ബ്ലോക്ക്‌ചെയിന്‍ രംഗത്ത് വന്‍തൊഴിലവസരം, സെര്‍വന്റയര്‍ ഗ്ലോബലിനെ അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു

തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് സംരംഭമായ സെര്‍വന്റയര്‍ ഗ്ലോബലിനെ അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതന ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നൊരു സംരംഭമാണ് സെര്‍വന്റയര്‍ ഗ്ലോബല്‍. റിയല്‍ടൈം പേമെന്റ് സിസ്റ്റമാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു സുപ്രധാന സെലൂഷന്‍.

കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നെറ്റ് ഒബ്‌ജെക്‌സ്. ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് നെറ്റ് ഒബ്്ജെക്‌സ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. സെര്‍വന്റയറിനെ ഏറ്റെടുത്തതോടെ ബ്ലോക്ക്‌ചെയിന്‍ രംഗത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നെറ്റ് ഒബ്‌ജെക്‌സിന്റെ പങ്കാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു സെര്‍വന്റയര്‍ ഗ്ലോബല്‍.

വിയറ്റ്‌നാം, കംബോഡിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നെറ്റ് ഒബ്‌ജെക്‌സിന് ഓഫീസുകളുണ്ടെന്ന് സെര്‍വന്റയര്‍ ഗ്ലോബലിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ ടിറ്റു വര്‍ഗീസ് പറഞ്ഞു. സെര്‍വന്റയറിനെ ഏറ്റെടുത്തുകൊണ്ട് ഇപ്പോള്‍ ഇന്ത്യയിലേക്കു കൂടി പ്രവേശിച്ചിരിക്കുകയാണ് നെറ്റ് ഒബ്‌ജെക്‌സ്. അതോടൊപ്പം ബാംഗ്ലൂരില്‍ ഒരു ആര്‍&ഡി സെന്ററും കമ്പനി തുടങ്ങിയിട്ടുണ്ട്.

'ആഗോളതലത്തില്‍ അഞ്ച് ഓഫീസുകള്‍ കൂടി തുടങ്ങാനാണ് നെറ്റ് ഒബ്‌ജെക്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാല്‍ വന്‍വളര്‍ച്ച ഉണ്ടാകുമെന്നതാണ് ഞങ്ങള്‍ക്കുള്ള സുപ്രധാന നേട്ടം' ടിറ്റു വര്‍ഗീസ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ 30 അംഗ ടീമാണ് സെര്‍വന്റയറിനുള്ളത്. എന്നാല്‍ അടൂത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 300 മുതല്‍ 400 പേര്‍ക്ക് വരെ തൊഴിലവസരം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രിഗറി ജേക്കബ്, മഹേഷ്.ആര്‍, മോഹന്‍ രാമന്‍, ടിറ്റു വര്‍ഗീസ്, ശ്രീരാജ്.എസ് എന്നീ അഞ്ച് പ്രൊഫഷണലുകളാണ് സെര്‍വന്റയര്‍ ഗ്ലോബലിന്റെ സാരഥികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it