ഇന്ത്യയിലെ വില കൂടിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇവയാണ്

ലോകത്തെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റില്‍ കരുത്തു തെളിയിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും. മെഷീന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ സി ബി ഇന്‍സൈറ്റ്‌സ് തയാറാക്കിയ ലോകത്തെ ഏറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റില്‍ നിരവധി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് സ്ഥാനം പിടിച്ചത്. പേടിഎം, ബൈജൂസ് ആപ്പ്, സ്‌നാപ്ഡീല്‍ തുടങ്ങിയവയൊക്കെ അതില്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ 19 ഇന്ത്യന്‍ കമ്പനികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതേ സമയം യുഎസില്‍ നിന്ന് 194 ഉം ചൈനയില്‍ നിന്ന് 99 ഉം യുകെയില്‍ നിന്ന് 20 ഉം സ്റ്റാര്‍ട്ടപ്പുകള്‍ ഇടം നേടി. ജര്‍മനി, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നിവയെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണെന്നതാണ് കൗതുകം.

ആയിരം കോടി യു എസ് ഡോളര്‍ മൂല്യവുമായി പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 ആണ് ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകളുടെ സ്രഷ്ടാക്കളായ ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ലോകത്തില്‍ വെച്ച് ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്. 7500 കോടി ഡോളറാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. സ്‌നാപ് ഡീല്‍ (700 കോടി ഡോളര്‍), ബൈജൂസ് (575 കോടി ഡോളര്‍), ഒയോ റൂംസ് (430 കോടി ഡോളര്‍), സ്വിഗ്ഗി (330 കോടി ഡോളര്‍), സൊമാറ്റോ (218 കോടി ഡോളര്‍) തുടങ്ങിയവയാണ് മുന്നില്‍ നില്‍ക്കുന്ന മറ്റു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍. ഓട്ടോ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ ഒല, ഇ കൊമേഴ്‌സ് മേഖലയില്‍ നിന്ന് സ്‌നാപ് ഡീലും ഷോപ്പ് ക്ലൂസുമാണ് പട്ടികയിലുള്ളത്.

ഷോപ്പ് ക്ലൂസിന്റെ മൂല്യം 110 കോടി ഡോളറാണ്. വിദ്യാഭ്യാസ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് കമ്പനിയായാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ രൂപം നല്‍കിയ ബൈജൂസ് ആപ്പിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഫിന്‍ടെക് കമ്പനികളില്‍ വണ്‍97 നെ കൂടാതെ ബില്‍ഡെസ്‌ക് (180 കോടി ഡോളര്‍), പോളിസി ബസാര്‍ (100 കോടി ഡോളര്‍) എന്നിവയും ഇടം നേടിയിട്ടുണ്ട്. സപ്ലൈ ചെയ്ന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് ഡെലിവറി വിഭാഗത്തില്‍ സ്വിഗ്ഗിയെ കൂടാതെ റിവിഗോ, ഉഡാന്‍ എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്. ട്രാവല്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പാണ് ഇന്ത്യയുടെ ഒയോ റൂംസ്.

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it