സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ലഭ്യമാക്കാന്‍ വെര്‍ച്വല്‍ വിപണന വേദി

സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും കോര്‍പറേറ്റുകള്‍ക്കും എം എസ് എം ഇ സംരംഭങ്ങള്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കാന്‍ വെര്‍ച്വല്‍ വിപണന വേദിയൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. വ്യവസായങ്ങള്‍ക്കനുയോജ്യമായ ആധുനികവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കാനുള്ള ' സ്റ്റാര്‍ട്ടപ്പ് ക്രോസ് സെല്‍ ഡിജിറ്റല്‍ ബിസിനസ് പ്ലാറ്റ്‌ഫോം 'ഇതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി) എം. ശിവശങ്കര്‍ അവതരിപ്പിച്ചു.

വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന 'ംംം.യൗശെില.ൈേെമൃൗേുാശശൈീി.ശി' എന്ന ഈ പ്ലാറ്റ്‌ഫോം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലുള്ള വലിയ ചുവടുവയ്പ്പാണെന്ന് ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. കൊറോണ പകര്‍ച്ചവ്യാധി മൂലമുളള വ്യാവസായിക, ധനകാര്യ പ്രതിസന്ധി രൂക്ഷമായ കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയില്‍ സജീവമായി നില്‍ക്കാന്‍ പ്ലാറ്റ്‌ഫോം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണത്തോടെ ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനു വഴിയൊരുക്കാന്‍ സംഘടിപ്പിച്ച 'ബിഗ് ഡെമോ ഡേ' യുടെ ഭാഗമായാണ് പ്ലാറ്റ്‌ഫോമിന്റെ അവതരണം നടന്നത്. ആദ്യ ദിനത്തില്‍ തന്നെ അറുപതോളം തത്സമയ ആശയവിനിമയങ്ങള്‍ നടന്ന പ്ലാറ്റ്‌ഫോം മുന്നൂറ്റിയന്‍പതോളം പേര്‍ സന്ദര്‍ശിച്ചു. പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകളുമായി ആശയവിനിമയം നടത്താന്‍ കഴിയും.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവയുടെ ആവശ്യങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യാം. അനുയോജ്യമായ പ്രതിവിധികളുമായി സ്റ്റാര്‍ട്ടപ്പുകള്‍ എത്തും. നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി സംവദിക്കാനുള്ള അവസരവും ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്‌ഫോമിലുണ്ട്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ജൂണ്‍ 30 വരെ നടക്കുന്ന പരിപാടിയില്‍ വ്യവസായം, കോര്‍പ്പറേറ്റുകള്‍, അസോസിയേഷനുകള്‍, നിക്ഷേപകര്‍, കണ്‍സള്‍ട്ടന്റുമാര്‍, രാജ്യാന്തര ഏജന്‍സികള്‍ എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുന്നതിന് അവസരമുണ്ട്.

വ്യക്തിഗത ആശയ, ഉല്‍പ്പന്ന അവതരണങ്ങളും പരിപാടിയുടെ ഭാഗമായിരിക്കും. ഐടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്കും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് അഞ്ചു ദിവസത്തെ ഡെമോ ഡേയില്‍ വിവിധ വ്യവസായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഓണ്‍ലൈനായി സംവദിക്കാനുള്ള അവസരം ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it