എയ്ഞ്ചല്‍ ടാക്‌സ് നീക്കുമെന്ന് രാഹുല്‍ ഗാന്ധി, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എയ്ഞ്ചല്‍ ടാക്‌സ് എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേലുള്ള അനാവശ്യമായ നിയന്ത്രണങ്ങള്‍ നീക്കുമെന്നും രാഹുല്‍ ഗാന്ധി. ബാംഗ്ലൂരിലെ മാന്യതാ ടെക് പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനായി എയ്ഞ്ചല്‍ ഇവന്‍വെസ്റ്റര്‍മാര്‍ നല്‍കുന്ന നിക്ഷേപമാണ് എയ്ഞ്ചല്‍ ഫണ്ട്. എന്നാല്‍ ഈ നിക്ഷേപത്തിന് മേല്‍ 30 ശതമാനത്തോളം നികുതി നിക്ഷേപകര്‍ നല്‍കണം. എയ്ഞ്ചല്‍ ഫണ്ടുകളെ വരുമാനമായി കണക്കാക്കിയാണ് നികുതി വാങ്ങുന്നത്. കൂടാതെ നിക്ഷേപം സ്വീകരിക്കാന്‍ തങ്ങള്‍ യഥാര്‍ത്ഥ സ്റ്റാര്‍ട്ടപ്പ് സ്ഥാപനം തന്നെയാണെന്ന് കമ്പനികള്‍ക്ക് തെളിയിക്കുകയും വേണം.
എന്നാല്‍ ഈ നടപടി സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തിലാണ് തങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ഈ നികുതി പൂര്‍ണ്ണമായും ഒഴിവാക്കും എന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അതുപോലെ തന്നെ ഇ-കൊമേഴ്‌സ് നയം അനുകൂലമായ രീതിയില്‍ തിരുത്തുകയും ലളിതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എയ്ഞ്ചല്‍ ടാക്‌സ് കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ്. പ്രണബ് മുഖര്‍ജിയാണ് 2012ല്‍ അവതരിപ്പിച്ച ബജറ്റില്‍ നികുതി അവതരിപ്പിച്ചത്. ഇതുവഴിയുള്ള തട്ടിപ്പുകള്‍ തടയുകയായിരുന്നു ലക്ഷ്യം.