യപരിരക്ഷ. എന്നിട്ടും മറ്റു ചാരിറ്റി പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംഭാവനകളുടെ പിന്‍ബലത്തിന് അപ്പുറമായി സ്വന്തം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ വളര്‍ച്ച നേടി അരവിന്ദ് മുന്നേറുന്നു.


വിശ്വപ്രസിദ്ധ തത്വചിന്തകന്‍ ശ്രീ അരബിന്ദോയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന അരവിന്ദ് അതുല്യമായൊരു ബിസിനസ് മോഡലാണ്. ഒഫ്താല്‍മിക് സര്‍ജനായിരുന്ന ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി 1976ല്‍ പതിനൊന്ന് കിടക്കളോടെ തുടക്കമിട്ട ഈ പ്രസ്ഥാനം 2016 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് ചെയ്തിരിക്കുന്നത് 59 ലക്ഷം ശസ്ത്രക്രിയകളും ലേസര്‍ ചികിത്സയുമാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നാല് ലക്ഷത്തിനുമേല്‍ ശസ്ത്രക്രിയകള്‍ ചെയ്തു. മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ലെന്‍സും മറ്റും സ്വന്തം ഫാക്റ്ററിയിലാണ് നിര്‍മിക്കുന്നത്.

അനന്യമായ വാല്യു സിസ്റ്റം

അരവിന്ദിന്റെ ബിസിനസ് മോഡലിന്റെ അനന്യത അവര്‍ മുറുകെ പിടിക്കുന്ന മൂല്യങ്ങളാണ്. ചികിത്സാ രംഗത്തെ മികവും പ്രോസസും ആര്‍ക്ക് വേണമെങ്കിലും അനുകരിക്കാം. പക്ഷേ മൂല്യങ്ങള്‍ അത്ര പെട്ടെന്ന് മറ്റൊരാള്‍ക്ക് അനുകരിക്കാനാകില്ല. ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്കും പോലും കാഴ്ച ശക്തി നല്‍കണമെന്ന ഉറച്ച ലക്ഷ്യമാണ് അരവിന്ദിനുള്ളത്. ഈ ലക്ഷ്യം നേടാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നാണ് എപ്പോഴും അന്വേഷണം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം 58ാം വയസില്‍ ഡോ. വി എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോവിന്ദപ്പ വെങ്കടസ്വാമി ആശുപത്രി സ്ഥാപിച്ചതു തന്നെ പാവപ്പെട്ടവരെ സേവിക്കാനാണ്. മഹത്തായ ലക്ഷ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനു പിന്തുണയേകി ഹാര്‍വാഡില്‍ നിന്ന് പഠിച്ചിറങ്ങിയ സഹോദരിയും ഭര്‍ത്താവും കൂടെ നിന്നു. നിസ്വാര്‍ത്ഥമായി ജോലി ചെയ്യാന്‍ മനസുള്ള കുടുംബാംഗങ്ങള്‍ കൂടി പിന്നീട് പ്രസ്ഥാനത്തില്‍ വന്നു.

പണം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചികിത്സ ലഭ്യമാക്കി സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും കാര്യക്ഷമത കൂട്ടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്താണ് അരവിന്ദ് മുന്നേറിയത്.

കുറഞ്ഞ മനുഷ്യ വിഭവശേഷിയില്‍ നിന്ന് മഹാത്ഭുതം ഒരു ഒഫ്താല്‍മോളജിസ്റ്റ് പ്രതിവര്‍ഷം നടത്തുന്ന ശസ്ത്രക്രിയയുടെ ദേശീയ ശരാശരി 400 ആണെങ്കില്‍ അരവിന്ദില്‍ അത് 2000 ആണ്. ഏറ്റവും സാധാരണക്കാരായ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കി കഴിവുറ്റ പാരമെഡിക്കല്‍ ജീവനക്കാരെ വാര്‍ത്തെടുത്ത അരവിന്ദ്, വിദഗ്ധ ഡോക്റ്റര്‍മാരെ അവരുടെ വൈദഗ്ധ്യം അവശ്യമായ മേഖലയില്‍ പരമാവധി വിനിയോഗിച്ചു. ഇങ്ങനെയാണ് മനുഷ്യവിഭവശേഷിയിലെ പരിമിതി അവര്‍ മറികടന്നത്.

ഇന്നവേഷന്‍

ഏറ്റവും മികച്ച ചികിത്സ ചുരുങ്ങിയ ചെലവില്‍ ലക്ഷ്യമാക്കാനുള്ള അന്വേഷണമാണ് അരവിന്ദിന്റെ പുതുമകളുടെ പിറവിക്ക് പി്ന്നില്‍. ടെലിമെഡിസിന്‍ പോലുള്ള ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സാറ്റലൈറ്റ് സെന്ററുകള്‍ സ്ഥാപിച്ച്, അതിനെ ബേസ് ഹോസ്പിറ്റലുമായി ക്ലൗഡ് കംപ്യൂട്ടിംഗ് വഴി ബന്ധിപ്പിച്ചു. രോഗികള്‍ക്ക് ഒറ്റവരവില്‍ തന്നെ രോഗനിര്‍ണയം നടത്തി ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അതിനുള്ള തിയതിയും തീരുമാനിച്ച് മടങ്ങാം.

കണ്ണട ഉപയോഗിച്ചാല്‍ മതിയെങ്കില്‍ അതും ലഭിക്കും. കണ്ണ് പരിശോധനയ്ക്ക് 20 രൂപയാണ് അരവിന്ദ് ഈടാക്കുന്നത്. സ്വന്തമായി ലെന്‍സ് നിര്‍മാണം ആരംഭിച്ചതാണ് അരവിന്ദിന്റെ വളര്‍ച്ചയിലെ നാഴികക്കല്ല്. ഇതോടെ ലെന്‍സിന്റെ ചെലവ് കുറയുകയും ആഗോളതലത്തിലേക്ക് ലെന്‍സ് കയറ്റുമതി ചെയ്തു വരുമാനവും വര്‍ധിച്ചു. വരുമാനത്തില്‍ വലിയൊരു ഭാഗം പുനര്‍നിക്ഷേപത്തിന് തന്നെ മാറ്റിവെയ്ക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ച്ചേര്‍ത്ത് പ്രവര്‍ത്തനം വിപുലീകരിച്ചപ്പോള്‍ കുറഞ്ഞ കാലം കൊണ്ടു നേട്ടം കിട്ടിത്തുടങ്ങി. അരവിന്ദ് ഐ കെയര്‍ സിസ്റ്റം പ്രാവര്‍ത്തികമാക്കുന്ന ഇക്കാര്യങ്ങള്‍ എവിടെയും ആവര്‍ത്തിക്കാനാകും.


അരവിന്ദ് ഇങ്ങനെ വ്യത്യസ്തമാകുന്നു

* ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്കും പോലും കാഴ്ച ശക്തി നഷ്ടമാകരുതെന്ന ഉറച്ച ലക്ഷ്യം

* മനുഷ്യവിഭവ ശേഷിയുടെ പരിമിതി മറികടക്കാന്‍ സ്വന്തമായൊരു ശൈലി വികസിപ്പിച്ചെടുത്തു. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സവിശേഷമായ മോഡല്‍

* അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ സേവനം ജനങ്ങളുടെ അരികിലേക്ക് ഏറ്റവും ചുരുങ്ങിയ ചെലവില്‍ എത്തിച്ചു

* സൗജന്യമായി ചികിത്സിക്കുന്നവര്‍ക്കും പണം നല്‍കുന്നവര്‍ക്കും ഒരേ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ ഇരുവിഭാഗങ്ങളിലും കൃത്യമായ ഇടവേളയില്‍ മാറ്റി നിയമിക്കുന്നു

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it