ഗൂഗ്‌ളിന്റെ ആപ്പ്‌സ്‌കെയില്‍ അക്കാഡമിയില്‍ ഇടംനേടി മലയാളികളുടെ സ്പീക്ക്ആപ്പ്

ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30ലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്
speakapp.app
Image : speakapp.app
Published on

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ നിക്ഷേപം (ഫണ്ടിംഗ്) നേടി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനും പിന്തുണയേകുന്ന ഗൂഗ്ള്‍ ആപ്പ്‌സ്‌കെയില്‍ അക്കാഡമി-2023ല്‍ ഇടംനേടി ഒരുകൂട്ടം മലയാളി ചെറുപ്പക്കാര്‍ സ്ഥാപിച്ച സ്പീക്ക്ആപ്പ് (SpeakApp). കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയവുമായി ചേര്‍ന്ന് ഗൂഗ്ള്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണിത്. ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30 സംരംഭങ്ങളിലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം മികച്ച നിലവാരത്തോടെ മെച്ചപ്പെടുത്തല്‍, ആഗോളതലത്തില്‍ സാന്നിദ്ധ്യം ഉയര്‍ത്തല്‍, മികച്ച വളര്‍ച്ച ഉറപ്പാക്കല്‍, കൂടുതല്‍ ഫണ്ട് ശേഖരണം, ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ മുന്‍തൂക്കം നേടല്‍ തുടങ്ങിയവയ്ക്ക് പിന്തുണ ലഭിക്കും.

ശബ്ദങ്ങളുടെ ലോകവുമായി സ്പീക്ക്ആപ്പ്

ശബ്ദം അധിഷ്ഠിതമായ സാമൂഹിക മാദ്ധ്യമമാണ് സ്പീക്ക്ആപ്പ്. ഗൂഗ്ള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, www.speakapp.app എന്നിവയില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

നിങ്ങളുടെ ചിന്തകളും വാക്കുകളും ശബ്ദമായി പോസ്റ്റ് ചെയ്യാമെന്നതാണ് സ്പീക്ക്ആപ്പിന്റെ മുഖ്യ സവിശേഷത. മറ്റുള്ളവരുടെ കണ്ടന്റുകളും കാണാം, ആസ്വദിക്കാം. ചാറ്റും ചെയ്യാം. ഫോട്ടോ, വീഡിയോ, സ്‌റ്റോറീസ് എന്നിവയ്‌ക്കെല്ലാം വോയിസ് ക്യാപ്ഷന്‍ നല്‍കാം. ടൈപ്പ് ചെയ്തും വായിച്ചും സമയം പോകില്ലെന്നതാണ് നേട്ടം.

നിങ്ങളൊരു യാത്ര പോയെന്നോ രുചികരമായ ഭക്ഷണം തയ്യാറാക്കിയെന്നോ ഇരിക്കട്ടെ. ഇങ്ങനെ നിങ്ങള്‍ക്കിഷ്ടപ്പെട്ട കണ്ടന്റുകള്‍ ചിത്രങ്ങളോ വീഡിയോയോ ആയി പോസ്റ്റ് ചെയ്തശേഷം അതിന് നിങ്ങളുടെ ശബ്ദവിവരണം ക്യാപ്ഷനായി നല്‍കാം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളും ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അറബിക്, ചൈനീസ് തുടങ്ങിയ വിദേശ ഭാഷകളും സ്പീക്ക്ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കോട്ടയം സ്വദേശി അലന്‍ എബ്രഹാം, മാവേലിക്കര സ്വദേശി ആര്‍. വരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് 2021ല്‍ സ്പീക്ക്ആപ്പ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. അലനാണ് സി.ഇ.ഒ; വരുണ്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി അരുണ്‍ ജോണ്‍ കുര്യനും ചീഫ് ടെക്‌നോളജി ഓഫീസറായി ഗുജറാത്ത് സ്വദേശി ജന്‍കറും പ്രവര്‍ത്തിക്കുന്നു.

ലക്ഷ്യം അതിവേഗം 10 ലക്ഷം ഉപയോക്താക്കള്‍

ചെറിയ മൂലധനത്തോടെയാണ് സ്പീക്ക്ആപ്പ് ആരംഭിച്ചത്. പിന്നീട് പലരില്‍ നിന്നായി മൂലധനം സമാഹരിച്ചു. കഴിഞ്ഞ 6-7 മാസത്തിനിടെ അതി സമ്പന്ന വ്യക്തികളില്‍ (HNIs) നിന്നായി ഒരുകോടിയോളം രൂപയും സമാഹരിച്ചിരുന്നു.

ഗൂഗ്ള്‍ ആപ്പ്‌സ്‌കെയില്‍ അക്കാഡമി ലിസ്റ്റില്‍ ഇടംപിടിച്ചതോടെ കൂടുതല്‍ നിക്ഷേപം നേടാനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞതായി ആര്‍. വരുണ്‍ ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു.

നിലവില്‍ രണ്ടരലക്ഷത്തോളം ഡൗണ്‍ലോഡുകള്‍ സ്പീക്ക്ആപ്പിന് ലഭിച്ചിട്ടുണ്ട്. ഒരുലക്ഷത്തോളമാണ് രജിസ്‌റ്റേഡ് യൂസര്‍മാര്‍. വീട്ടമ്മമാര്‍, ഡ്രൈവര്‍മാര്‍, സംരംഭകര്‍, ബ്ലോഗര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, പോഡ്കാസ്റ്റ് ചെയ്യുന്നവര്‍, കവികള്‍ തുടങ്ങി നിരവധിപേര്‍ ഉപയോക്താക്കളായുണ്ട്. 2024 ജൂലൈയോടെ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും വരുണ്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com