സോഫ്റ്റ്ബാങ്ക്: ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കൺകണ്ട ദൈവം

ജപ്പാനിലെ ശതകോടീശ്വരനായ മസായോഷി സോണിന്റെ സോഫ്റ്റ്ബാങ്കിന് ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളിൾ വലിയ പ്രതീക്ഷയാണ്. ഇങ്ങനെ പറയാൻ കാരണമുണ്ട്. 2014 മുതലുള്ള കണക്ക് നോക്കിയാൽ കമ്പനി ഏകദേശം 59,000 കോടി രൂപയോളം ( 8 ബില്യൺ ഡോളർ) ഇതുവരെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്.
പേടിഎം, ഒലാ, ഓയോ തുടങ്ങി ഇപ്പോൾ ഡൽഹിവെറി വരെ എത്തിനിൽക്കുന്ന സോഫ്റ്റ്ബാങ്കി ന്റെ ഇന്ത്യയിലെ വൻ നിക്ഷേപങ്ങൾക്ക് പിന്നിലെന്താണ്? സോഫ്റ്റ് ബാങ്കിന് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് എന്ന സന്ദേശം മറ്റുള്ള വെൻച്വർ ഫണ്ടുകൾക്ക് നൽകുക എന്നതാണ് ഇതിന് പിന്നിലെ ഒരു ലക്ഷ്യം.
സുമേർ ജുനേജയെ ഇന്ത്യ മേധാവിയായി ഈയിടെയാണ് നിയമിച്ചതും സോഫ്റ്റ് ബാങ്കിന്റെ ഇന്ത്യയിലുള്ള താല്പര്യത്തിന് അടിവരയിടുന്നതാണ്.
10 വർഷം കൊണ്ട് 10 ബില്യൺ ഡോളർ എന്നതാണ് സോഫ്റ്റ് ബാങ്കിന്റെ ഇന്ത്യയിലെ ടാർജറ്റ്. എന്നാൽ അഞ്ച് വർഷം കൊണ്ടുതന്നെ 8 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും നിക്ഷേപം നടത്തിയിരിക്കുന്നതും ഈ ജാപ്പനീസ് ഭീമനാണ്.
തുടക്കത്തിലെ കല്ലുകടി
വളരുന്നു വരുന്ന സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് നൽകുക എന്നതായിരുന്നു കമ്പനിയുടെ ആദ്യ ലക്ഷ്യം. എന്നാൽ ഇത് പിന്നീട് തിരിച്ചടിയായി. തുടർന്ന്, ഇൻമോബി. ഹൗസിംഗ്.കോം. തുടങ്ങിയവയിലെ ഓഹരികൾ കമ്പനി വിറ്റു.
2015 ന്റെ അവസാന പാദത്തിൽ ഇന്ത്യൻ ഓഹരിവിപണി നേരിട്ട ഇടിവ് ടൈഗർ ഗ്ലോബൽ പോലുള്ള ഫണ്ടുകളെ നിക്ഷേപം പിൻവലിക്കുന്നതിലേക്ക് നയിച്ചെങ്കിലും, സോഫ്റ്റ്ബാങ്ക് ചുവട് മാറ്റാൻ തയ്യാറായിരുന്നില്ല.
പരാജയങ്ങൾ തിരിച്ചടിയാണെങ്കിലും സോഫ്റ്റ് ബാങ്ക് പുതിയ നിക്ഷേപങ്ങളുമായി മുന്നോട്ടു പോയി.
തന്ത്രം മാറ്റി പയറ്റി തിരിച്ചുവരവ്
തങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള സ്റ്റാർട്ടപ്പുകളുടെ പരാജയം തുടർക്കഥയായപ്പോൾ, ഏർലി-സ്റ്റേജ് ഫണ്ടിംഗ് എന്ന നയം മാറ്റി, പക്വതയെത്തിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. യൂണികോൺ കമ്പനികളിലാണ് ഇപ്പോൾ ശ്രദ്ധ.
സോഫ്റ്റ് ബാങ്കിന്റെ ഇതുവരെയുള്ള നിക്ഷേപം
കമ്പനി നിക്ഷേപം (ഡോളറിൽ)
- പേടിഎം - 1.5 ബില്യൺ
- ഒലാ ക്യാബ്‌സ് -1 ബില്യൺ
- സ്നാപ്പ് ഡീൽ -900 മില്യൺ
- ഓയോ റൂംസ് -800 മില്യൺ
- പോളിസി ബസാർ -200 മില്യൺ
- ഗ്രോഫേർസ് -65 മില്യൺ
ഇതുകൂടാതെ, ഇ-കോമേഴ്‌സ് രംഗത്തെ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയിൽ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് സോഫ്റ്റ് ബാങ്ക് ഇപ്പോൾ. 450 മില്യൺ ഡോളർ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഓൺലൈൻ ഫുഡ് ഡെലിവറി സർവീസ് ആയ സ്വിഗ്ഗിയിലും നിക്ഷേപം നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സോഫ്റ്റ് ബാങ്കിന്റെ പുതിയ ഇന്ത്യ മേധാവിയായ സുമേർ ജുനേജ മുൻപ് സ്വിഗ്ഗിയുടെ ബോർഡ് അംഗമായിരുന്നത് കരാർ എളുപ്പത്തിലാക്കുമെന്ന് കരുതുന്നു.
അടുത്തതായി ചർച്ച നടക്കുന്നത് ഫസ്റ്റ് ക്രൈ എന്ന സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നതിന് വേണ്ടിയാണ്. ചർച്ചകൾ വിജയിച്ചാൽ 200 മില്യൺ ഡോളറാണ് ഇവിടെ നിക്ഷേപിക്കുക.
ഫണ്ടിംഗ് കരാറുകളിൽ വർധന
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നിക്ഷേപകർക്ക് മുൻപത്തേക്കാളേറെ ആകർഷകമായിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി-സെപ്റ്റംബർ കാലയളവിൽ 660 സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കരാറുകളാണ് ഒപ്പു വെച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 619 ഡീലുകളാണ് നടന്നത്. ഇക്വിറ്റി ഫണ്ടിംഗ് തുക കഴിഞ്ഞ വർഷത്തെ 10.63 ബില്യൺ ഡോളറിൽ നിന്ന് 9.14 ബില്യൺ ഡോളറിലേക്ക് (14 ശതമാനം കുറവ്) താഴ്ന്നിട്ടുണ്ടെങ്കിലും, ലേറ്റ്-സ്റ്റേജ് ഫണ്ടിംഗ് കൂടി എന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.