ഒരേ കഴിവുണ്ടായിട്ടും ചിലര്‍ മാത്രം എന്തേ പരാജയപ്പെടുന്നു?

ജീവിതത്തിലായാലും ബിസിനസിലായാലും വളരെയധികം ഉയരുമെന്ന് വിചാരിക്കുന്ന പലരും ഉയര്‍ന്നു വരില്ല, എന്നാല്‍ തീരെ സാധ്യതയില്ല എന്ന് തോന്നിയവര്‍ ഉയരങ്ങള്‍ കീഴടക്കുന്നു. അവസരങ്ങള്‍ ഒരുപോലെയായിരുന്നു, നിക്ഷേപം ഒരുപോലെയായിരുന്നു, ജോലി ചെയ്യുന്ന രീതിയും ഒരുപോലെ. എന്നിട്ടും ചില ആളുകള്‍ കഠിനപരിശ്രമം നടത്തിയിട്ടും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആകുന്നില്ല. ഈ പ്രശ്‌നത്തെക്കുറിച്ച് പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും സംരംഭകത്വ പരിശീലകനുമായ സജീവ് നായര്‍ പറയുന്നതിങ്ങനെയാണ്. ''ലക്ഷക്കണക്കിന് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഈ വിഷയത്തിലേക്ക് ഞാന്‍ ഗാഢമായി ഇറങ്ങിച്ചെന്നു. ജീവിതത്തില്‍ വിജയിച്ച ആളുകളോട് അവരുടെ വിജയത്തെ സഹായിച്ച ഘടകങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചു. അവരെല്ലാം കഠിനമായി പരിശ്രമിച്ചു. എന്നാല്‍ അവരെക്കാള്‍ കഠിനമായി പരിശ്രമിക്കുന്ന ആളുകള്‍ അതേ മേഖലയിലുണ്ട്. വിജയിച്ച ആളുകള്‍ക്ക് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിലും വലിയ സ്വപ്നങ്ങള്‍ ഉള്ള ആളുകളും ഉണ്ട്. വിജയിച്ചവര്‍ക്ക് അവരുടെ മേഖലകളില്‍ വൈദഗ്ധ്യം ഉണ്ട്. എന്നാല്‍ അതിനെക്കാളും വൈദഗ്ധ്യമുള്ള ആളുകള്‍ അതേ മേഖലയിലുണ്ട്. എന്നിട്ടും എന്തൊക്കെ ഘടകങ്ങളാണ് അവരെ തമ്മില്‍ വേര്‍തിരിച്ച് നിര്‍ത്തുന്നത്? ചില പൊതു ഘടകങ്ങള്‍ വിജയിച്ച ആളുകളില്‍ നമുക്ക് ദര്‍ശിക്കാം.

എല്ലായ്പ്പോഴും ഒരു പോസിറ്റീവ് മനോഭാവം അവര്‍ നിലനിര്‍ത്തുന്നു. ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്നും ആ പദ്ധതി അവരുടെ നല്ലതിനുവേണ്ടിയുള്ളതാണെന്നും അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ചുറ്റുപാടിനെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്തുന്നില്ല. ആളുകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമൊക്കെ അവര്‍ പോസിറ്റീവ് വിശകലനങ്ങള്‍ മാത്രം നടത്തുന്നു. 90 ശതമാനം ആളുകളും നല്ലവരാണെന്നും 10 ശതമാനം ആളുകള്‍ മാത്രമേ മോശക്കാരായിട്ടുള്ളൂവെന്നും അവര്‍ വിശ്വസിക്കുന്നു. 90ശതമാനം ആളുകള്‍ക്കുവേണ്ടി പദ്ധതികള്‍ അവര്‍ മെനയുന്നു. (സാധാരണ ആളുകള്‍ നേരത്തെ പറഞ്ഞ 10 ശതമാനത്തിന് വേണ്ടിയായിരിക്കും പദ്ധതികള്‍ തയാറാക്കുക). അവര്‍ക്ക് ഫലപ്രാപ്തിയെക്കുറിച്ച് ആകുലതയില്ല. ഒരാള്‍ ശരിയായ ദിശയില്‍, ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ഫലം ലഭിക്കുമെന്നുതന്നെ അവര്‍ വിശ്വസിക്കുന്നു.

ആറ്റിറ്റിയൂഡ്, സെല്‍ഫ് ഇമേജ്, കാരക്റ്റര്‍ തുടങ്ങിയവ മാത്രം മെച്ചെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു മാത്രം പറയുന്നതുകൊണ്ടാണ് സാധാരണ മോട്ടിവേഷണല്‍ ട്രെയ്നിംഗുകളും ഇത്തരം പുസ്തകങ്ങളും പരാജയെടുന്നത്. നിങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട് എങ്കില്‍ തല്‍ക്കാലത്തേക്ക് നിങ്ങള്‍ക്ക് നന്നായി പെരുമാറാന്‍ കഴിയും. നിങ്ങള്‍ ഒരു ഇന്റര്‍വ്യൂവിന് പോകുകയാണ് എങ്കില്‍ നിങ്ങള്‍ നന്നായി വസ്ത്രം ധരിക്കും. മുഖത്ത് പുഞ്ചിരി ഉണ്ടാകും. നല്ല ഭാഷയില്‍ സംസാരിക്കും. പക്ഷേ ഉള്ളില്‍ നിങ്ങളുടെ ചിന്തകള്‍ എന്തായിരിക്കും? ഇത്രയും ഉയര്‍ന്ന പദവിയിലേക്ക് ഞാന്‍ തെരെഞ്ഞെടുക്കപ്പെടില്ല, എനിക്ക് എന്റെ പരിമിതി അറിയാം, ഇന്റര്‍വ്യൂവിന് വെറുതെ വന്നു എന്നേയുള്ളൂ എന്നിങ്ങനെയാണ് നിങ്ങളുടെ ചിന്ത എങ്കില്‍ എത്ര നന്നായി നിങ്ങള്‍ നിങ്ങളെക്കുറിച്ച് പറഞ്ഞാലും നിങ്ങള്‍ ഒരിക്കലും തെരഞ്ഞെടുക്കപ്പെടില്ല.

മനോഭാവത്തില്‍ മാറ്റം വരുത്തിക്കൊണ്ട് നിങ്ങള്‍ക്ക് ചെറിയ നേട്ടങ്ങള്‍ കൈവരിക്കാം. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ നിങ്ങളുടെ ചിന്താരീതി തന്നെ മാറ്റണം. നിങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ നിങ്ങളുടെ തലച്ചോറിന് തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്താരീതിയാണ് നിങ്ങളുടേത്. അത് മാറ്റുക എന്നത് ഏറെ ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ ഇപ്പോള്‍ ചിന്താരീതികളെ മാറ്റാനുള്ള ചില വിദ്യകളുണ്ട്. നൂറുകണക്കിന് ആളുകളെ അതിന് പരിശീലിപ്പിച്ച് വിജയിപ്പിച്ച അനുഭവ സമ്പത്തിന്റെ പിന്‍ബലത്തില്‍ എനിക്ക് പറയാന്‍ കഴിയും അത്തരം വിദ്യകളുപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്താരീതികള്‍ മാറ്റാന്‍ കഴിയും എന്ന്.

ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.sajeevnair.com, www.thoughtretreat.com എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it