ഡിസൈന്‍ ഉച്ചകോടിക്ക് നാളെ തുടക്കം; 'ഡിസൈന്‍ ഹബ് ' ആകാനൊരുങ്ങി കേരളം

വിവിധ മേഖലകളില്‍ രൂപകല്‍പ്പനയ്ക്കുള്ള സുപ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനുള്ള ലക്ഷ്യത്തോടെ സംസ്ഥാന ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സംഘടിപ്പിക്കുന്ന ഡിസൈന്‍ ഉച്ചകോടി ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന ഐടി ഉന്നതാധികാര സമിതി ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍ ബോള്‍ഗാട്ടി പാലസില്‍ നാളെ ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര സംഘടനകളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്റെയും ഇന്റാക്ഷന്‍ ഡിസൈന്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് ഡിസൈന്‍ ഉച്ചകോടി നടത്തുന്നത്.അടിസ്ഥാനസൗകര്യം, നഗരാസൂത്രണം, പരസ്യം, ഉള്ളടക്കം, ശബ്ദം തുടങ്ങിയ തലങ്ങളിലെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയ സെഷനുകള്‍, മാസ്റ്റര്‍ ക്ലാസ് എന്നിവയ്ക്കു പുറമെ പ്രദര്‍ശനങ്ങളും പ്രതിഷ്ഠാപനങ്ങളും ക്രമീകരിക്കും.14നു സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

മൈക്രോസോഫ്റ്റ്, യു ട്യൂബ്, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഇന്‍ഫോസിസ്, ഐഎസ്സിഎ ലണ്ടന്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ടൈറ്റാന്‍ കമ്പനി, പിഡബ്ല്യുസി എന്നിവിടങ്ങളിലെ വിദഗ്ധര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള മികച്ച രൂപകല്‍പ്പനകള്‍ വന്‍തോതില്‍ ലഭ്യമാക്കുന്നതിന് ഡിസൈന്‍ ഉച്ചകോടി ഊന്നല്‍ നല്‍കുമെന്നും ഈ മേഖലയില്‍ മികവിന്റെ കേന്ദ്രം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിയില്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍ അറിയിച്ചു.

കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസൈന്‍ തുടങ്ങുന്നത്. കഴിഞ്ഞവര്‍ഷം നടന്ന ഡിസൈന്‍ വീക്കിലെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നി സിലിക്കണ്‍വാലിയിലെ പ്രമുഖ കമ്പനിയായ ലൂമിയം ഡിസൈന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതേ മാതൃകയില്‍ സാമൂഹ്യമാധ്യമരംഗത്തെ ആഗോള ഭീമന്മാരുള്‍പ്പെടെ കേരളത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ശിവശങ്കര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it