ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പില്‍ 788 കോടി നിക്ഷേപം നടത്താന്‍ ഫേസ്ബുക്ക്

ബൈജൂസ് ആപ്പിന്റെ മാതൃകയില്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ വന്‍ നിക്ഷേപത്തിനുള്ള സന്നദ്ധതയറിയിച്ച് ഫേസ്ബുക്ക്. അണ്‍അക്കാഡമി സ്റ്റാര്‍ട്ടപ്പില്‍ 110 ദശലക്ഷം ഡോളര്‍ (788 കോടി രൂപ) നിക്ഷേപിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത് ജനറല്‍ അറ്റ്‌ലാന്റിക്, സെക്വോയ ഇന്ത്യ എന്നിവരുമായി ചേര്‍ന്നാണ്.

ചെറു നഗരങ്ങളിലെ സ്ത്രീ സംരംഭക ശാക്തീകരണത്തിനു പ്രവര്‍ത്തിക്കുന്ന മീഷോ എന്ന സോഷ്യല്‍-കൊമേഴ്‌സ് സംരംഭത്തിനു പിന്നാലെ ഫേസ്ബുക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ് അണ്‍അക്കാഡമി. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെയും ഭാര്യ പ്രിസില്ല ചാനിന്റെയും ഉടമസ്ഥതയിലുളള ചാന്‍- സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് ഉള്‍പ്പടെയുളള വിദേശ നിക്ഷേപകര്‍ നേരത്തെ ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിരുന്നു.

ഫേസ്ബുക്ക് നിക്ഷേപത്തില്‍ സന്തോഷമുണ്ടെന്ന് അണ്‍അക്കാഡമിയുടെ സഹ സ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജല്‍ വ്യക്തമാക്കി. നിക്ഷേപം കൂടുതല്‍ പരീക്ഷാ സഹായ കാറ്റഗറികള്‍ ആരംഭിക്കാനായി ഉപയോഗിക്കും. മികച്ച ഉള്ളടക്കത്തിലൂടെയും ഉല്‍പ്പന്നത്തിലൂടെയും പഠിതാക്കള്‍ക്ക് അസാധാരണമായ പഠന അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ ഫണ്ടിംഗ് ഉപയോഗപ്പെടുത്തും. നിലവില്‍ കമ്പനിക്ക് സഹായം നല്‍കി വന്നിരുന്ന എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരെ ഒഴിവാക്കും.

വിദ്യാഭ്യാസ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പഠിതാക്കള്‍ക്കായി 30 ലധികം പരീക്ഷാ വിഭാഗങ്ങളിലേക്ക് ആക്‌സസ് ഉള്ള തത്സമയ സംവേദനാത്മക ക്ലാസുകള്‍ നല്‍കുന്നതിനുമായി 2015 ലാണ് അണ്‍കാഡമി ആരംഭിച്ചത്, ബൈജൂസ് ആപ്പ് തുടങ്ങി നാലു വര്‍ഷത്തിനു ശേഷം.

ഇപ്പോള്‍ ഈ പ്ലാറ്റ് ഫോമില്‍ പത്തു ലക്ഷത്തിലധികം വീഡിയോകള്‍ ഉണ്ട്. പതിനായിരത്തിലധികം അധ്യാപകരുടെ സേവനമാണ് ഇതിനു വേണ്ടി പ്രയോജനപ്പെടുത്തിയത്.

വിവിധ പരീക്ഷകള്‍ക്കായി 2019 ല്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 90,000 ല്‍ അധികം സജീവ വരിക്കാരുണ്ടായി. 70 ശതമാനം വരിക്കാരും ടയര്‍ -2, ടയര്‍ -3 നഗരങ്ങളില്‍ നിന്നുള്ളവരാണ്. 700 ല്‍ അധികം അധ്യാപകര്‍ അണ്‍അക്കാഡമിയിലൂടെ ദിവസവും ക്ലാസെടുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക വികസനത്തിനും സഖ്യകക്ഷിയായുള്ള പ്രവര്‍ത്തനത്തിലാണ് ഫേസ്ബുക്ക് എന്നും ഇന്ത്യയെക്കുറിച്ചും ഇവിടത്തെ അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് ഇക്കോസിസ്റ്റത്തെക്കുറിച്ചും തങ്ങള്‍ ആവേശത്തിലാണെന്നും ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍ പറഞ്ഞു. 'പുതിയ നിക്ഷേപത്തിലൂടെ, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ്,' -മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it