ബിസിനസിനെ വളര്‍ത്തും ചെറുതെന്നു തോന്നുന്ന ഈ 'വലിയ' കാര്യങ്ങള്‍

ഒരാള്‍ ഒറ്റയ്ക്ക് ഒരു ബിസിനസ് തുടങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വിഷന്‍, ഡ്രീം തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് പല ട്രെയ്നിംഗ് ക്ലാസുകളും പുസ്തകങ്ങളും വിശദീകരിക്കുന്നത്. എന്നാല്‍ പാഷനോടെ അധികമൊന്നുമറിയാതെ ബിസിനസ് തുടങ്ങുക മാത്രം ചെയ്തിട്ടുള്ളവരെ അലട്ടുന്നത് വളരെ ചെറിയ പ്രശ്നങ്ങളാണ്. അതുകൊണ്ട് ബിസിനസ് തുടങ്ങുമ്പോള്‍ എന്തൊക്കെ ചെറിയ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്ന് സ്വന്തം അനുഭവത്തില്‍നിന്ന് പറഞ്ഞുതരാന്‍ കഴിഞ്ഞാലോ? ഇതാ അത്തരം അനുഭവങ്ങളിലൂടെ, ചെറിയ വീഴ്ചകളിലൂടെ മുന്നേറിയ പാഠങ്ങള്‍ പങ്കുവയ്ക്കപ്പെടുകയാണ് ഇവിടെ. വായിക്കാം ബിസിനസിനെ വളര്‍ത്തുന്ന ചെറുതെന്നു തോന്നുന്ന വലിയ കാര്യങ്ങള്‍ സജീവ് നായര്‍ പറയുന്നു.

  • എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ എനിക്കത് കഴിയുമായിരുന്നില്ല.അതുകൊണ്ട് ഞാന്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ചു. ഇതിന് ഞാന്‍ ജോലികള്‍ മറ്റുള്ളവര്‍ക്കായി വിഭജിച്ചു നല്‍കി. ഇതിനായി ഓരോരുത്തര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ മാത്രം നല്‍കിയാല്‍ മതി എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ അത് എല്ലാത്തിനെയും സ്വയം നിയന്ത്രിക്കലാണ്. എല്ലാം സ്വയം ചെയ്യുന്നതുപോലെയാണ്. ജോലിചെയ്യുന്നവര്‍ക്ക് എങ്ങനെ ചെയ്യണം എന്ന കാര്യത്തല്‍ യാതൊരു പങ്കാളിത്തവുമില്ല. ഞാന്‍ പറയുന്നത് അവര്‍ വെറുതെ അനുസരിക്കുന്നു എന്ന് മാത്രം. അങ്ങനെയല്ല വേണ്ടത്. അധികാരവും ഉത്തരവാദിത്തവും അവര്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കണം. എങ്കിലേ സ്വയം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി പലര്‍ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം നിങ്ങളുടെ സ്ഥാപനത്തിന് ലഭിക്കൂ.

  • വിജയിക്കാനും വളരാനും ഉള്ള മാര്‍ഗങ്ങളെക്കുറിച്ച് പല തരത്തിലുള്ള ചിന്താഗതകിളും ഉണ്ട്. വേഗത്തില്‍ വലുതായി മുന്നേറുക എന്നതാണ് അതിലൊന്ന്. എന്നാല്‍ അനുഭവം നമ്മെ പഠിപ്പിക്കുന്നത് ശരിയായ അടിത്തറയില്ലാതെ വളര്‍ന്നാല്‍ തകരും എന്നാണ്. പെട്ടെന്ന് ഉണ്ടാക്കുന്ന പണം ശാശ്വതമല്ല. അതുകൊണ്ട് ചെറിയ രീതിയില്‍ തുടങ്ങുക. കഴിയുന്നത്ര ചുരുക്കി പണം ചെലവാക്കുക.

  • ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കരുത് എന്ന് പലരും ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ബിസിനസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നേരെ വിപരീതമായി ചെയ്യുന്നതാണ് ഫലപ്രദം എന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിക്കുന്നത്. ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഞാന്‍ എന്റെ കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കും. ഒന്നുകില്‍ ഏതെങ്കിലും പ്രശ്നത്തെക്കുറിച്ചുള്ള ഇ-മെയ്ല്‍ വായിക്കും. അല്ലെങ്കില്‍ ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് കുറിപ്പ് എഴുതും. രാത്രി മുഴുവന്‍ ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കും എന്ന് മനസില്‍ പറയും. അതിനുശേഷം ഉറങ്ങാന്‍ കിടക്കും. ഞാന്‍ ഉറങ്ങുമ്പോള്‍ അബോധമനസ് ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. ചിലപ്പോഴൊക്കെ രാവിലെ ഞാനുണരുന്നത് തലേന്ന് ചിന്തിച്ച പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരവുമായിട്ടായിരിക്കും. അല്ലെങ്കില്‍ അതിനുള്ള വിവിധ വഴികളുമായിട്ടായിരിക്കും.

  • എന്നെപ്പോലെ നിരവധി ബിസിനസ് സംരംഭകരുടെ കൈവശമുള്ള ഏറ്റവും വലിയ ഉപകരണം കംപ്യൂട്ടറായിരിക്കും. അതില്ലാതെ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്റെ ഓഫീസാണ് എന്റെ കംപ്യൂട്ടര്‍. എന്നിട്ടും നമ്മില്‍ പലരും എന്തുകൊണ്ടാണ് അതിലെ വിവരങ്ങളുടെ ബാക്ക്അപ്പ് സ്ഥിരമായി എടുത്ത് വെയ്ക്കാത്തത്? കൃത്യമായി അതിനെ പരിപാലിക്കാത്തത്? എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ മാത്രമേ അതിനേക്കുറിച്ചൊക്കെ നാം ചിന്തിക്കൂ. അപ്പോഴൊക്കെ അത് വലിയ പ്രശ്നമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് നല്ല കംപ്യൂട്ടര്‍ വാങ്ങുക. ലൈസന്‍സുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുക. കൃത്യമായി പരിപാലിക്കുക.

  • ബിസിനസിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് എപ്പോഴും അറിവുണ്ടായിരിക്കണം എന്ന ഉപദേശം നാം സദാ കേള്‍ക്കാറുള്ളതാണ്. അതിനായി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും വേണം. ബിസിനസിലെ പല തുടക്കക്കാരും ഇങ്ങനെ ചെയ്യാറില്ല. കാരണം തുടക്കത്തിലെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതായിരിക്കും. എനിക്കാണെങ്കില്‍ നിരാശപ്പെടുത്തുന്ന കണക്കുകള്‍ കാണുന്നതേ ഇഷ്ടമല്ല. എന്നില്‍ ആവേശവും സന്തോഷവും ജനിപ്പിക്കുന്ന കണക്കുകള്‍ കാണുന്നതാണ് എനിക്ക് ഇഷ്ടം.

  • എന്നാല്‍ മോശം കണക്കുകളെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മള്‍ കാട്ടിയില്ല എങ്കില്‍ ഒരിക്കലും നമ്മുടെ വില്‍പ്പനയും ആദായവുമൊന്നും വലിയ അക്കത്തിലേക്ക് എത്തില്ല. ഇതിനായി ഞാന്‍ എനിക്ക് സ്വന്തമായി ഒരു എക്കൗണ്ടിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഉണ്ട് എന്ന് സങ്കല്‍പ്പിച്ചു.

  • എന്നെ ഞാന്‍ സ്വയം എക്കൗണ്ട്സ് മാനേജരായും സങ്കല്‍പ്പിച്ചു. എന്നിട്ട് കണക്കുകള്‍ തയ്യാറാക്കാന്‍ തുടങ്ങി. എന്റെ ബിസിനസിലെ കയറ്റിറക്കങ്ങളെ വിമര്‍ശന ബുദ്ധിയോടെ നോക്കി കാണാന്‍ ഇതെന്നെ സഹായിച്ചു.

നിങ്ങളുടെ ബിസിനസ് ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന ആത്മ പരിശോധന നടത്താനായി www.bramma.in ആ സന്ദര്‍ശിക്കുകയോ സംശയങ്ങള്‍ sajeev@brahma.in ലേക്ക് അയക്കുകയോ ചെയ്യുക. (ലേഖനം 2010 ജൂലൈയില്‍ ധനം പ്രസിദ്ധീകരിച്ചത്. )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it