ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ബിസിനസ് പ്ലാന്‍ മത്സരം നോക്കൂ, ഈ കുട്ടികളുണ്ടാക്കുന്ന മാറ്റം

നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ അഞ്ചു പെണ്‍കുട്ടികള്‍
അമേരിക്കയിലെ സിയാറ്റിലിലേക്ക് പറക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.
ഇപ്പോഴത്തെ കൊറോണ ഭീതി മൂലം പരിപാടികള്‍ റദ്ദ് ചെയ്യപ്പെട്ടില്ലെങ്കില്‍
രാജ്യാന്തര വേദിയില്‍ ടൈ കേരളയെ പ്രതിനിധീകരിച്ച് ഈ മിടുക്കികള്‍
തങ്ങളുടെ ബിസിനസ് പ്ലാന്‍ അവതരിപ്പിക്കും. ഇവര്‍ കേരളത്തിലെ ഒരു കൂട്ടം
പുതുതലമുറ കുട്ടികളുടെ പ്രതിനിധികളാണ്. സംരംഭകത്വം എന്താണെന്ന്്
വ്യക്തമായി അറിയുന്ന, എങ്ങനെ ഒരു ബിസിനസ് ആശയം കണ്ടെത്തണമെന്നറിയുന്ന,
ഒരു ആശയത്തില്‍ നിന്ന് ലാഭകരമായ ബിസിനസ് എങ്ങനെ
കെട്ടിപ്പടുക്കണമെന്നറിയുന്ന, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് കൃത്യമായി
നടത്തുന്ന കുട്ടി സംരംഭക സമൂഹത്തിന്റെ പ്രതിനിധികള്‍. ഇവരെ
വാര്‍ത്തെടുത്തതോ ആഗോള സംരംഭക കൂട്ടായ്മയായ ടൈയുടെ കേരള ചാപ്റ്ററിന്റെ
ആഭിമുഖ്യത്തില്‍ നടന്ന ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് (TYE) ബിസിനസ് പ്ലാന്‍
മത്സരവും.

സ്‌കൂള്‍ സിലബസിലെ വിഷയങ്ങള്‍ തന്നെ പഠിക്കുന്നത് 'ബോറിംഗ'് എന്നുപറയുന്ന
14നും 17നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് തഴക്കവും പഴക്കവും വന്ന
സംരംഭകരെ പോലും വിസ്മയിപ്പിക്കുന്ന ബിസിനസ് പ്ലാനുമായി ജയിച്ചുകയറുന്നത്.
എന്ത് മറിമായമാണ് നമ്മുടെ സ്‌കൂളുകളില്‍ നടന്നത്? അന്വേഷിച്ച്
ചെല്ലുമ്പോള്‍ മനസിലാകും സംരംഭകത്വത്തെ കുട്ടികള്‍ ഹൃദയത്തിലേറ്റുന്ന
വേറിട്ടൊരു ശൈലിയുടെ സവിശേഷത. ലീന്‍ കാന്‍വാസിലൂടെ സ്വന്തം ബിസിനസ്
ആശയത്തെ വ്യക്തമായ ഭാഷയില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കുട്ടികള്‍
വിവരിക്കുന്നത് അത്ഭുതത്തോടെയല്ലാതെ കണ്ടുനില്‍ക്കാനാവില്ല.

''എന്റര്‍പ്രണര്‍ഷിപ്പ് എന്നു കേള്‍ക്കുമ്പോള്‍ ഈ കുട്ടികള്‍ ഇനി
ഓടിയൊളിക്കില്ല. തിരിച്ചടികളെ ഭയക്കില്ല. ഇവരില്‍ തന്നെ വലിയൊരു വിഭാഗം
നാളെ മികച്ച സംരംഭകരായാലും അത്ഭുതപ്പെടാനില്ല. കാരണം അവര്‍ ആത്മവിശ്വാസം
ആര്‍ജ്ജിച്ചുകഴിഞ്ഞു. ഒരു സംരംഭം ആരംഭിക്കുന്നതിന്റെ അടിസ്ഥാനപാഠങ്ങള്‍
അവര്‍ ഗ്രഹിച്ചുകഴിഞ്ഞു,'' ടൈ കേരളയുടെ ടിവൈഇ പ്രോഗ്രാമിന് നേതൃത്വം
നല്‍കുന്ന അനിഷ ചെറിയാന്‍ പറയുന്നു.

എന്താണ് ടിവൈഇ?


2005ലാണ് രാജ്യാന്തര സംഘടനയായ ടൈ കുട്ടികളില്‍ സംരംഭകത്വ അവബോധം
സൃഷ്ടിക്കാന്‍ ടിവൈഇ പ്രോഗ്രാം അവതരിപ്പിച്ചത്. 14നും 17നും ഇടയില്‍
പ്രായമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ ടിവൈഇ കരിക്കുലത്തെ ടൈ കേരള,
ഇവിടുത്തെ പ്രത്യേക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പരിഷ്‌കരിച്ചു.
കടുക്കട്ടി ബിസിനസ് ആശയങ്ങളെയും വാക്കുകളെയും ലളിതമാക്കി.

എന്നാല്‍ അതിന്റെ അന്തസത്ത അതേപടി നിലനിര്‍ത്തി. ഇതിനെല്ലാം നേതൃത്വം നല്‍കിയത്
അനിഷ ചെറിയാനാണ്. കോര്‍പ്പറേറ്റ് ട്രെയ്‌നിംഗ്, എച്ച് ആര്‍
റിക്രൂട്ട്‌മെന്റ്, ട്രെയ്‌നിംഗ് എന്നീ മേഖലകളില്‍ വര്‍ഷങ്ങളുടെ
പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ അക്കാദമിയുടെ മാനേജിംഗ് ഡയറക്റ്ററായ അനിഷ
ചെറിയാന്‍ തന്റെ അനുഭവ സമ്പത്തില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നുമാണ്
കിടയറ്റ പരിശീലന പരിപാടി സ്‌കൂള്‍ കുട്ടികള്‍ക്കായി
വികസിപ്പിച്ചെടുത്തത്.

(വിശദമായ റിപ്പോര്‍ട്ട് ധനം മാര്‍ച്ച് 31 ലക്കത്തില്‍ വായിക്കാം)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it