ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം ജൂലൈയില്‍ കുതിച്ചുയര്‍ന്നു, വര്‍ധിച്ചത് 322 ശതമാനം

സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്തും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വന്ന നിക്ഷേപം റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഈ ജൂലൈയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വന്ന നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 322 ശതമാനമാണ് ഉണ്ടായത്. ജിയോയിലേക്ക് വന്ന കനത്ത നിക്ഷേപമാണ് മൊത്തത്തിലുള്ള നിക്ഷേപം ഇത്രയും ഉയരത്തിലേക്ക് എത്തിച്ചത്.
Tracxn ആണ് ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഫണ്ട് ലഭിച്ച കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 120 എണ്ണത്തില്‍ നിന്ന് ഇപ്പോള്‍ 82 ആയി കുറഞ്ഞിട്ടുണ്ട്. ടെലികോം വിഭാഗത്തിലാണ് ഏറ്റവുമധികം നിക്ഷേപം വന്നിരിക്കുന്നത്. 4854 മില്യണ്‍ ഡോളറാണ് ഈ രംഗത്ത് മാത്രം ജൂലൈയില്‍ വന്നിട്ടുള്ള നിക്ഷേപം.
ജിയോയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. രണ്ടാം സ്ഥാനം എഡ്യുടെക് പ്ലാറ്റ്ഫോമായ ടോപ്പറിനാണ്. പ്രോപ്പര്‍ട്ടി സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ സോളോ, വേദാന്ത, Nxtra Data എന്നീ സ്ഥാപനങ്ങളാണ് ടോപ്പ് 5 ലിസ്റ്റിലുള്ളത്.
ഏറ്റവും കൂടുതല്‍ നിക്ഷേപം വന്ന രണ്ടാമത്തെ മേഖല അടിസ്ഥാനസൗകര്യവികസനമാണ്. 236.2 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് വന്നത്.
കണ്‍സ്യൂമര്‍ മേഖലകളില്‍ 181.47 മില്യണ്‍ ഡോളറും എഡ്യുക്കേഷന്‍ ടെക്നോളജിയില്‍ 164.95 മില്യണ്‍ ഡോളറും റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ 78.1 മില്യണ്‍ ഡോളറും റീറ്റെയ്ലില്‍ 57.42 മില്യണ്‍ ഡോളറും മീഡിയ രംഗത്ത് 53.90 മില്യണ്‍ ഡോളറും നിക്ഷേപം വന്നു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline