പരാജയം എങ്ങനെ ഒഴിവാക്കാം, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അഞ്ചു മന്ത്രങ്ങള്‍

90 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒാന്നോ രണ്ടോ പരാജയങ്ങളുണ്ടായിക്കഴിയുമ്പോള്‍ സംരംഭം എന്നത് എനിക്ക് പറ്റിയ പണിയല്ലന്ന് പറഞ്ഞ് പലരും ജോലി തേടി പോകുന്നു. പരാജയം ഒന്നിന്റെയും അവസാനമല്ല, അത് പഠിക്കാനുള്ള ഒരു അവസരമായി മാത്രം കാണുകയാണ് നവസംരംഭകര്‍ ചെയ്യേണ്ടത്. നിങ്ങളുടെ സ്റ്റാര്‍ട്ടപ്പ് പരാജയത്തിലേക്ക് വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില ലളിതമായ കാര്യങ്ങൾ.

1. ഉപഭോക്താവിന്റെ ഷൂ ഇടുക

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉപഭോക്താവിന്റെ ഷൂ ഇട്ട് നടക്കുക എന്നതല്ലെന്ന് നമുക്കറിയാം. ഉപഭോക്താവിന്റെ ചിന്താഗതിയിലേക്കും മനോഭാവത്തിലേക്കും വരുക. സ്വയം ഉപഭോക്താക്കളായി കണ്ട് ചിന്തിക്കുക. ഓഫീസിലിരുന്നുകൊണ്ട് ചിന്തിച്ചാല്‍ അത് നടക്കില്ല. അതിനായി നിങ്ങളുടെ എന്‍ഡ് കസ്റ്റമറുമായി സംസാരിക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. അവരുടെ പ്രതികരണം വിശകലനം ചെയ്ത് അത്തരത്തില്‍ നിങ്ങളുടെ ഉല്‍പ്പത്തിലും സേവനത്തിലുമൊക്കെ മാറ്റങ്ങള്‍ വരുത്തണം.

2. നിങ്ങളെ വേറിട്ടുനിര്‍ത്തുന്നതെന്താണ്?

നിങ്ങളുടെ ഉല്‍പ്പത്തിന് അല്ലെങ്കില്‍ സേവനത്തിന് തനതായ എന്ത് സവിശേഷതയാണ് എടുത്തുകാണിക്കാനുള്ളത്? വിപണിയിലെ മറ്റ് ഉല്‍പ്പന്നങ്ങളെ മാറ്റി നിര്‍ത്തി ഉപഭോക്താവ് എന്തുകൊണ്ട് നിങ്ങളുടേത് വാങ്ങണം? ഈ ചോദ്യങ്ങള്‍ ഓരോ നവസംരംഭകരും സ്വയം ചോദിക്കണം. ഉപഭോക്താവിന്റെ ആവശ്യം മറ്റാരെക്കാളും നന്നായി തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയണം.

3. അമിതാവേശം വേണ്ട

ഒരു മികച്ച ആശയത്താല്‍ പടുത്തയര്‍ത്തപ്പെട്ടവയാണ് പുതുസംരംഭങ്ങള്‍. തന്റെ ആശയത്തില്‍ സംരംഭകന് അതിയായ വിശ്വാസവും അവേശവും ഉണ്ടാകാം. അതു നല്ലതുതന്നെ. എന്നാല്‍ അതിവേഗ വളര്‍ച്ചയ്ക്ക് ആയിരിക്കരുത് സംരംഭകന്‍ ശ്രമിക്കേണ്ടത്. പടിപടിയായി, ശാശ്വതവും സ്ഥിരവുമായ വളര്‍ച്ച ലക്ഷ്യം വെക്കണം. അതിനായി അനുഭവസമ്പന്നരുടെ ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം.

4. മികച്ച ടീം

ഈ മേഖലയില്‍ മികച്ച വൈദഗ്ധ്യമുള്ളവര്‍ തന്നെയാണ് എന്റെ ടീമിലുള്ളതെന്ന് ഓരോ നവസംരംഭകനും പറയാന്‍ കഴിയണം. വ്യക്തികള്‍ കഴിവുള്ളവരായാല്‍ മാത്രം പോര, ഒരുമിച്ചുചേർന്ന് മികച്ച ടീം വര്‍ക്കില്‍ അസാമാന്യമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുള്ളവരായിരിക്കണം. ടീമംഗങ്ങള്‍ക്കെല്ലാം പ്രാധാന്യം ലഭിക്കുന്ന, അവര്‍ക്ക് സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സംരംഭകന്റെ ചുമതലയാണ്.

5. നിങ്ങളുടെ ലീഡര്‍ഷിപ്പ് കഴിവുകള്‍ വളര്‍ത്തുക

ലീഡര്‍ എന്ന നിലയില്‍ ഓരോ നവസംരംഭകനും വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. എല്ലാ സംരംഭകരും ലീഡര്‍ഷിപ്പ് കഴിവുകള്‍ ഉള്ളവരായിരിക്കില്ല. എന്നാല്‍ അത് അവര്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ടീമംഗങ്ങളുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്തുക, അവരെ പ്രചോദിപ്പിക്കുക, ഉത്തരവാദിത്തങ്ങള്‍ വീതിച്ചുകൊടുക്കുക, പ്രതിസന്ധിഘട്ടങ്ങളില്‍ നേതൃത്വം ഏറ്റെടുത്ത് സംരംഭത്തെ നയിക്കുക...തുടങ്ങിയ കഴിവുകള്‍ സംരംഭകന്‍ നേടിയെടുക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it