സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്.എം.ഇകള്‍ക്കും വിസ ക്രെഡിറ്റ് കാര്‍ഡുമായി 'ഓപ്പണ്‍'

സാമ്പത്തിക രംഗത്തെ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പായ 'ഓപ്പണ്‍' ചെറുകിട വ്യവസായ സംരംഭകര്‍ക്കായി വിസയുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു. ഇടത്തരം സംരംഭങ്ങള്‍ക്കും (എസ്.എം.ഇ) സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ ഏറ്റവും അനായാസകരമായി നടത്താന്‍ സഹായിക്കുന്നതായിരിക്കും ' ഫൗണ്ടേഴ്സ് കാര്ഡ്് ' എന്ന് ഓപ്പണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനിഷ് അച്യുതന് അറിയിച്ചു .
ഏഷ്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കാര്‍ഡ് അവതരിപ്പിക്കപ്പെടുന്നത്. 'തെക്കുകിഴക്കന്‍ ഏഷ്യയില്‍ എസ്എംഇകളും സ്റ്റാര്‍ട്ടപ്പുകളും വളരെയധികം വളരുകയാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രം സ്വീകരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുന്ന ബിസിനസുകളാണവരുടേത് ' - അനിഷ് അച്യുതന് പറഞ്ഞു. വരും മാസങ്ങളില്‍ ഏഷ്യ-പസഫിക് മേഖല, യു. എസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മറ്റ് വിപണികളിലേക്ക് തങ്ങളുടെ ഉപഭോക്തൃ അടിത്തറ വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വിസയുമായുള്ള പങ്കാളിത്തം ഓപ്പണിന് ഒരു ഉത്തേജനമാണെന്നും അദ്ദേഹം വിലയിരുത്തി.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഈയിടെ 250 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയിരുന്നു. ഫെയ്സ്ബുക്ക്, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള 'ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റി'ന്റെ നേതൃത്വത്തിലുള്ള ആഗോള നിക്ഷേപ സ്ഥാപനങ്ങളാണ് ഓപ്പണില്‍ മുതല്‍മുടക്കിയിരിക്കുന്നത്. സ്പീഡ് ഇന്‍വെസ്റ്റ്, ബീനെക്സ്റ്റ് എന്നിവയാണ് ഓപ്പണില്‍ ഇത്തവണ നിക്ഷേപം നടത്തിയ മറ്റു പ്രമുഖ കമ്പനികള്‍.
പുതിയ നിക്ഷേപം അനുസരിച്ച് കമ്പനിയുടെ മൂല്യം 1,000 കോടി രൂപയാണ്. പെരിന്തല്‍മണ്ണ സ്വദേശികളായ അനീഷ് അച്യുതന്, അജീഷ് അച്യുതന്, തിരുവല്ല സ്വദേശി മാബെല്‍ ചാക്കോ, മല്ലപ്പള്ളി സ്വദേശി ദീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017-ല്‍ പെരിന്തല്‍മണ്ണ ആസ്ഥാനമായാണ് ഓപ്പണിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ബെംഗളൂരു കേന്ദ്രമാക്കിയാണ്് മുഖ്യ പ്രവര്‍ത്തനം.
'നിയോ ബാങ്കിങ്' രംഗത്ത് ലോകത്തിലെ മുന്‍നിര സ്ഥാപനമായി വളരാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഓപ്പണിന് കഴിഞ്ഞു. ബാങ്കിങ് ലൈസന്‍സ് ഇല്ലാതെ തന്നെ ഏതെങ്കിലുമൊരു ബാങ്കുമായി സഹകരിച്ച്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്കിങ് സേവനങ്ങള്‍ ഒരുക്കുന്ന മേഖലയെയാണ് നിയോ ബാങ്കിങ് എന്നു പറയുന്നത്. ഐ.സി.ഐ.സി.ഐ. ബാങ്കുമായി സഹകരിച്ചാണ് ഓപ്പണിന്റെ പ്രവര്‍ത്തനം.200,000 എസ്എംഇകളുള്ള ഈ പ്ലാറ്റ്ഫോമില്‍ ഇതുവരെ 6.5 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടന്നു കഴിഞ്ഞു.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള ബാങ്കിങ് സേവനങ്ങളാണ് ഓപ്പണ്‍ ലഭ്യമാക്കുന്നത്. ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം, സപ്ലൈയര്മാര്ക്കുള്ള പണം കൈമാറ്റം, ഇന്‍വോയ്സ് എന്നിവ കറന്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ച തങ്ങളുടെ ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ ഓട്ടോമേറ്റഡ് ആയി ചെയ്തുകൊടുക്കുന്നു. ഒപ്പം, ജി.എസ്.ടി. റിട്ടേണ്‍ ഫയലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും. ഇടപാടുകാര്‍ക്കായി ഒട്ടേറെ പുതുമകളോടെയുള്ള പുതിയ ഇനം കറന്റ് അക്കൗണ്ട് അവതരിപ്പിക്കാനും ഓപ്പണ്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline