ലൈഫ് ക്ലിക്ക് ആകാൻ ഐഡിയ മാത്രം പോരാ, ചങ്ങാതി!

ജെഫ് ബെസോസ്. ആമസോണ്‍ സ്ഥാപകന്‍. നെറ്റ് വര്‍ത്ത് 130 ബില്യണ്‍ ഡോളര്‍! റിച്ച് ലിസ്റ്റില്‍ ബില്‍ ഗേറ്റ്സിനെ കടത്തിവെട്ടി ഒന്നാമത്. 12 മാസത്തിനകം ആമസോണ്‍ ലോകത്തിലെ ആദ്യ ട്രില്യണ്‍ ഡോളര്‍ കമ്പനിയാകുമെന്ന് വാള്‍സ്ട്രീറ്റ് പ്രവചിച്ചു കഴിഞ്ഞു.

ഈ സൂപ്പര്‍ ഡ്യൂപ്പര്‍ കമ്പനിയുടെ ബിസിനസ് പ്ലാന്‍ തയാറാക്കാന്‍ എത്രനാള്‍ വേണ്ടി വന്നിട്ടുണ്ടാകും? ദിവസങ്ങളും മാസങ്ങളും അല്ല, ന്യൂയോര്‍ക്കില്‍ നിന്ന് സിയാറ്റിലിലേക്കുള്ള കാര്‍ യാത്രയിലാണ് ഈ പ്ലാന്‍ ജെഫ് എഴുതിയുണ്ടാക്കിയത്. രണ്ടാമത്തെ ദിവസം ലക്ഷ്യസ്ഥലത്ത് എത്തിയപ്പോഴേക്കും പ്ലാന്‍ റെഡി.

ഓണ്‍ലൈന്‍ ബിസിനസ് എന്ന ഐഡിയ ക്ലിക്ക് ചെയ്യുന്ന സമയത്ത് വാള്‍സ്ട്രീറ്റിലെ ഒരു ഹെഡ്ജ് ഫണ്ട് കമ്പനിയായ D.E.Shaw യില്‍ ആയിരുന്നു ജെഫിന്റെ ജോലി. അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ വൈസ് പ്രസിഡന്റ്! വര്‍ഷം 1994. ജെഫിന് വയസ് 30!

തുടക്കം കാര്‍ ഷെഡില്‍. കൂട്ടിന് ഭാര്യ മക്കെന്‍സിയും മൂന്ന് സഹായികളും. ആദ്യത്തെ മാസങ്ങളില്‍ പാക്കേജുകള്‍ കാറില്‍ നിറച്ച് പോസ്റ്റ് ഓഫീസില്‍ എത്തിച്ചിരുന്നത് ജെഫ് തന്നെ.

ഒരു കണക്കാണ് ഈ സംരംഭകന് വഴിത്തിരിവായത്. ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിന്റെ വാര്‍ഷിക വളര്‍ച്ച 2300 ശതമാനമാണ് എന്ന ഒരു റിപ്പോര്‍ട്ട് വായിച്ച ജെഫ് മൂന്നു മാസത്തിനുള്ളില്‍ ജോലി മതിയാക്കി, സിയാറ്റിലിലേക്ക് താമസം മാറ്റി, വാടകവീട്ടില്‍ നിന്ന് ആമസോണിനു തുടക്കവുമിട്ടു. പക്ഷേ, എന്തായിരുന്നു ഇത്ര തിരക്ക്? 'ആ കണക്ക് തന്നെ. ബാക്റ്റീരിയ അല്ലാതെ മറ്റെന്തെങ്കിലും അത് പോലെ പെരുകുമോ?'

കഴിഞ്ഞ വര്‍ഷം ഓര്‍ഗാനിക് ഫുഡ് മേഖലയില്‍ പ്രമുഖരായ ഹോള്‍ ഫുഡ്സ് ആമസോണിന്റെ ഭാഗമായി. 2006 ല്‍ തുടങ്ങിയ ആമസോണ്‍ വെബ് സര്‍വീസ്സെസ് ഇന്ന് കമ്പനിയുടെ റീറ്റെയ്ല്‍ ബിസിനെസ്സിനെക്കാളും ലാഭകരമായി പ്രവര്‍ത്തിക്കുന്നു. തെറ്റായ തീരുമാനങ്ങള്‍ എന്ന് പലപ്പോഴും മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ആമസോണിന് ഏറ്റവും ലാഭകരമായി മാറിയിട്ടുണ്ട്.

റിസ്‌ക് എടുക്കാനുള്ള ജെഫിന്റെ കഴിവ് തന്നെ ഇതിനു കാരണം. ആമസോണ്‍ പ്രൈം, വെബ് സീരീസ് എന്നിവ ഇങ്ങനെയുള്ള എടുത്തുചാട്ടങ്ങളായിരുന്നു, ഇപ്പോള്‍ ഏറ്റവും വിജയകരവും.
വളരെ വിചിത്രമായ ഒരു ഹോബിയുമുണ്ട് ഈ കോടീശ്വരന്. ഉപേക്ഷിക്കപ്പെട്ട നാസ റോക്കറ്റുകളുടെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ തിരയുക! മുങ്ങിക്കപ്പലുകളുമായി ഒരു സംഘം തന്നെ ഇതിനായി കൂടെയുണ്ടാകും. ചിലപ്പോള്‍ കുടുംബവും. ഇങ്ങനെയൊരു റോക്കറ്റ് വേട്ടയ്ക്കുവേണ്ടി ഒരിക്കല്‍ മൂന്ന് ആഴ്ചയാണ് ജെഫ് ചെലവഴിച്ചത്.

അമേരിക്കയിലെ ഏറ്റവും വലിയ ഭൂവുടമകകളുടെ ലിസ്റ്റില്‍ ഇന്ന് ജെഫ് ഉണ്ട്. സ്വന്തമായുള്ള വീടുകള്‍ പലത്. അയല്‍ക്കാരന്‍, ബില്‍ ഗേറ്റ്സ്. എയര്‍ബിഎന്‍ബിയും ഊബറും ഉള്‍പ്പെടെ പല ബിസിനസുകള്‍ക്കും വേണ്ടി ഫണ്ടിംഗ് നടത്തിയിട്ടുണ്ട് ജെഫ്. സ്വന്തമായ സ്ഥാപനങ്ങളിലൊന്ന് വാഷിംഗ് ടണ്‍ പോസ്റ്റ് എന്ന പ്രമുഖ പത്രമാണ്.

'ആശയം മാത്രമല്ല പ്രധാനം, അത് എങ്ങനെ നടപ്പില്‍ വരുത്തും എന്നതാണ് ശ്രദ്ധിക്കേണ്ടത്. രണ്ടുപേര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താല്‍ ചിലപ്പോള്‍ മികച്ച നൂറ് ഐഡിയകള്‍ കിട്ടും. പക്ഷെ, അതുകൊണ്ട് എന്ത് പ്രയോജനം? അവ യാഥാര്‍ഥ്യമാക്കുന്നതിലാണ് കാര്യം'
ഒരു സംരംഭം വിജയിപ്പിക്കാന്‍ എന്ത് ചെയ്യണം? 'നല്ല റിസര്‍ച്ച് നടത്തി മാര്‍ക്കറ്റ് മനസിലാക്കണം, മികച്ച ആളുകളെ കൂടെ നിര്‍ ത്തണം. ഷെയറുകള്‍ നല്‍കി അവരെയും ഉടമസ്ഥരാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ

ലക്ഷ്യത്തിലേക്കെത്താന്‍ ഒരുപാട് ചെറിയ കാര്യങ്ങളുണ്ടാകും, എന്തിന് മുന്‍ഗണന നല്‍കണം എന്ന് തീരുമാനിച്ച് പ്രവര്‍ത്തിക്കുക. നിങ്ങളുടെ വിഷന്‍ എല്ലാവരും പങ്കുവയ്ക്കുന്ന രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

കമ്പനി തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ ഐപിഒ പ്രഖ്യാപിച്ച് ബിസിനസ് ലോകത്തെ ഞെട്ടിച്ചു ജെഫ്. ഓഹരി വില 18 ഡോളര്‍, ഒരു വര്‍ഷം എത്തും മുമ്പ് ഇത് 100 ഡോളര്‍ ആയി. അപ്പോള്‍ ഇന്നോ? റെക്കോര്‍ഡുകള്‍ മറികടന്ന് 1300 ഡോളറിനും മീതെ നില്‍ക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it