ക്രൗഡ് ഫണ്ടിംഗ്  വിജയകരമാക്കുന്നതെങ്ങിനെ?  

അഞ്ചു വര്‍ഷം മുന്‍പ് വരെ 'ക്രൗഡ് ഫണ്ടിംഗ്' എന്ന വാക്ക് ഒരു ശരാശരി മലയാളിക്ക് അപരിചിതമായിരുന്നു. എന്നാല്‍ ഇന്ന് നിരവധി സംരംഭങ്ങള്‍ ക്രൗഡ് ഫണ്ടിംഗ് വഴി തങ്ങളുടെ ബിസിനസിനു വേണ്ട ഫണ്ട് കണ്ടെത്താറുണ്ട്.

അപരിചിതരായ ഒരുപാട് പേര്‍ നിങ്ങളുടെ സംരംഭത്തിന് സാമ്പത്തിക സഹായം ചെയ്യാന്‍ മുന്നോട്ട് വരുന്ന ഒരു സാഹചര്യം ഒന്നാലോചിച്ച് നോക്കൂ. അതും, ബാങ്ക് ഗാരന്റിയും കൊളാറ്ററലും ഒന്നുമില്ലാതെ.

സംരംഭങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപരി പഠനത്തിനും പുസ്തകം പ്രസിദ്ധീകരിക്കാനും മ്യൂസിക് ആല്‍ബം വിപണിയിലെത്തിക്കാനുമെല്ലാം ക്രൗഡ് ഫണ്ടിംഗ് സഹായത്തിനെത്തും.

സോഷ്യല്‍ മീഡിയ വഴിയും ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റുഫോമുകള്‍ വഴിയും ഫണ്ട് സമാഹരിക്കാം. ക്രൗഡ് ഫിനാന്‍സിംഗ് വളരെ വിപ്ലവകരമായ ഒരു മാര്‍ഗമാണെന്ന അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്. എന്നാല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള സംഭാവന പോലെയാണ് ഈ സഹായവും എന്ന് തെറ്റിദ്ധരിക്കേണ്ട.

നിങ്ങളുടെ ആശയവും പദ്ധതിയും മികച്ചതാണെങ്കില്‍, അതിനു വേണ്ടി വലിയ തുക തന്നെ മുടക്കാന്‍ ആളുകള്‍ തയാറാകും. വ്യത്യസ്തമായ പ്രോജക്റ്റുകളുടെ ഭാഗമാകാനും അതിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്ക് വഹിക്കാനും താല്‍പ്പര്യമുളളവരാണ് ഇവര്‍.

ക്രൗഡ് ഫണ്ടിംഗ് ഇന്ത്യയില്‍

ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ക്രൗഡ് ഫണ്ടിംഗ് ഏറെയും റിട്ടേണ്‍സ് അധിഷ്ഠിതമാണ്. എന്റര്‍ടെയ്ന്‍മെന്റ് സംരംഭങ്ങള്‍ക്കായി ഫണ്ട് നല്‍കുന്നവരില്‍ പലര്‍ക്കും സ്‌റ്റേജ് ഷോയ്ക്കുള്ള വിഐപി പാസ്, ഓട്ടോഗ്രാഫ് ചെയ്ത ഒപ്പുകള്‍, ആല്‍ബം റിലീസാകും മുന്‍പേതന്നെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള അനുവാദം എന്നിങ്ങനെയുള്ള ഇന്‍സെന്റീവുകളിലായിരിക്കും കൂടുതല്‍ താല്‍പ്പര്യം.

ഇത്തരം റിവാര്‍ഡുകള്‍ നിക്ഷേപകരുടെ ശ്രദ്ധ നിങ്ങളുടെ ആശയത്തിലേക്ക് ആകര്‍ഷിക്കാനും സഹായിക്കും. ലഭിക്കുന്ന തുക ഒരു നിശ്ചിത ശതമാനം പലിശയും ചേര്‍ത്ത് മടക്കി നല്‍ കുന്ന സംരംഭകരുമുണ്ട്.

പ്രോജക്റ്റ് വന്‍ വിജയമായാല്‍ ഒരുവിധത്തിലുമുള്ള ലാഭ വിഹിതം പോലും വാങ്ങാന്‍ വിസമ്മതിക്കുന്ന നിക്ഷേപകരുമുണ്ട്. നിങ്ങളുടെ ആശയം നടപ്പിലാക്കാന്‍ കൂടെ നില്‍ക്കുക എന്നതു മാത്രമാണ് അവരുടെ താല്‍പ്പര്യം.

സഹായത്തിന് ഏജന്‍സികളും

സംരംഭകരും നിക്ഷേപകരും മാത്രമുണ്ടായിരുന്ന ക്രൗഡ് ഫണ്ടിംഗ് രംഗത്ത് ഇപ്പോള്‍ 'പ്ലാറ്റ്‌ഫോം' ആയി ഒട്ടേറെ ഏജന്‍സികളുമുണ്ട്. ഇടനിലക്കാരായി പ്രവര്‍ത്തിച്ച് കൂടുതല്‍ മികച്ച ഫണ്ടുകള്‍ കൂടുതല്‍ ആളുകളില്‍ നിന്ന് സംഘടിപ്പിക്കാന്‍ ഇവര്‍ സഹായിക്കും.

വിഷ്‌ബെറി, ഇന്‍ഡിഗോഗോ, ഇഗ്‌നൈറ്റ് ഇന്റെന്റ്, രംഗ് ദേ എന്നിങ്ങനെ പല കമ്പനികളും ഇന്ന് ഈ രംഗത്ത് സജീവമായുണ്ട്. സംഭരിക്കുന്ന ഫണ്ടിന്റെ 712 ശതമാനം വരെ ഇവര്‍ ഫീസായി ചാര്‍ജ് ചെയ്യും. പ്രോജക്റ്റിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്ന ഈ തേഡ് പാര്‍ട്ടി ഫണ്ട് ട്രാന്‍സ്ഫറിനായി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നീ സൗകര്യങ്ങളും നിക്ഷേപകര്‍ക്ക് നല്‍കുന്നു.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈയില്‍നിന്നു മാത്രം പണം വാങ്ങാന്‍ കഴിയുന്ന സംരംഭ കര്‍ക്ക് കൂടുതല്‍ വിശാലമായ രീതിയില്‍ മൂലധനം സമാഹരിക്കാന്‍ ക്രൗഡ് ഫണ്ടിംഗ് സഹായിക്കും.

ക്രൗഡ് ഫണ്ടിംഗ് വിജയകരമാക്കാന്‍

  • തികച്ചും ഫലപ്രദമായ രീതിയില്‍ ക്രൗഡ് ഫണ്ടിംഗ് ഉപയോഗിക്കാന്‍ ഒരു മികച്ച ആശയം മാത്രം പോരാ. അതേക്കുറിച്ച് നിങ്ങള്‍ക്കുള്ള അറിവും ആ ആശയം നടപ്പിലാക്കാന്‍ നിങ്ങള്‍ക്കുള്ള കഴിവും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും വേണം. നിങ്ങളുടെ പ്രോജക്റ്റ് പ്ലാന്‍, പൂര്‍ത്തിയാക്കാനുള്ള സമയം, ആവശ്യമായ മൂലധനം, അതിന്റെ വിനിയോഗം എന്നിവയെല്ലാം വിശദമാക്കേണ്ടി വരും.
  • ചിലപ്പോള്‍ ആവശ്യമായ തുക സമാഹരിക്കാന്‍ കഴിയാതെ വരും എന്ന സാധ്യത കൂടി മനസില്‍ കരുതിവേണം ക്രൗഡ് ഫണ്ടിംഗിന് തുടക്കം കുറിക്കാന്‍
  • വളരെ കുറച്ച് ആളുകളില്‍ നിന്ന് വലിയ തുക ശേഖരിക്കുക എന്നതും പലപ്പോഴും സാധ്യമാകണമെന്നില്ല.
  • വണ്‍ ടൈം പ്രോജക്റ്റുകള്‍ക്കാണ് ക്രൗഡ് ഫണ്ടിംഗ് കൂടുതല്‍ യോജിച്ചത്. ദീര്‍ഘകാല പദ്ധതികള്‍ക്ക് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റും വെന്‍ച്വര്‍ കാപ്പിറ്റലും തെരഞ്ഞെടുക്കുക.
  • ഇന്ത്യയില്‍ ഇപ്പോള്‍ കമ്പനീസ് ആക്റ്റിന്റെ കീഴിലാണ് ക്രൗഡ് ഫണ്ടിംഗ് വരുന്നത്. ഇതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സെബി ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിനോടും സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് പ്ലാറ്റുഫോമുകളോടും ഒരു ഡിസ്‌ക്ലെയിമര്‍ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റുഫോമുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളോ നിക്ഷേപം ക്ഷണിക്കാന്‍ വേണ്ട അംഗീകാരമുള്ള സ്ഥാപനങ്ങളോ അല്ല എന്ന് വ്യക്തമായി ഡിസ്‌ക്ലെയിമറില്‍ പറഞ്ഞിരിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it