വനിതകളെ വിജയികളാക്കുന്നതെന്ത്?

വിജയിയായ ഏതൊരു പുരുഷനും പിന്നിലുണ്ടാകും ഒരു സ്ത്രീ എന്നത് ഒരു പഴയചൊല്ല്. വിജയകരമായ ഏതൊരു പ്രസ്ഥാനത്തിനു പിന്നിലുമുണ്ടാകും അറിവും വൈദഗ്ധ്യവും കാര്യപ്രാപ്തിയുമുള്ള വനിതകളുടെ സാന്നിധ്യം എന്നാണ് പുതുമൊഴി.പ്രൊഫഷണല്‍ രംഗത്തും സംരംഭകത്വ മേഖലയിലും തിളക്കമാര്‍ന്ന കഥകള്‍ സ്വയമെഴുതിയവര്‍ നമുക്കിടയിലുണ്ട്, അവരുടെ എണ്ണം അത്ര ഏറെ ഇല്ലെങ്കിലും. മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ പുരോഗമന ചിന്തയുള്ളവരാണ് കേരളീയര്‍. ഇവിടെ സ്ത്രീ വിദ്യാഭ്യാസം വിലക്കപ്പെട്ട ഒന്നല്ല. തലമുതിര്‍ന്ന സ്ത്രീ നാട് ഭരിച്ചിരുന്ന കീഴ്വഴക്കം നിലനിന്ന രാജവംശമുള്ള നാടാണ് കേരളം!

ഇന്നും കേരളീയ വനിതകള്‍ രചിക്കുന്നത് പുതിയ വീരഗാഥകളാണ്. കുടുംബശ്രീയിലൂടെയും മറ്റ് സ്വാശ്രയ സംഘങ്ങളിലൂടെയും സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ കെട്ടിപ്പടുത്ത് മുന്നേറുന്നവര്‍ ഏറെ. കോര്‍പ്പറേറ്റ് മേഖലയിലും വനിതകള്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയിരിക്കുന്നു.

എന്നാല്‍ ഇവരുടെ എണ്ണം തുലോം തുച്ഛമാണ്. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ വനിതാമുന്നേറ്റം പരിഗണിക്കുമ്പോള്‍ സംരംഭകത്വ മേഖലയിലേക്ക് ഇനിയുമേറെ പേര്‍ കടന്നുവരേണ്ടിയിരിക്കുന്നു. എന്താണ് ഇവരെ തടഞ്ഞുനിര്‍ത്തുന്ന ഘടകം? എങ്ങനെയാണ് അതിനെ മറികടക്കേണ്ടത്? തങ്ങളെ ചുറ്റിവരിയുന്ന ചങ്ങല പൊട്ടിച്ചെറിയാന്‍ ആദ്യം വേണ്ടത് അങ്ങനെയൊന്നുണ്ടെന്ന തിരിച്ചറിവാണ്. സമൂഹത്തില്‍ ഏത് രംഗത്തും വിജയിച്ച സ്ത്രീകളെ അടുത്തറിഞ്ഞു നോക്കൂ. അവര്‍ക്കുമുണ്ടായി പിന്നിലേക്ക് വലി
ക്കുന്ന നിരവധി ഘടകങ്ങള്‍. പക്ഷേ അവര്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ചുവടൊന്നു മാറ്റിയെങ്കിലും യാത്ര ഉപേക്ഷിച്ചില്ല.

''യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വനിതാസംരംഭകര്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യമുണ്ട്. വിദ്യാഭ്യാസപരമായി അവര്‍ ഏറെ മുന്നിലാണ്. പുരോഗമന ചിന്തയുള്ള സമൂഹമാണ്. ക്രിയേറ്റിവിറ്റിയുമുണ്ട്. എന്നാല്‍ 'മിഡില്‍ ക്ലാസ് കള്‍ച്ചറാണ്' ഇവിടെ സ്ത്രീകളെ പിന്നോട്ടുവലിക്കുന്ന ഘടകം,'' മുന്‍ കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ചൂണ്ടിക്കാട്ടുന്നു.

ബഹുമുഖ വൈദഗ്ധ്യം

കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുമ്പോള്‍ അതിന്റെ സന്തുലിതാവസ്ഥ തകരുമെന്ന് കരുതുന്ന ഒന്നിലേക്കും സ്ത്രീകള്‍ പോകില്ല. പക്ഷേ അതേ സമൂഹത്തില്‍ തന്നെ കുടുംബത്തെ പോറ്റാന്‍ അങ്ങേയറ്റം ത്യാഗങ്ങള്‍ അനുഭവിക്കുന്നവരും സ്ത്രീകള്‍ തന്നെയാണ്. ''ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും കാര്യപ്രാപ്തിയുള്ള, ബഹുമുഖ വൈദഗ്ധ്യമുള്ള സ്ത്രീ എന്റെ അമ്മയാണ്. അമ്മ വിദ്യാസമ്പന്നയായിരുന്നില്ല. എന്നാല്‍ തുച്ഛമായ വരുമാനം കൊണ്ട് അല്ലലില്ലാതെ കുടുംബം കൊണ്ടു നടന്നു. അപ്രതീക്ഷിത ഘട്ടങ്ങളില്‍ മനോധൈര്യം കൈവിടാതെ അവ മാനേജ് ചെയ്തു. ഏതൊരു സ്ത്രീയും ജന്മനാ തന്നെ സംരംഭകരാണ്. സംരംഭകത്വ മികവ് അവരില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്,'' ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് പറയുന്നു.

എന്നാല്‍ എല്ലാവരിലുമുള്ള ഈ കഴിവ് ക്രിയാത്മകമായി വിനിയോഗിക്കപ്പെടുന്നില്ല. ഇതിന് കാരണങ്ങള്‍ പലതാണ്. കുടുംബങ്ങളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നുണ്ടാവില്ല. സംരംഭകത്വത്തില്‍ മുന്നേറാന്‍ വേണ്ട മെന്ററിംഗ് കിട്ടുന്നുണ്ടാവില്ല. തുല്യ അവസരം ലഭിക്കാത്തത് ചെയ്യുന്നതെന്തും 100 ശതമാനം പൂര്‍ണതയോടെ വേണമെന്ന വാശി. ആത്മവിശ്വാസക്കുറവ്... അങ്ങനെ നിരവധി ഘടകങ്ങളുണ്ട്.

ഇത്തരം പിന്നോട്ടുവലിക്കുന്ന കാര്യങ്ങള്‍ ഇനിയുമേറെ ചര്‍ച്ച ചെയ്യുന്നതിനു പകരം മുന്നോട്ട് നടക്കാനുള്ള വഴികള്‍ തേടാം. സംരംഭകത്വ മേഖലയിലും പ്രൊഫഷണല്‍ രംഗത്തും വിജയം കണ്ട സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സംരംഭകരുമായി സംവദിച്ചപ്പോള്‍ വ്യക്തമായത് പല കാര്യങ്ങളാണ്. അവരുടെ രഹസ്യമന്ത്രങ്ങള്‍ ഇതായിരുന്നു.

1 സ്വപ്നങ്ങള്‍ കണ്ടുറങ്ങിയില്ല,
ഉണര്‍ന്നിരുന്ന് സാക്ഷാല്‍ക്കരിച്ചു

Hemalatha,
CEO, Ampier Vehicle

എന്നെങ്കിലും സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കണമെന്ന ചിന്തയുമായി നടക്കുന്ന ഏറെ സ്ത്രീകളുണ്ട്. ഇവര്‍ക്ക് അതൊരു സ്വപ്നമാണ്. അടുത്തവരോടൊക്കെ എന്നും പങ്കുവെയ്ക്കുന്ന സ്വപ്‌നം. പക്ഷേ അത് സാക്ഷാല്‍ക്കരിക്കാന്‍ ഇത് മാത്രം പോര. ആ സ്വപ്നത്തിനായി ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കണം. ഉള്ളില്‍ ഓരോ ഘട്ടത്തിലും ഉയരുന്ന സംശയങ്ങളെ കുഴിച്ചുമൂടി മുന്നോട്ടുപോകണം. ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖരായ ആംപിയര്‍ വെഹിക്കിള്‍സ് സാരഥി ഹേമലത അണ്ണാമലൈ പറയുന്നത് കേള്‍ക്കൂ:
2000ത്തിന്റെ ആരംഭത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ആശയവുമായി വന്നപ്പോള്‍ ഒരുപാട് പേര്‍ പരിഹസിച്ചു. നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോവുകയാണ് ചെയ്തത്. പറയുന്നതുപോലെ എളുപ്പമല്ല ഇത്. പക്ഷേ എന്റെ സ്വപ്‌നത്തെ ബലികഴിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. മുന്നോട്ടുപോകാനുള്ള വഴികളാണ് നോക്കിയത്.

2 പാഷനെ പിന്തുടര്‍ന്നു

Parveen Hafiz
Managing Director,
Sunrise Hospital

ഏതൊരു സ്ത്രീയുടെയും ഉള്ളിലുണ്ടാകും ഏതെങ്കിലും ഒരു രംഗത്തോടുള്ള പാഷന്‍. അതിനെ പിന്തുടര്‍ന്നവരാണ് വിജയത്തിന്റെ പടവുകള്‍ കയറിയിരിക്കുന്നത്. സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ പര്‍വീണ്‍ ഹഫീസ് സംരംഭക മേഖലയില്‍ വിജയത്തിന് സഹായിച്ചത് നാല് ഘടകങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നു. പാഷന്‍, ശക്തമായ പിന്തുണ, പരിശീലനത്തിലൂടെ നേടുന്ന വൈദഗ്ധ്യം, കഠിനാധ്വാനം എന്നിവയാണവ. ''പാഷനെ പിന്തുടരാനുള്ള ശക്തി ഒരു വനിതയ്ക്ക് നല്‍കുന്നത് അവളുടെ ജീവിതപശ്ചാത്തലത്തില്‍ നിന്നാണ്.

Anu Madhu
CEO, Vibe Spa

കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ഒക്കെ ലഭിക്കുന്ന പിന്തുണ അവള്‍ക്ക് കുതിക്കാന്‍ കൂടുതല്‍ കരുത്തേകുന്നു. ഈ പിന്തുണയിലൂടെ വെല്ലുവിളികളെയും തടസങ്ങളെയും അതിജീവിക്കാന്‍ സാധിക്കുന്നു. ഏത് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അതില്‍ നേടുന്ന പ്രൊഫഷണല്‍ വൈദഗ്ധ്യവും പരിശീലനവും ഒരു സ്ത്രീയ്ക്ക് ആത്മവിശ്വാസം പകരുന്നു.'' പാഷനെ പിന്തുടര്‍ന്നതാണ് തന്റെ വിജയരഹസ്യമെന്ന് വൈബ് സ്പായുടെ മാനേജിംഗ് ഡയറക്റ്റര്‍ അനു മധുവും ചൂണ്ടിക്കാട്ടുന്നു.
ബാങ്കില്‍ നിന്ന് വിആര്‍ എസ് എടുത്താണ് പെരിന്തല്‍മണ്ണ സ്വദേശിനി രജില ഹസന്‍ താല്‍പ്പര്യമുള്ള മേഖലയില്‍ സംരംഭം തുടങ്ങിയത്. സംരംഭങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ആകുന്നില്ലെങ്കില്‍ മുന്നോട്ട് കൊണ്ടു പോകുക പ്രയാസമാണെന്ന് അവര്‍ പറയുന്നു.

3 പഠിച്ചു, പഴയത് ഉപേക്ഷിച്ചു, വീണ്ടും പഠിച്ചു

Smitha L
Managing Director.
Suraksha Group of Companies

നിരന്തരമായ പഠന പ്രക്രിയയാണ് വനിതാസംരംഭകരെ വിജയത്തിലേക്ക് നയിച്ചിരിക്കുന്ന മറ്റൊരു ഘടകം. നല്ലൊരു ആശയത്തില്‍ മനസുടക്കി സംരംഭം തുടങ്ങിയവര്‍ പിന്നീട് ഓരോ ഘട്ടത്തിലും പുതിയ അറിവുകള്‍ സ്വായത്തമാക്കി.
ഫണ്ടിംഗ് രീതികള്‍ മുതല്‍ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് വരെ അവര്‍ പഠിച്ചെടുത്തു. ''കാലില്‍ കിടന്ന കൊലുസ് വിറ്റുകിട്ടിയ പണവും മറ്റ് രണ്ടുപേരെയും ഉള്‍പ്പെടുത്തിയാണ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്. ബിസിനസിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയാണ് പിന്നീട് ചെയ്തത്. മാര്‍ക്കറ്റ് സ്റ്റഡിയും കൃത്യമായി ചെയ്തു. അതോടെ ബിസിനസ് വളര്‍ന്നു. വലിയ ഓഫീസും മികച്ച ജീവനക്കാരുമായി. പിന്നീട് ബ്രാന്‍ഡിനെ കുറിച്ചും സ്വന്തമായി ഉല്‍പ്പന്നം പുറത്തിറക്കുന്നതിനെ കുറിച്ചും പഠിച്ചു,'' സുരക്ഷാ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്റ്റര്‍ സ്മിത എല്‍ പറയുന്നു.

Dr. K.P. Beena Muraleedharan, Managind director,
Sumix Kids Wear

ബിസിനസ് എപ്പോഴും ലൈവ് ആയിരിക്കണം. മാറ്റങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ഗുണനിലവാരം, ഫാഷന്‍, ഇന്നവേഷന്‍ തുടങ്ങിയവയെല്ലാം ബിസിനസ് വളര്‍ച്ചയില്‍ വലിയ പങ്കു ഹിക്കുന്നുവെന്നാണ് സുമിക്‌സ് കിഡ്‌സ് വെയറിന്റെ സാരഥി ബീനാ സുമിക്‌സ് പറയുന്നത്.

4. പ്രചോദനം, അത് സ്വയം നേടി
സംരംഭകരാകാന്‍ ഇറങ്ങി തിരിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമായി ഏറെ പേര്‍ ചുറ്റിലുമുണ്ടാവണമെന്നില്ല. മാത്രമല്ല, ഇത്രയേറെ അപകടം പിടിച്ച വഴിയിലൂടെ സഞ്ചരിക്കേണ്ടതുണ്ടോയെന്ന ചോദ്യം ചോദിച്ച് മനസ് തളര്‍ത്താനും പലരും കാണും. ''വെല്ലുവിളികള്‍ നിറയുമ്പോള്‍ അതിലെ അവസരത്തിലേക്കാവണം സ്ത്രീകള്‍ നോക്കേണ്ടത്. അപ്രധാനമായ കാര്യങ്ങളെ അവഗണിച്ച് അതിപ്രധാനമായവയ്ക്ക് ഊന്നല്‍ നല്‍കണം. ഇതിനായി നമ്മുടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം,'' പ്രശസ്ത സിനിമാ സംവിധായിക അഞ്ജലി മേനോന്‍ പറയുന്നു.

5. സൃഷ്ടിച്ചു, മികച്ച ടീം
വിജയികളായ സംരംഭകരെല്ലാം തന്നെ ഒറ്റയ്ക്കല്ല, ഒരുമിച്ച് വളരാനാണ് ശ്രമിച്ചിരിക്കുന്നത്. മികച്ച ടീമിനെ സജ്ജമാക്കി തങ്ങള്‍ക്ക് അത്ര നൈപുണ്യമില്ലാത്ത രംഗത്തുപോലും ശോഭിക്കുന്നുണ്ട്. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് രംഗത്തെല്ലാം പ്രഗത്ഭരുടെ സഹായം തേടിയാണ് വനിതാ സംരംഭകര്‍ മുന്നോട്ടുപോകുന്നത്.

6. സമയം കൃത്യമായി പകുത്ത് നല്‍കുന്നു

Anisha Cherian, Managing Director, Chemmanur Academy

വ്യക്തി ജീവിതവും സംരംഭകത്വവും ഒരുപോലെ മികച്ച രീതിയില്‍ കൊണ്ടുപോകുന്നവരാണ് ഭൂരിഭാഗം പേരും. ''നമ്മള്‍ എങ്ങനെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് വിജയം. എല്ലാക്കാര്യങ്ങളും സ്വയം ചെയ്യണമെന്നില്ല. ഡെലിഗേറ്റ് ചെയ്യാവുന്നവ മറ്റുള്ളവരെ ഏല്‍പ്പിക്കുക. അമ്മയുടെ റോളും ഭാര്യയുടെ റോളുമൊന്നും ആര്‍ക്കും നല്‍കാനാവില്ല. അപ്പോള്‍ അതിനും മുന്‍ഗണന കൊടുക്കണം,'' ചെമ്മന്നൂര്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ അനിഷ ചെറിയാന്‍ പറയുന്നു. കുടുംബത്തിനും ബിസിനസിനും സ്വന്തമായും പ്രത്യേക സമയം നീക്കി വയ്ക്കാന്‍ ശീലിക്കുകയാണ് വേണ്ടത്.

7. മനസില്‍ ഒന്നുറപ്പിച്ചാല്‍ പിന്നെ പിന്നോട്ടില്ല
തീരുമാനിച്ചുറപ്പിച്ച വഴിയില്‍ നിന്ന് മാറാതെ നടന്നവരാണ് വിജയിച്ചവര്‍ ഏറെയും. ''കുടുംബശ്രീയില്‍ ഞങ്ങള്‍ക്കൊപ്പം പരിശീലനം നേടിയവര്‍ പലരുമുണ്ടായിരുന്നു. ഞങ്ങള്‍ കമ്പനി രൂപീകരിച്ചപ്പോള്‍ പത്തംഗങ്ങളുണ്ടായി.

പണികള്‍ കിട്ടാതെ വന്നതോടെ പലരും പിരിഞ്ഞുപോയി. പക്ഷേ, ഞങ്ങള്‍ പിടിച്ചുനിന്നു. ആദ്യ കരാര്‍ കിട്ടിയപ്പോള്‍ എങ്ങനെ അത് മികച്ച രീതിയില്‍ ചെയ്യാമെന്നാണ് നോക്കിയത്. ഒരു ജോലി ഏറ്റെടുത്താല്‍ അതിന് ചെലവാകുന്ന
പണത്തെ കുറിച്ചോ അധ്വാനത്തെ കുറിച്ചോ ചിന്തിക്കാതെ സമയബന്ധിതമായി നടപ്പാക്കാനുള്ള കാര്യങ്ങളെ കുറിച്ച് മാത്രം ആലോചിക്കുന്നതാണ് ഞങ്ങളുടെയും മറ്റ് വനിതാ സംരംഭകരുടെയും പ്രത്യേകത,'' കുടുംബശ്രീ മിഷന്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടെ സാരഥി ബീന പോള്‍ പറയുന്നു.

8. മടിച്ചു നിന്നില്ല, ഇടിച്ചു കയറി

Jyothy Aswani, Managing director,
(Textile & Lifestyle Division, Aswani Lachmandas group

മറ്റുള്ളവരെന്തു വിചാരിക്കുമെന്ന് വിചാരിച്ചു നോക്കി നിന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയേ ഉള്ളൂ. കാത്തുനില്‍ക്കാതെ ഇടിച്ചു കയറുന്നവരുടേതാണ് ലോകം; ഒരിക്കല്‍ ഒരു പരിപാടിയില്‍ ക്രിസ് ഗോപാലകൃഷ്ണനെ കണ്ടുമുട്ടിയപ്പോള്‍ മടിച്ചു നില്‍ക്കാതെ ആ അവസരം വിനിയോഗിച്ചത് ഗുണമായതിനെ കുറിച്ചാണ് ഹേമലത അണ്ണാമലൈ ചൂണ്ടിക്കാട്ടിയത്. വൈകാരിക ശക്തിയും മാനസിക ശക്തിയും കൂടുതലുള്ള സ്ത്രീകള്‍ അതുപയോഗിച്ചാല്‍ മാത്രം മതി മുന്നേറാനെന്ന് അസ്വാനി ലച്ച്മണ്‍ദാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ (ടെക്സ്റ്റൈല്‍ & ലൈഫ്സ്‌റ്റൈല്‍ ഡിവിഷന്‍) ജ്യോതി അസ്വാനി പറയുന്നു.

9. പാഴാക്കിയില്ല, നെറ്റ് വര്‍ക്കിംഗ് അവസരങ്ങളൊന്നും
''ന്യൂഡല്‍ഹിയില്‍ ആഗോള നിക്ഷേപ സംഗമവേദിയില്‍ വെച്ചാണ് അക്കാര്യം ഞാന്‍ ശ്രദ്ധിച്ചത്. ദേശീയ, രാജ്യാന്തര രംഗത്തെ ബിസിനസ് ടൈക്കൂണുകളെയെല്ലാം യുവസംരംഭകര്‍ ഓടിനടന്ന് കാണുമ്പോള്‍ വനിതാ സംരംഭകരുടെ സംഘം പിന്‍വലിഞ്ഞ് മടിച്ചുമടിച്ചു നില്‍ക്കുന്നു. നോക്കൂ, അത്രയേറെ വിദ്യാഭ്യാസവും കഴിവും ഉള്ളവര്‍ പോലും നെറ്റ്‌വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നുണ്ട്. '' അരുണ സുന്ദര രാജന്‍ ചൂണ്ടിക്കാട്ടുന്നു. നല്ലൊരു കസ്റ്റമറെയോ ബിസിനസ് പങ്കാളിയെയോ ഒക്കെ ലഭിക്കാന്‍ നെറ്റ്‌വര്‍ക്കിംഗ് ഏറെ സഹായിക്കും.

10. വെല്ലുവിളികള്‍ക്ക് മേലെ
പറക്കുന്നു അവസരങ്ങളിലേക്ക്

Roopa George,
Partner,Bobby Marine International

പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് പോകാനും എതിരാളികളില്‍ നിന്ന് വേറിട്ടുനില്‍ക്കാനും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുമൊക്കെ വെല്ലുവിളികള്‍ തങ്ങളെ ആവേശഭരിതരാക്കുന്നുവെന്ന് പറയുന്ന വനിതകളും കുറവല്ല. വര്‍ക്-ലൈഫ് ബാലന്‍സ് ഒരു വെല്ലുവിളിയാണെങ്കിലും അത് വളരെ തന്മയത്തത്തോടെ കൊണ്ടുപോകാനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് ബേബി മറൈന്‍ ഗ്രൂപ്പിലെ രൂപ ജോര്‍ജ് പറയുന്നു.

എല്ലാവരില്‍ നിന്നും വ്യത്യസ്തമായതെന്ത് നല്‍കാനാവുമെന്ന ചിന്തയാണ് മത്സരങ്ങളെ മറികടക്കാന്‍ സഹായിക്കുന്നതെന്ന് സെലിബ്രിറ്റി സ്റ്റൈയിലിസ്റ്റ് ജീന മേരി ചൂണ്ടിക്കാട്ടുന്നു.

Jeena Mary, Managing Director, Jeena Makeover Studio

ലിംഗസമത്വം മറ്റെല്ലാ രംഗങ്ങളിലെന്ന പോലെ സംരംഭകത്വമേഖലയിലുമെത്തി ക്കൊണ്ടിരിക്കുന്നു. ഇന്ന് പുരുഷന്മാരെ പോലെ തന്നെ വനിതാ സംരംഭകര്‍ക്കും വളരാനുള്ള പരിതസ്ഥിതി രൂപപ്പെട്ടിട്ടുണ്ട്. ഇനി വേണ്ടത് അവയെല്ലാം പ്രയോജനപ്പെടുത്തി മുന്നേറാനുള്ള മനോഭാവമാണ്.

Something attempted may fail.
Inaction, however must fail.

കുടഞ്ഞെറിയാം മനസിലെ സംശയങ്ങളെ. രചിക്കാം ഇനി നിങ്ങളുടെ സ്വന്തം വിജയകഥകള്‍.

Related Articles

Next Story

Videos

Share it