തിലക് മെഹ്ത, വയസ്സ് 13; മുംബൈയിൽ 200 പേർക്ക് ജോലി നൽകുന്ന സംരംഭകൻ 

മറ്റേതൊരു കുട്ടികളേയും പോലെ ജോലി കഴിഞ്ഞു അച്ഛൻ വീട്ടിൽ വൈകിയെത്തുന്നതിന് പരാതി പറയുന്ന ഒരു 13 വയസുകാരനാണ് തിലക് മെഹ്തയും.

എന്നാൽ ഈ മുംബൈ പയ്യനെ മറ്റുള്ള കുട്ടികളിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒന്നുണ്ട്. ഇരുന്നൂറോളം പേർക്ക് ജോലി നൽകുന്ന പാർസൽ കമ്പനി.

ഒരിക്കൽ അങ്കിളിന്റെ വീട്ടിൽ നോട്ട് ബുക്ക് മറന്നുവെച്ചപ്പോൾ തലയിലുദിച്ച ഐഡിയ പിന്നീട് മുംബൈ ഡബ്ബാവാലകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പേപ്പർ ആൻഡ് പാർസെൽസ് എന്ന സ്റ്റാർട്ടപ്പ് ആയി വളരുകയായിരുന്നു. ഏകദേശം 300 ഓളം ഡബ്ബാവാലകൾ തിലകിന്റെ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ബുക്ക് മറന്നു വച്ചപ്പോൾ അത് തിരിച്ച് എടുത്തുകൊണ്ട് വരാൻ നിർവാഹമില്ലാതെയായിപ്പോയി. പാർസൽ സേവങ്ങൾ അന്വേഷിച്ചപ്പോൾ അവ വളരെ ചെലവേറിയതാണെന്ന് മനസിലായി. അങ്ങിനെയാണ് ചെലവ് കുറഞ്ഞ ഒരു പാർസൽ സർവീസ് ആരംഭിക്കാൻ ആലോചിച്ചതെന്ന് തിലക് പറയുന്നു. വീട്ടുകാരുടെ ഫുൾ സപ്പോർട്ട്. പിന്നെ ബാങ്ക് ഉദ്യോഗസ്ഥനായ ഘനശ്യാം പരേഖിനെ സിഇഒ ആയി നിയമിച്ചു. ഡബ്ബാവാലകളുടെ പിന്തുണയും നേടി.

പേപ്പർ ആൻഡ് പാർസെൽസ് മൊബീൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന ഒരു സേവനമാണ്. ആപ്പ് ഉണ്ടാക്കാനുള്ള പണം നൽകിയത് അച്ഛനാണ്.

മുംബൈയിലെ ട്രെയിൻ നെറ്റ് വർക്കുകളെ പ്രയോജനപ്പെടുത്തിയാണ് തിലകിന്റെ കമ്പനി പ്രവർത്തിക്കുന്നത്. ലാസ്റ്റ് മൈൽ ഡെലിവറി നടത്തുന്നത് ഡബ്ബാവാലകളും. ഒരു ദിവസം 1200 ഓളം പാർസലുകളാണ് തിലകിന്റെ കമ്പനി കൈകാര്യം ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it