പല സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നത് എന്തുകൊണ്ട്?

ബോക്‌സര്‍ മുഹമ്മദലിയുടെ പഞ്ചുകളും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ എന്ത് ബന്ധം? വലിയ ബന്ധമുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേറ്ററായ ഐഡിയാലാിന്റെ സ്ഥാപകനായ ബില്‍ ഗ്രോസ്. ഈയിടെ ഒരു റ്റെഡ് ടോക്കില്‍ സംസാരിക്കുമ്പോള്‍, നൂറിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായമേകിയ ബില്‍ ഗ്രോസ് ബിസിനസ് വിജയ രഹസ്യങ്ങള്‍ വിശദീകരിക്കാന്‍ കടമെടുത്തത് മുഹമ്മദലിയുടെ ബോക്‌സിംഗ് ശൈലിയാണ്. മുഹമ്മദലിയുടെ ടൈമിംഗ് ആയിരുന്നു ഏറ്റവും പ്രധാനം. എതിരാളിയുടെ പഞ്ച് മുന്‍കൂട്ടി മനസിലാക്കി അത് ഒഴിവാക്കിയ ശേഷം അയാള്‍ക്ക് ബാലന്‍സ് തെറ്റുമ്പോള്‍ തിരിച്ച് പഞ്ച് ചെയ്യുക. ഫോര്‍വേഡ് തിങ്കിംഗ് സ്ട്രാറ്റജി എന്ന ഈ പ്രയോഗം ബിസിനസില്‍ ഏറെ പ്രയോജനപ്പെടും, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക്.

വലിയ നിക്ഷേപങ്ങളും സാങ്കേതിക പിന്തുണയുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പോലും എന്തുകൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ട്,
ഉദാഹരണങ്ങളും.

ഐഡിയ മാത്രമല്ല പ്രധാനം

2014ല്‍ ഹൗസിംഗ്.കോം എന്ന സ്റ്റാര്‍ട്ടപ്പിനായി ഒരു കൂട്ടം യുവാക്കള്‍ 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചത് വെറും പത്ത് മിനിറ്റിനുള്ളിലാണ്. അടുത്ത
ബില്യണ്‍ ഡോളര്‍ കമ്പനിയെ കണ്ടെത്താന്‍ ബാങ്കുകളും വ്യക്തികളും വന്‍ തുകകള്‍ ഫണ്ട് ചെയ്യുന്ന കാലം. 'ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല മാറ്റിമറിക്കാന്‍' ലക്ഷ്യമിട്ട് തുടങ്ങിയ ഈ കമ്പനി പക്ഷെ അധികം വൈകാതെ തന്നെപ്രശ്‌നത്തിലായി. പണം എങ്ങനെ ചെലവഴിക്കും എന്നതിനെ കുറിച്ച് ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു.

അനാവശ്യമായ കാര്യങ്ങളിലെ ധൂര്‍ത്ത് ഒടുവില്‍ മൂലധനം പോലും ഇല്ല എന്ന സ്ഥിതിയില്‍ എത്തിച്ചു. 600 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി, സ്ഥാപകരായ രാഹുല്‍ യാദവിനും ആദിത്യ ശര്‍മയ്ക്കും പുറത്ത് പോകേണ്ടി വന്നു.

ഒരു നല്ല ബിസിനസ് പ്ലാന്‍ ഉണ്ടാക്കുക

പ്രൊപ്പോസലില്‍ വായിക്കുമ്പോള്‍ കൊള്ളാം, ചര്‍ച്ചചെയ്യുമ്പോള്‍ ഏറെ ആകര്‍ഷകം. പക്ഷെ, പലപ്പോഴും ഇത്തരം ആശയങ്ങള്‍ ആ മേഖലയുടെ വിവിധ വശങ്ങള്‍ കണക്കിലെടുക്കാറില്ല. പലര്‍ക്കും വിശദമായ ബിസിനസ് പ്ലാനുകളും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ അവ പരാജയപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ബിഞ്ചി എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് റെസ്‌റ്റൊറന്റുകളുടെ ഡീലുകളും ഡിസ്‌കൗണ്ടുകളും കൃത്യ സമയത്ത് അപ്‌ലോഡ് ചെയ്ത് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ്. പക്ഷെ, സ്ഥാപകനായ വിരാജ് ഗാഡോക്ക് ഒരു കാര്യം വിട്ടുപോയി. ഹോട്ടല്‍ മാനേജര്‍മാര്‍ക്ക് ഡിസ്‌കൗണ്ടുകളും മറ്റും തീരുമാനിക്കാനുള്ള അധികാരമില്ല. ഏറെ നാള്‍ കഴിയും മുന്‍പേ ബിഞ്ചി നിര്‍ത്തിയ വിരാജ് ഇപ്പോള്‍ ഒരു സോളാര്‍ സ്റ്റാര്‍ട്ടപ്പിന്റെ പപ്പുരയിലാണ്. വിദ്യാര്‍ത്ഥികളെ ഐഐടി, എംബിഎ പരീക്ഷകള്‍ക്ക് പഠിക്കാന്‍ സഹായിക്കുന്ന പ്രെപ് സ്‌ക്വയര്‍ തുടങ്ങിയ രാഘവ് വര്‍മ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. കുട്ടികളുടെ പഠനത്തില്‍ തീരുമാനം എടുക്കുന്നത് മാതാപിതാക്കളാണ്, അവര്‍ക്ക് താല്‍പ്പര്യം എപ്പോഴും കോച്ചിംഗ് സെന്ററുകളുമാണ്.

തെറ്റുന്ന കൂട്ടുകെട്ടുകള്‍

ഒരുമിച്ച് പഠിച്ച അല്ലെങ്കില്‍ ഒരേ രീതിയില്‍ ചിന്തിക്കുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങുന്നത് സ്വാഭാവികം. ഇവരുടെ സമാന ചിന്താഗതിയും താല്‍പ്പര്യങ്ങളും സംരംഭത്തെ സഹായിക്കുന്നതിന് പകരം അതിന്റെ പിളര്‍പ്പിന് കാരണവുമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. തുടങ്ങി 18മാസത്തിനുള്ളില്‍തന്നെ 85 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പൂട്ടിക്കെട്ടും എന്നാണ് കണക്ക്, ഇതില്‍ 65 ശതമാനം കേസുകളിലും പ്രശ്‌നം സ്ഥാപകര്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളാണ്. കൂട്ടുകാരിയുടെ കൂടെ ചേര്‍ന്ന് ഒരു എഡ്യുക്കേഷന്‍ സംരംഭം തുടങ്ങിയ ശബ്‌നം അഗര്‍വാള്‍ ഈ സ്റ്റാര്‍ട്ടപ് ഉപേക്ഷിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഒരാള്‍ക്ക് കിട്ടുന്ന പബ്ലിസിറ്റി മുതല്‍ ലീഡര്‍ഷിപ്പ് ഈഗോകള്‍ വരെ പല സംരംഭങ്ങള്‍ക്കും പ്രശ്‌നമാകാറുണ്ട്.

കൃത്യമായ ഫണ്ടിംഗ്

പുതിയ ആശയങ്ങളും പ്ലാനുകളുമായി ഫണ്ട് അന്വേഷിച്ച് നടക്കുന്ന വര്‍ക്ക് പോലുംഇത് എങ്ങനെ വിനിയോഗിക്കണം എന്ന് അറിയില്ല. സംരംഭം തുടങ്ങിക്കഴിഞ്ഞ ശേഷം ആവശ്യമായ ഫണ്ട് ഇല്ലാതെ നിര്‍ത്തിവച്ചതിനും ഉദാഹരണം പലതുണ്ട്. മിതമായ നിരക്കില്‍, വീട്ടിലുണ്ടാക്കിയ ഭക്ഷണം വിവിധ നഗരങ്ങളിലുള്ളവര്‍ക്ക് എത്തിക്കുക എന്ന ആശയവുമായി തുടങ്ങിയ സ്പൂണ്‍ജോയ് എന്ന സ്റ്റാര്‍ട്ടപ്പിന് സംഭവിച്ചതും മറ്റൊന്നല്ല. കൂടുതല്‍ ഡെലിവറി ഓര്‍ഡറുകള്‍ ലഭിച്ച് ലാഭമാകുന്നത് വരെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടത്ര ഫണ്ട് ഇല്ലാതെ വന്നപ്പോള്‍ സംരംഭം പൂട്ടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു സ്ഥാപകനായ മഹേഷ് ജെത്താനിക്ക്. ഒരു വലിയ കമ്പനിയായി വളര്‍ത്തണം എന്ന മോഹത്തോടെ തുടങ്ങുന്ന സംരംഭങ്ങള്‍ പലതും പാതി വഴിയെത്തും മുന്‍പേ കൊഴിയുന്നതിന്റെ പ്രധാന കാരണം ഫണ്ടിന്റെ കുറവും ചില സാഹചര്യങ്ങളില്‍ ധൂര്‍ത്തുമാണ്.

വിജയം തുടരാന്‍ വേണം ശ്രമം

നല്ല ഫണ്ടിംഗ്, മികച്ച കസ്റ്റമര്‍ പിന്തുണ, കഴിവുള്ള ടീം.. എന്നിട്ടും ചില സംരംഭങ്ങള്‍ ഒരു വര്‍ഷം കഴിയും മുന്‍പേ പരാജയമാകുന്നത് എന്തുകൊണ്ട്? ആദ്യ കാലത്തെ വിജയം നിലനിര്‍ത്താന്‍ പലര്‍ക്കും കഴിയാതെ പോകുന്നതിന്റെ പ്രധാന കാരണം വിജയത്തില്‍ നിലമറക്കുന്നത് തന്നെയാണ്. മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനോ പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്യാനോ പലരും മറക്കുന്നു.' ബാങ്കില്‍ പണം വന്നതോടെ ബ്രെയ്ന്‍ സ്റ്റോമിംഗ് എന്ന കാര്യം തന്നെ ഞങ്ങള്‍ ഉപേക്ഷിച്ചു,' ഹൗസിംഗ്.കോമിന്റെ സ്ഥാപകന്‍ ആദിത്യ ശര്‍മ പറയുന്നു. ഡെഡ് ലൈനുകളും ആക്ഷന്‍ പ്ലാനുകളും ഇല്ലാതെ വന്നപ്പോള്‍ ഒരു സംരംഭം കൂടി പരാജയമായി.

മറ്റൊരു ബോക്‌സര്‍ക്ക് പറയാനുള്ളതും സ്റ്റാര്‍ട്ട് അപ്പ് ബിസിനസിന് ബാധകമാണ്. മൈക് ടൈസണിന്റേതാണ് വാക്കുകള്‍. 'എല്ലാവര്‍ക്കും ഒരു പ്ലാനുണ്ട്. മുഖത്ത് നല്ലൊരു ഇടി കിട്ടുന്നത് വരെ.'

റിസ്‌ക്ക് ഒഴിവാക്കാന്‍ ഒരു ചെക് ലിസ്റ്റ്

* പുറമെ നിന്നുള്ള മൂലധനത്തെ ഒരുപാട് ആശ്രയിച്ച് കൊണ്ട് പദ്ധതികള്‍ പ്ലാന്‍ ചെയ്യരുത്.

* ഒരു പ്രശ്‌നത്തിന് പരിഹാരമാകുന്ന സര്‍വീസുകളും ഉല്‍പ്പന്നങ്ങളുമാണ് തുടങ്ങേണ്ടത്. വെറുതെ ഒരു താല്‍പ്പര്യത്തിന്റെ പുറത്ത് വാങ്ങാവുന്നവ ആകരുത് ഇവ.

* ഒന്നിലേറെ സ്ഥാപകരുള്ളത് റിസ്‌ക് കുറക്കും. പല ആശയങ്ങളും ചര്‍ച്ച ചെയ്യാനും മികച്ചവ മാത്രം സ്വീകരിക്കാനും ഇത് സഹായിക്കും. പക്ഷെ, തീരുമാനങ്ങള്‍ എടുക്കുന്ന കാര്യം വൈകുന്നതിന് ഇത് കാരണമാകാനും പാടില്ല.

* ബിസിനസിന്റെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് പരസ്പര ധാരണ വേണം.

* മാര്‍ഗ നിര്‍ദേശങ്ങള്‍ തരാന്‍ മെന്റര്‍മാരുടെ ഒരു പാനല്‍ ഉണ്ടാക്കുക.

* ക്യാഷ് ഫ്‌ളോയില്‍ പ്രത്യേക ശ്രദ്ധ വേണം

* സ്ഥാപനത്തിന് വ്യക്തമായ സംഘടനാ സംവിധാനം വേണം. ജോലികളും ഉത്തരവാദിത്തങ്ങളും ഡെലിഗേറ്റ് ചെയ്യാന്‍ സ്ഥാപകര്‍ ശ്രമിക്കണം.

By arrangement with Business Today

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it