ന്യൂസ് പ്രൊഡ്യൂസറില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയിലേക്ക്; റോഷ്‌നി നാടാര്‍ മല്‍ഹോത്രയെ അറിയാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എച്ച്‌സിഎല്‍ ടെക്‌നോളജീസും ശിവ് നാടാറിന്റെ മകള്‍ റോഷ്‌നി മല്‍ഹോത്രയും വാര്‍ത്തകളിലെ താരങ്ങളാണ്.ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് കൊറോണ വൈറസ് പ്രതിസന്ധിയെ അതിജീവിച്ച് 2020 ജൂണ്‍ പാദത്തില്‍ 31.7 ശതമാനം അറ്റലാഭ വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ അറ്റലാഭം 2,925 കോടി രൂപയായി വര്‍ധിപ്പിച്ചതോടൊപ്പമാണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം താന്‍ ഒഴിയുകയാണെന്ന് ശിവ നാടാറും പ്രഖ്യാപിച്ചത്. നാടാറിന്റെ മകളും ബോര്‍ഡ് അംഗവുമായ റോഷ്നി നാടാര്‍ മല്‍ഹോത്ര ഉടന്‍ കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. റോഷ്‌നി നാടാര്‍ മല്‍ഹോത്ര നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ്. 8.9 ബില്യണ്‍ ഡോളര്‍ കമ്പനിയുടെ തലപ്പത്തെത്തുന്ന റോഷ്‌നി മല്‍ഹോത്രയെ കൂടുതലറിയാം.

ന്യൂസ് പ്രൊഡ്യൂസറില്‍ നിന്ന്

സിഎന്‍ എന്‍ അമേരിക്ക, സ്‌കൈ ന്യൂസ് യുകെ എന്നിവിടങ്ങളില്‍ ന്യൂസ് പ്രൊഡ്യൂസറായി കരിയര്‍ തുടങ്ങിയ റോഷ്‌നി ന്യൂഡല്‍ഹിയിലാണ് റോഷ്‌നി ജനിച്ചു വളര്‍ന്നത്. വസന്ത് വാലി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ റോഷ്‌നി അമേരിക്കയിലെ ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2009 മുതല്‍ തന്നെ റോഷ്‌നി നടാര്‍ എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ ഭാഗമായിരുന്നു. 2013-ല്‍ അഡീഷനല്‍ ഡയറ്കടറായി സ്ഥാനക്കയറ്റം.

പിതാവിന്റെ ബിസിനസില്‍ പിന്‍ഗാമിയായി മാത്രമല്ല, ബിസിനസിനോടുള്ള കടുത്ത പാഷനോടെയാണ് റോഷ്‌നി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ടര്‍ കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിലേക്ക് എത്തുന്നത്. 2017, 2018, 2019 വര്‍ഷങ്ങളില്‍ ഫോബ്സ് പുറത്തിറക്കിയ 'ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ' പട്ടികയില്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇടം നേടിയിരുന്നു. 2019 ല്‍ ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ 54 ാം സ്ഥാനമാണ് ഈ ഇന്ത്യക്കാരി നേടിയെടുത്തത്.

ഇതുവരെ എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും എച്ച്സിഎല്‍ ടെക്‌നോളജീസ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണും ശിവ നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമായിരുന്നു. ഉത്തര്‍പ്രദേശിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, മികവു പുലര്‍ത്തുന്ന, ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിയായ വിദ്യാജ്യന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര. തുടര്‍ന്നും പുതിയ ഉത്തരവാദിത്തങ്ങളുമായി കമ്പനിയുടെ സാരഥ്യത്തിലേക്കെത്തുമ്പോള്‍ തന്റെ കെട്ടടങ്ങാത്ത പാഷന്‍ തന്നെയാണ് റോഷ്‌നി കൂട്ടുപിടിക്കുന്നത്. ശിഖര്‍ മല്‍ഹോത്രയാണ് ഭര്‍ത്താവ്, രണ്ട് ആണ്‍മക്കളുണ്ട്.

ഐടിയില്‍ ‘ഇന്ത്യന്‍ വിജയകഥ’ രചിച്ച ശിവ് നാടാര്‍, അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ട 8 പാഠങ്ങള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it