കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള ഫിന്‍ടെക് വിപണിയിലേക്കു വഴി തുറക്കാന്‍ 'ഫിനസ്ട്ര'

ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തിനു വഴി തെളിഞ്ഞു . റീട്ടെയില്‍ ബാങ്കിംഗ്, ട്രാന്‍സാക്ഷന്‍ ബാങ്കിംഗ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയ ബാങ്കിംഗ് മേഖലകളില്‍ ലോകത്തിലെ പ്രമുഖ ഫൈനാന്‍ഷ്യല്‍ സാങ്കേതികവിദ്യാ സ്ഥാപനമായ 'ഫിനസ്ട്ര' യുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹകരണം സാധ്യമാകാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ആണ് മുന്‍കയ്യെടുത്തിട്ടുള്ളത്.

ഇതിനു വേണ്ടിയുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് ടെക്‌നോപാര്‍ക്കില്‍ കെഎസ് യുഎം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥും ഫിനസ്ട്ര ഇന്ത്യ മേധാവി മെജാബിന്‍ പൂനാവാലയും ഒപ്പുവച്ചു.ലോകത്തിലെ നൂറു മുന്‍നിര ബാങ്കുകളില്‍ തൊണ്ണൂറും ഉപയോക്താക്കളായുള്ള ഫിനസ്ട്രയുടെ പ്രതിശീര്‍ഷ വരുമാനം 1345 കോടി രൂപയാണ്. പതിനായിരത്തോളം ഉദ്യോഗസ്ഥരും ഒന്‍പതിനായിരത്തിലധികം ഉപഭോക്താക്കളും ഫിനസ്ട്രയ്ക്കുണ്ട്. നിലവിലുള്ള പ്രവര്‍ത്തന സംവിധാനവും ഉപഭോക്തൃ സേവന രീതികളും മെച്ചപ്പെടുത്താന്‍ ക്ലൗഡ് സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി തുടങ്ങിയ നൂതന സമ്പ്രദായങ്ങളാണ് ഫിനസ്ട്ര അവലംബിക്കുന്നത്.

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വികസനം, ഭാവി ധനകാര്യ മേഖലകളിലെ നൂതനമായ സാഹചര്യങ്ങളില്‍ സഹകരിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവയാണ് ലെറ്റര്‍ ഓഫ് ഇന്റന്റ് ലക്ഷ്യമിടുന്നത്. റീട്ടെയില്‍ ബാങ്കിംഗ്, ബാങ്കിംഗ് ക്രയവിക്രയം, വായ്പ കൊടുക്കല്‍, ട്രഷറി-ക്യാപിറ്റല്‍ വിപണികള്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ ഫിനസ്ട്രയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

ഫിനസ്ട്ര തിരുവനന്തപുരം സെന്റര്‍ മേധാവി എസ്.കെ ശ്യാം , എച്ച.്ആര്‍ മേധാവി കൃഷ്ണകുമാര്‍, ക്ലൗഡ് ആര്‍ക്കിടെക്റ്റ് ബിനിഷ് മൗലാന, ഇന്നൊവേഷന്‍ ഇന്‍ചാര്‍ജ് അരുണ്‍ വിശ്വനാഥ്, കെഎസ് യുഎം ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, സ്റ്റാര്‍ട്ടപ് ആക്‌സിലറേറ്റര്‍ അസിസ്റ്റന്റ് മാനേജര്‍ ധനജ് എന്നിവരും ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it