സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങണോ? വനിതകള്‍ക്ക് ഇതാ അവസരം!

സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന് നടത്തുന്ന പ്രത്യേക പരിശീലന പരിപാടിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് പ്രത്യേക പരിശീലന പരിപാടികളാണ് സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 9 വരെയുള്ള ദിവസങ്ങളിലാണ് പരിശീലനം. സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഇതിലേക്കായി http://bit.ly/WINGKerala എന്ന വെബ്സൈറ്റില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സാങ്കേതിക ഉപദേശം, ഇന്‍കുബേഷന്‍ പ്രോഗ്രാം, ബിസിനസ് പിന്തുണ തുടങ്ങിയ അനേകം സേവനങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ക്ക് ലഭിക്കും. വനിതകളെ സംരംഭകത്വത്തിലേക്ക് നയിക്കുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ സുപ്രധാന ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ തന്നെ കേരളത്തില്‍ ആദ്യമായി ഇത്തരമൊരു പരിപാടി നടപ്പാക്കുന്നതിനാല്‍ വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ വലിയൊരു മുന്നേറ്റത്തിന് ഇത് വഴിയൊരുക്കിയേക്കുമെന്നാണ് പ്രതീക്ഷ.
വനിതാ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്റ്റാര്ട്ടപ്ഇന്ത്യ നടത്തുന്ന 'വിംങ് - വിമെന്‍ റൈസ് ടുഗദര്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കേരള സ്റ്റാര്‍ട്ടപ് മിഷന് പരീശീലനം സംഘടിപ്പിച്ചിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷനും ലെറ്റ്സ് വെഞ്ച്വറും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് കേരളം ഉള്‍പ്പെടെയുള്ള 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.