ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റിംഗ്: വനിതകള്‍ക്ക് പ്രോല്‍സാഹനം നല്‍കി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

സംരംഭകരായ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) രൂപം നല്‍കിയിട്ടുള്ള കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്‌സ് (കെ-വിന്‍സ്) പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ടെക്‌നിക്കല്‍ റൈറ്റിംഗില്‍ താല്പര്യമുള്ളവരെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നു. കെഎസ് യുഎം മേല്‍നോട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റിംഗ് പ്രോജക്ടുകളുമായി ഇവരെ സഹകരിപ്പിക്കുകയാണു ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റിംഗില്‍ താല്പര്യമുള്ളവരും സാങ്കേതികമേഖയില്‍ ബിരുദമുള്ളവരുമായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മുഴുവന്‍ സമയ ജോലി ചെയ്യാത്ത സ്ത്രീകള്‍ക്കും വേണ്ടിയാണ് പദ്ധതി. തങ്ങളുടെ സമയമനുസരിച്ച് ഇവര്‍ക്ക് സ്വതന്ത്രമായ ജോലികള്‍ ഏറ്റെടുക്കാന്‍ കെഎസ് യുഎം സഹായിക്കും.

വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കാം. നിശ്ചിത വിഷയങ്ങളിലുള്ള സ്വന്തം ലേഖനങ്ങള്‍ ഒപ്പം നല്‍കണം. ഈ ലേഖനങ്ങള്‍ പരിശോധിച്ചായിരിക്കും യോഗ്യരായവരുടെ പട്ടിക തയാറാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചിയില്‍ നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിലേക്കും റൈറ്റിംഗ് വര്‍ക്ക് ഷോപ്പിലേക്കും ക്ഷണിക്കും. തുടര്‍ന്ന് ഇവരെ സംസ്ഥാനത്തെ ടെക്‌നോളജി സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാക്കും. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 21.

കണ്ടന്റ് റൈറ്റിംഗ് പ്ലാറ്റ്‌ഫോം ആയ 'വിറ്റിപെന്‍' വഴി സോഫ്‌റ്റ്വെയര്‍, ടെക്, ഹെല്‍ത്ത് കെയര്‍, ജീവിതശൈലി തുടങ്ങിയവയില്‍ ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റിംഗ് നടത്തി മികവു തെളിയിച്ചുവരുന്ന എസ്. മീനാക്ഷിയെ കെ-വിന്‍സ് വെബ്‌സൈറ്റിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷനുമായി ബന്ധപ്പെട്ട് ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റിംഗില്‍ സഹകരിച്ചുവരുന്ന ചൈത്ര സക്സേനയുടെ അനുഭവം കെ-വിന്‍സ് വെബ്‌സൈറ്റില്‍ പങ്കുവച്ചിരിക്കുന്നതിങ്ങനെ:

'ജന്മനാട്ടില്‍ നിന്ന് മുംബൈയിലേക്ക് മാറിയപ്പോള്‍ എനിക്ക് എന്റെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കേണ്ടിവന്നു. മുംബൈയില്‍, മകളെ പരിപാലിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ വീട്ടില്‍ താമസിച്ച് ഫ്രീലാന്‍സിംഗ് ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രാരംഭ ദിവസങ്ങള്‍ കഠിനമായിരുന്നു. കാരണം എവിടെ നിന്ന് ആരംഭിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.പക്ഷേ പിന്നീട് കാര്യങ്ങള്‍ സുഗമവും എളുപ്പവുമായി. കഴിഞ്ഞ 2 വര്‍ഷമായി വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നു. മകളെ വ്യക്തിപരമായി പരിപാലിക്കാനുള്ള സ്വാതന്ത്ര്യം സ്വന്തം. ഇതിനിടെ കരിയര്‍ സ്വന്തം ഇഷ്ടപ്രകാരം വേഗതയില്‍ വളര്‍ത്താനുമാകുന്നുണ്ട്. കൂടാതെ, ഞാന്‍ എല്ലാ മാസവും മാന്യമായ തുക സമ്പാദിക്കുന്നു. എല്ലാം തൃപ്തികരം.'

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it