സ്വയം തൊഴില്‍ സംരംഭകരേ, സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യൂ
ലോക്ക് ഡൗണില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ മുന്നിലാണ് സ്വയംതൊഴില്‍ സംരംഭകര്‍. കാഷ് ഫ്‌ളോയിലുണ്ടാകുന്ന കുറവാണ് അതിലൊന്ന്. മാത്രമല്ല, മറ്റു തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുണ്ടെങ്കില്‍ സ്വയം തൊഴില്‍ സംരംഭകന് അത് സ്വയം നേടണം. സാമ്പത്തികമായ ഏതു പ്രശ്‌നവും സ്വയം പരിഹരിക്കണം. പണം സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ മാത്രമേ ഈ കൊവിഡ് കാലത്ത് പിടിച്ചു നില്‍ക്കാനാകൂ. സ്വയം തൊഴില്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളിതാ…
1. എമര്‍ജന്‍സി ഫണ്ട് വര്‍ധിപ്പിക്കുക
ഏതൊരു വ്യക്തിയും ചുരുങ്ങിയത് ആറുമാസത്തെ ചെലവിന് തുല്യമായ തുക എമര്‍ജന്‍സി ഫണ്ടായി നീക്കിവെക്കണമെന്നാണ്. എന്നാല്‍ സ്വയംതൊഴില്‍ സംരംഭകരാകട്ടെ 9 മുതല്‍ 12 മാസം വരെയുള്ള തുക എമര്‍ജന്‍സി ഫണ്ടായി കരുതി വെക്കണം. കൊവിഡ് 19 പോലുള്ള സാംക്രമിക രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധി എത്രകാലം നീണ്ടു പോകുമെന്ന് പറയാനാവില്ല. അപ്പോള്‍ എമര്‍ജന്‍സി ഫണ്ടില്ലാതെ നിലനില്‍പ്പ് പോലും പ്രശ്‌നത്തിലാകും. മികച്ച നേട്ടം തരുന്ന സേവിംഗ് എക്കൗണ്ടിലോ മറ്റോ ഇത് നിക്ഷേപിക്കാം. ഉയര്‍ന്ന നേട്ടത്തിന് പകരം എളുപ്പത്തില്‍ പിന്‍വലിക്കാനാകുന്നതും സുരക്ഷിതവുമായ നിക്ഷേപമായിരിക്കണം അത്. അത്യാവശ്യ സമയത്ത് കടക്കെണിയിലാകാതെ എമര്‍ജന്‍സി ഫണ്ട് നിങ്ങളെ സഹായിക്കും.
2. ഇഎംഐ അടക്കാന്‍ ഡിജിറ്റല്‍ വഴി തേടുക
ഈ പ്രത്യേക സാഹചര്യത്തില്‍ ഇഎംഐ, എസ്‌ഐപി, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ വിവിധ പേമെന്റുകള്‍ ഡിജിറ്റലായി ചെയ്യുക. ചെക്കോ കാഷോ ആയി അടക്കുന്നത് കഴിയുന്നതും ഒഴിവാക്കി യുപിഐ, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഇ വാലറ്റ്‌സ് എന്നിവ വഴിയാക്കാം. അത് സാമൂഹിക അകലം സൂക്ഷിക്കുന്നതിനും പേമെന്റ് വൈകാതിരിക്കാനും സഹായിക്കും.
3. ആരോഗ്യ ഇന്‍ഷുറന്‍സ് പരിശോധിക്കുക
ആരോഗ്യ ഇന്‍ഷുറന്‍സ് ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രൂമെന്റ് കൂടിയാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ക്ക് മാത്രമല്ല, കൊവിഡ് 19 വന്നാ്ല്‍ ചികിത്സിക്കാനും അതുപകരിക്കും. നിലവിലുള്ള എല്ലാ പോളിസിയുടമകള്‍ക്കും കൊവിഡ് 19 നുള്ള സംരക്ഷണം കൂടി നല്‍കിയിരിക്കണമെന്ന് ഐആര്‍ഡിഎഐ കഴിഞ്ഞ മാസം നാലിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി ചെലവ്, ആമ്പുലന്‍സ് വാടക, ക്വാറന്റൈനുമായി ബന്ധപ്പെട്ട ചെലവുകള്‍, വിവിധ ടെസ്റ്റുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇതിലൂടെ പണം ലഭിക്കും. എംപ്ലോയ് ഗ്രൂപ്പ് ഹെല്‍ത്ത് പോളിസികളില്‍ നിന്ന് തൊഴിലുടമയായ സംരംഭകന്‍ പുറത്തായിരിക്കാം. അതുകൊണ്ട് സ്വയംതൊഴില്‍ സംരംഭകരും കുടുംബവും മികച്ച ഹെല്‍ത്ത് പോളിസി എടുത്തുവെന്ന് ഉറപ്പിക്കുക.
4. വായ്പ യഥാസമയം തിരിച്ചടയ്ക്കുക
ആര്‍ബിഐ വായ്പകളിന്മേല്‍ മൂന്നു മാസത്തെ മൊറട്ടേറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യഥാസമയം തിരിച്ചടയ്ക്കുന്നത് തന്നെയാണ് ലാഭകരം. അല്ലെങ്കില്‍ അതുവരെയുള്ള പലിശയും മറ്റുമായി തിരിച്ചടവില്‍ വലിയ വര്‍ധനയുണ്ടാകാം. ഒരുതരത്തിലും സാധ്യമല്ലെങ്കില്‍ മാത്രമേ മൊറട്ടേറിയം പ്രയോജനപ്പെടുത്താവൂ. ക്രെഡിറ്റ് കാര്‍ഡ് ഡ്യൂസ് അടക്കാനുള്ളവര്‍ സമയത്ത് തന്നെ അടക്കുക. കാരണം അതല്ലെങ്കില്‍ 23 മുതല്‍ 49.36 ശതമാനം വരെയാകാം പലിശ നല്‍കേണ്ടി വരിക. മറ്റൊരു കാര്‍ഡില്‍ നിന്ന് ബാലന്‍സ് ട്രാസ്ഫര്‍ ചെയ്ത് പണം കണ്ടെത്താനാകും. അതല്ലെങ്കില്‍ ഇഎംഐയായി ചെറിയ ഇന്‍സ്റ്റാള്‍മെന്റായി തുക അടക്കാനുള്ള വഴി തേടുക.
5. നിക്ഷേപങ്ങളില്‍ നിന്ന് പിന്തിരിയരുത്
നിലവിലെ സാഹചര്യത്തില്‍ വില താഴേക്ക് കൂപ്പുകുത്തുമ്പോള്‍ പലര്‍ക്കും തങ്ങളുടെ മൂച്വല്‍ ഫണ്ടും ഓഹരികളും വിറ്റഴിക്കാനുള്ള തോന്നല്‍ ഉണ്ടാകും. എന്നാല്‍ പിന്‍വലിക്കാന്‍ മുതിരരുത്. പകരം ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ട് വൈവിധ്യമാര്‍ന്ന ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി കൂടുതല്‍ നേട്ടങ്ങള്‍ക്കുള്ള വഴി തുറക്കുക. എമര്‍ജന്‍സി ഫണ്ട് എടുത്ത് ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൊവിഡ് 19 പോലുള്ള മഹാമാരി ഓഹരി വിപണിയെയും നിങ്ങളുടെ സംരംഭത്തെയും ഒരേസമയം തളര്‍ത്തുമ്പോള്‍ വലിയ നഷ്ടത്തിന് ഓഹരി വിറ്റഴിക്കേണ്ട സ്ഥിതി വരും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline