' ബൈജൂസ് ആപ്പ് ' കമ്പനിയില്‍ ന്യൂയോര്‍ക്കില്‍ നിന്ന് 200 മില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം

വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റില്‍ നിന്ന് 200 മില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം.
ബെംഗളൂരു ആസ്ഥാനമായ ഈ യൂണികോണിന്റെ മൂല്യം ഇതോടെ 8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഇതോടെ, 2015 ല്‍ സ്ഥാപിതമായ ബൈജുസ് ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പായി മാറി. 16 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നോയിഡ ആസ്ഥാനമായുള്ള പേയ്മെന്റ് കമ്പനിയായ പേടിഎം,10 ബില്യണ്‍ ഡോളര്‍ വരുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി യൂണികോണ്‍ ഒവൈഒ 10 എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഓള്‍ വെഞ്ച്വേഴ്‌സും ചേര്‍ന്ന് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസ്‌കില്ല ചാനും ആരംഭിച്ച വ്യക്തിഗത ഫണ്ടായ ചാന്‍-സക്കര്‍ബര്‍ഗ് ഓര്‍ഗനൈസേഷനില്‍ നിന്നും സെക്വോയ ക്യാപിറ്റല്‍, സോഫിന എസ്എ, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്ണര്‍മാര്‍, ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ് എന്നിവയില്‍ നിന്നും ബൈജുവിന് നിക്ഷേപം ലഭിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. 2011-ലാണ് ബൈജു രവീന്ദ്രന്‍ തിങ്ക് ആന്‍ഡ് ലേണ്‍ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ്പ് പുറത്തിറക്കിയത് 2015-ലും. കമ്പനിയില്‍ 21 ശതമാനം ഓഹരികളാണ് ശതകോടീശ്വര ക്ലബ്ബംഗമായ ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്.രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭമാണിപ്പോള്‍ ബൈജൂസ് ആപ്പ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്‌പോണ്‍സര്‍ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it