മേക്കര്‍ വില്ലേജ്: ആശയങ്ങള്‍ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സ്റ്റാര്‍ട്ടപ്പ് ഫാക്ടറി

ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്ന റോബോട്ട്, വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഡ്രോണ്‍, തെങ്ങ് ചെത്തുന്ന യന്ത്രം തുടങ്ങി നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നിരവധി ഉല്പന്നങ്ങളാണ് കളമശ്ശേരിയിലെ മേക്കര്‍ വില്ലേജിലെത്തുന്നവരെ വരവേല്‍ക്കുന്നത്.

സംസ്ഥാനത്തെ ഹാര്‍ഡ്‌വെയര്‍ ഇന്‍ക്യൂബേറ്റര്‍ ആയ മേക്കര്‍ വില്ലേജ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വെയറബിള്‍സ് എന്നീ ശാഖകളില്‍ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്‍തുണ നല്‍കുകയുമാണ് മേക്കര്‍ വില്ലേജിന്റെ ദൗത്യം.

വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് വേണ്ട എല്ലാ വിധ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടും മേക്കര്‍ വില്ലേജ് നല്‍കും.

Prasad Balakrishnan, CEO Maker Village

രാജ്യത്താകമാനമുള്ള സ്റ്റാര്‍ട്ട് അപ്പുകളെ മേക്കര്‍ വില്ലേജിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു.

ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, പരിശോധന, നിര്‍ണ്ണയം, മെറ്റല്‍ മെഷീനിങ്, പ്ലാസ്റ്റിക് പ്രോട്ടോടൈപ്പിങ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഏന്‍ഡ്ടുഏന്‍ഡ് ഫെസിലിറ്റിയാണ് മേക്കര്‍ വില്ലേജില്‍ ഒരുങ്ങുന്നതെന്ന് സിഒഒ റോഹന്‍ കലാനി ചൂണ്ടിക്കാട്ടി.

മേക്കര്‍ വില്ലേജില്‍ ഇന്‍ക്യൂബേഷന്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1. ഇന്‍ക്യൂബേഷന്‍ സൗകര്യം ലഭിക്കുന്നതിനായി മേക്കര്‍ വില്ലേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുക

Rohan Kalani, COO, Maker Village

2. തെരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ ഉല്പന്നത്തിനെ/ പ്രോജക്ടിനെക്കുറിച്ച് ഇന്‍ക്യൂബേഷന്‍ കമ്മിറ്റി യ്ക്ക് മുന്‍പാകെ പ്രസന്റേഷന്‍ അവതരിപ്പിക്കണം

3. പ്രസന്റേഷന്റെ അടിസ്ഥാനത്തില്‍ ഇന്‍ക്യൂബേഷന്‍ നല്‍കാനുള്ള സ്റ്റാര്‍ട്ടപ്പുകളെ കമ്മിറ്റി തെരഞ്ഞെടുക്കും

4. ഒന്നുകില്‍ മൂന്ന് മാസത്തെയോ അല്ലെങ്കില്‍ 18 മാസത്തേയോ ഇന്‍ക്യൂബേഷന്‍ ആണ് ഇവിടെ ലഭ്യമാകുക

5. മൂന്ന് മാസത്തെ ഇന്‍ക്യൂബേഷന് ഐഡിയേഷന്‍ ഘട്ടം മുതല്‍ പ്രോട്ടോടൈപ്പ് തയ്യാറാകും വരെയാണ് മേക്കര്‍ വില്ലേജിന്റെ പിന്തുണ ലഭിക്കുക

6. ഉല്പന്നം തയ്യാറാകുന്ന ഘട്ടം വരെ നീളുന്നതാണ് 18 മാസത്തെ ഇന്‍ക്യൂബേഷന്‍

പ്രധാന നേട്ടങ്ങള്‍

  • 57 സ്റ്റാര്‍ട്ടപ്പുകളും 25000 ചതുരശ്ര അടി വിസ്താരവുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ ഇന്‍ക്യൂബേറ്റര്‍ ആണ് മേക്കര്‍ വില്ലേജ്
  • വ്യാവസായിക നിലവാരത്തിലുള്ള SMT (സര്‍ഫേസ് മൗണ്ട് ടെക്‌നോളജി) PCB അസംബ്ലി ലൈന്‍ ഉള്ള രാജ്യത്തെ ഏക ഫെസിലിറ്റി ആണ് ഇത്.
  • ഏറ്റവും മികച്ച നിലവാരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍, ഇലക്ട്രോണിക്‌സ് ലാബ്, പ്രോട്ടോടൈപ്പിംഗിനായി 3D പ്രിന്റര്‍ തുടങ്ങി ഒരു ഉല്പന്നം നിര്‍മ്മിച്ചെടുക്കാനുള്ള എല്ലാ സൗകര്യവും മേക്കര്‍ വില്ലേജില്‍ ഉണ്ട്.
  • 22 പേറ്റന്റുകള്‍ മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ട്അപ്പുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
  • 10 സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു

ഫണ്ടിംഗ്

ഇന്‍ക്യൂബേറ്ററില്‍ നിന്നുള്ള മൂന്ന് സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വിസി ഫണ്ടിംഗ് (VC funding) ലഭിച്ചിട്ടുണ്ട്. അഞ്ച് സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ബിപിസിഎല്‍ തങ്ങളുടെ അങ്കുര്‍ സ്‌കീം വഴി ഗ്രാന്റ് നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 7.5 കോടി രൂപയാണ് ഇവിടത്തെ സ്റ്റാര്‍ട്ട്അപ്പുകള്‍ ഫണ്ടിംഗ് വഴി നേടിയത്.

ഇതുകൂടാതെ മേക്കര്‍ വില്ലേജിന്റെ സീഡ് ഫണ്ടും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഗ്രാന്റും ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it