സോഫ്റ്റ്‌സ്‌കില്‍ പരിശീലനത്തില്‍ വേറിട്ട വഴിയിലൂടെ

ട്രെയ്‌നിംഗ് രംഗത്തേക്കുള്ള സുജാതയുടെ കടന്നുവരവ് തികച്ചും ആകസ്മികമായിരുന്നു. വളരെ നേരത്തെ വിവാഹിതയായ സുജാത മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് കരിയറിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കംപ്യൂട്ടര്‍ അദ്ധ്യാപനമേഖലയിലായിരുന്നു തുടക്കം. അവിടെ നിന്ന് എയര്‍ലൈന്‍ രംഗത്തേക്കു വന്ന സുജാതയുടെ കരിയര്‍ ഗ്രാഫ് അതിവേഗമാണ് മുകളിലേക്കുയര്‍ന്നത്. ഒടുവില്‍ ലുഫ്താന്‍സ എയര്‍ലൈ ന്‍സിന്റെ കേരള മാനേജര്‍ എന്ന പദവിയിലിരിക്കുമ്പോഴാണ് കൊല്ലത്തേക്ക് താമസം മാറേണ്ടി വന്നത്. അവിടെ കൊല്ലം അമൃത യൂണിവേഴ്‌സിറ്റിയുടെ ട്രെയ്‌നിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായി ജോലിയില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കമ്യൂണിക്കേഷന്‍, സോഫ്റ്റ്‌സ്‌കില്‍ മേഖലകളില്‍ പരിശീലനം നല്‍കി ജോലിക്ക് അവരെ അനുയോജ്യരാക്കി മാറ്റാനായി.

അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറി

അങ്ങനെയിരിക്കെ ഭര്‍ത്താവിന്റെ ബിസിനസിനായി കൊച്ചിയിലേക്ക് വീണ്ടും താമസം മാറ്റേണ്ടിവന്നപ്പോള്‍ അമൃതയിലെ ജോലി രാജിവെക്കേണ്ടി വന്നു. കൊച്ചിയിലേക്ക് തിരിച്ചെത്തിയെങ്കിലും അമേരിക്കയിലുള്ള മകളോടൊപ്പം കുറച്ചുനാള്‍ അവിടെ പോയി നില്‍ക്കേണ്ടിയും വന്നു. ജീവിതത്തില്‍ സംഭവിച്ച ഈ മാറ്റങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ സുജാത അവസരമാക്കി മാറ്റി. അമേരിക്കയില്‍ വെച്ച് ഏതാനും ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്തു. വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് മനസിലാക്കി എങ്ങനെ പെരുമാറണമെന്ന് പരിശീലിപ്പിക്കാനുള്ള വൈദഗ്ധ്യം അവിടെനിന്ന് ലഭിച്ചു.

തിരിച്ച് കൊച്ചിയിലെത്തി സ്വന്തമായി 'തന്മയി' എന്ന പേരില്‍ പരിശീലനം ആരംഭിക്കുകയായിരുന്നു. പ്രധാനമായും കമ്യൂണിക്കേഷന്‍, സോഫ്റ്റ്‌സ്‌കില്‍ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി ഐ.റ്റി കമ്പനികളിലും ഹോട്ടലുകളിലും എന്‍ജിനീയറിംഗ് കോളെജുകളിലും കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും സുജാത ഇന്ന് പരിശീലനം നല്‍കുന്നു. ഐ.റ്റി പ്രൊഫഷണലുകള്‍ക്ക് പ്രോജക്റ്റുകള്‍ക്കായി വിദേശത്തേക്ക് പോകേണ്ടിവരുമ്പോള്‍ സുജാതയുടെ പരിശീലനം ഏറെ പ്രയോജനപ്പെടുന്നു.

നിരവധി വേദികളില്‍ പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ 600 വനിത കോണ്‍സ്റ്റബിളുമാര്‍ക്ക് പരിശീലനം നല്‍കാനായത് വലിയ നേട്ടമായി സുജാത കാണുന്നു. കാരണം പൊലീസിലേക്ക് തെരഞ്ഞെടുത്തശേഷമുള്ള അവരുടെ 10 മാസ ട്രെയ്‌നിംഗിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ക്ലാസുകളെടുക്കാന്‍ സാധിച്ചു. ഇതില്‍ സുജാതയെ സഹായിക്കാന്‍ ട്രെയ്‌നര്‍മാരുടെ ഒരു ടീമും ഉണ്ടായിരുന്നു.

കുട്ടികള്‍ക്കായി തീയറ്റര്‍ വര്‍ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നു. ഈ രംഗത്തേക്കു വരുന്ന യുവാക്കളായ പരിശീലകരെ മെന്റര്‍ ചെയ്യുകയെന്നതാണ് അടുത്ത ലക്ഷ്യം. ഹോസ്പിറ്റിലാറ്റി മേഖലയിലെ കണ്‍സള്‍ട്ടന്റായ ഭര്‍ത്താവ് അനില്‍ കൃഷ്ണനാണ് സുജാതയുടെ പ്രചോദനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it