വിജയകഥകളുമായി under 25 സംരംഭകര്‍

സംരംഭകത്വം മലപ്പുറത്തിന്റെ ചോരയിലുള്ളതാണ്. പാരമ്പര്യത്തഴക്കമൊന്നും വേണ്ട മലപ്പുറത്തെ യുവാക്കള്‍ക്ക് സംരംഭകത്വത്തെ നെഞ്ചോട് ചേര്‍ക്കാന്‍. പഠനം പൂര്‍ത്തിയാക്കും മുമ്പോ കഴിഞ്ഞോ ബിസിനസിലേക്ക് കടന്ന, 25 വയസ് തികയാത്ത കുറച്ചു സംരംഭകരിതാ... അവരവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളില്‍ വിജയം വരിച്ച യുവ സംരംഭകര്‍.

ഇന്റീരിയര്‍ രംഗത്തെ യുവ സാന്നിധ്യം

ജാബിര്‍ കെ

വയസ്: 24

സ്ഥാപനം: ഇന്‍ഡോറ ഇന്റീരിയര്‍

പഠനം കഴിഞ്ഞ് ജോലി, പിന്നെ സംരംഭം. കണ്ടു പരിചയിച്ച ഈ വഴിയിലൂടെയല്ല ജാബിര്‍ എന്ന 24 കാരന്റെ സഞ്ചാരം. പ്ലസ്ടു പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ തൊഴിലാളിയായും സംരംഭകനായും ജാബിര്‍ മാറി. ഏഴ് മക്കളില്‍ ഏറ്റവും ഇളയവനായ ജാബിറിന് മികച്ചൊരു ജീവിതം കൈപ്പിടിയിലാക്കാന്‍ ബിസിനസിലൂടെ സാധിക്കുമെന്ന തിരിച്ചറിവുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സഹോദരന്റെ കൂടെ വയറിംഗ് ജോലികള്‍ക്ക് പോയിരുന്ന ജാബിര്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉടനെ കാടാമ്പുഴയിലുള്ള അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തില്‍ ജോലമിക്കാരനായി കൂടി. ഒരു വര്‍ഷം അവിടെ ജോലി ചെയ്തു. സ്ഥാപനം വലിയ ലാഭത്തിലൊന്നുമായിരുന്നില്ല. ഉടമ അതേ തുടര്‍ന്ന് സംരംഭം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് പോയി. എന്നാല്‍ ആ സ്ഥാപനം ഏറ്റെടുത്ത് നടത്താന്‍ ജാബിര്‍ തീരുമാനിച്ചു. സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ തുകയും സ്വന്തം കൈയില്‍ ഉണ്ടായിരുന്ന കുറച്ച് രൂപയുമൊക്കെ ഉടമയെ ഏല്‍പ്പിച്ചു. ബാക്കി പിന്നീട് വീട്ടിക്കൊള്ളാമെന്ന് വാക്കും നല്‍കി, സംരംഭം സ്വന്തമാക്കി.

ജാബിറിന്റെ തന്ത്രങ്ങളിലൂടെ ബിസിനസ് പച്ചപിടിച്ചു. തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായ സ്ഥാപനത്തിലിപ്പോള്‍ എട്ടുപേര്‍ ജോലി ചെയ്യുന്നുണ്ടണ്ട്. കൂടാതെ 25 ലേറെ പേര്‍ക്ക് പരോക്ഷമായും ഉപജീവനമാര്‍ഗമായി ഈ സംരംഭം മാറി. വാള്‍പേപ്പര്‍, കര്‍ട്ടന്‍, ജിപ്‌സം സീലിംഗ്, സോഫ സെറ്റുകള്‍ തുടങ്ങി വീടിന് ആവശ്യമായ ഇന്റീരിയര്‍ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് ഇന്‍ഡോറ ഇന്റീരിയര്‍. കാടാമ്പുഴയിലെ മാതൃ സ്ഥാപനം കര്‍ട്ടനുകള്‍ക്ക് മാത്രമുള്ള ഷോറൂമായി മാറ്റി. ഇന്റീരിയറിനായി മറ്റൊരു സ്ഥാപനം കൂടി ജാബിര്‍ തുടങ്ങിയിട്ടുണ്ട്.

വലിയ ലക്ഷ്യം

ഇഷ്ടപ്പെട്ട ഡിസൈനുകളും മോഡലുകളും ലഭ്യമാക്കു ന്നതിനായി പുതിയൊരു വെബ്‌സൈറ്റിന്റെ പണിപ്പുരയിലാണ് ജാബിര്‍. മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ കണ്ട് ഓര്‍ഡര്‍ ചെയ്യുന്നതിനും ഇതിലൂടെ അവസരമൊരുക്കുന്നു. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ചു വര്‍ഷ സര്‍വീസ് വാറന്റി നല്‍കുന്ന ഇന്‍ഡോറ ഇന്റീരിയറിന് ഇതിനകം തന്നെ ആയിരത്തിലേറെ ഉപഭോക്താക്കളെ നേടാനുമായി. ഒരു വര്‍ഷത്തിനകം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള ശ്രമത്തിലാണ് ജാബിര്‍.

ബിസിനസ് പരിശീലന പരിപാടികളാണ് തന്നെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയതെന്ന് ജാബിര്‍ പറയുന്നു. സ്വന്തം ബ്രാന്‍ഡില്‍ സോഫയും ഫോട്ടോ ഫ്രെയ്മുകളും വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജാബിര്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എല്ലായിടത്തും സാന്നിധ്യമുള്ള സ്ഥാപനമായി ഇന്‍ഡോറ ഇന്റീരിയറിനെ മാറ്റുകയെന്ന സ്വപ്‌നമാണ് ജാബിറിനുള്ളത്.

347 രൂപയില്‍ നിന്ന് തുടക്കം

ഷൈജു അനസ്

വയസ്: 25

സ്ഥാപനം: ഇമാജിനറി ആഡ് മീഡിയ (IAM)

പതിനെട്ടാം വയസിലാണ് ഷൈജു സംരംഭകനാകുന്നത്. പ്ലസ്ടു കഴിഞ്ഞ ഉടനെ. 25 വയസാകുമ്പോഴേക്കും പരാജയങ്ങളും വിജയങ്ങളും അനുഭവിച്ചറിഞ്ഞ് ഇരുത്തം വന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ യുവാവ്.

മുമ്പ് നടത്തിയ രണ്ടു സംരംഭങ്ങളും വന്‍ ബാധ്യത വരുത്തിവെച്ചപ്പോഴാണ് ഷൈജു കൈയിലുണ്ടായിരുന്ന 347 രൂപയ്ക്ക് മൊബീല്‍ ഡാറ്റ റീ ചാര്‍ജ് ചെയ്ത് പുതിയ സംരംഭം തുടങ്ങിയത്. ബിസിനസുകളുടെ പ്രമോഷണല്‍ വര്‍ക്ക് ഏറ്റെടുത്ത് നടത്താനുള്ള ശ്രമമാണ് നടത്തിയത്. വാട്ട്‌സ് ആപ്പിലൂടെ വ്യാപകമായി ഈ വാര്‍ത്ത പ്രചരിപ്പിച്ചു. ഇതില്‍ ആകൃഷ്ടരായി പലരും വന്നതോടെ ഇമാജിനറി ആഡ് മീഡിയ എന്ന സംരംഭം യാഥാര്‍ത്ഥ്യമായി. ഇന്ന് 20ലേറെ പേര്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. മാത്രമല്ല, മലപ്പുറം ആസ്ഥാനമായുള്ള മീഡിയ വിഷന്‍ എന്ന അഡ്വര്‍ടൈസിംഗ് മേഖലയിലെ സ്ഥാപനവുമായി പങ്കാളിത്തത്തിലേര്‍പ്പെടാനും ബിസിനസ് വ്യാപിപ്പിക്കാനും ഷൈജുവിനായി.

നെറ്റ്‌വര്‍ക്കിംഗില്‍ ഡിപ്ലോമ നേടിയ ഷൈജു പതിനെട്ടാം വയസില്‍ സ്വന്തമായി നെറ്റ്‌വര്‍ക്കിംഗ് സ്ഥാപനം തുടങ്ങി. കേരളത്തില്‍ എല്ലായിടത്തും ഉപഭോക്താക്കളെ കണ്ടെത്താന്‍ ഷൈജുവിലെ സംരംഭകന് കഴിഞ്ഞു. എന്നാല്‍ ഫണ്ട് മിക്കപ്പോഴും പ്രശ്‌നമായപ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മലപ്പുറത്തു തന്നെ കംപ്യൂട്ടര്‍ പഠനത്തിനായി സ്ഥാപനം തുടങ്ങുന്നത്. എന്നാല്‍ പാര്‍ട്ണറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ഇടയ്ക്കുവെച്ച് സംരംഭം നിര്‍ത്തേണ്ടി വന്നു. ഇത് വലിയ ബാധ്യതയാണ് ഷൈജുവിന് ഉണ്ടാക്കിയത്. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നു. കൈയിലെ ലാപ് ടോപ്പ് ഉപയോഗിച്ച് ഡിസൈനുകള്‍ സൃഷ്ടിച്ചും വാട്‌സാപ്പ് മെസേജുകളിലൂടെ ഉപഭോക്താക്കളെ സൃഷ്ടിച്ചും കമ്പനി മുന്നോട്ട് കൊണ്ടുപോകാന്‍ ഷൈജുവിനായി.

ഇന്ന് ഒരു ബിസിനസിന് ആവശ്യമായ എല്ലാ പ്രൊമോഷണല്‍ വര്‍ക്കുകളും ഈ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നു. ഉപഭോക്താവിന്റെ ബജറ്റിനനുസരിച്ച് വ്യത്യസ്തമായ പാക്കേജുകള്‍ ഇവര്‍ അവതരിപ്പിക്കുന്നു. ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുന്നതു മുതല്‍ ലോഗോ, മാര്‍ക്കറ്റിംഗ് തുടങ്ങി എല്ലാം പ്രാക്ടിക്കലായി തന്നെ ചെയ്തു നല്‍കുന്നു.

ബിസിനസുകാര്‍ക്ക് പരിശീലന പരിപാടിയും മറ്റും സാധ്യമാക്കുന്ന തരത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കാനൊരുങ്ങുകയാണ് ഷൈജു. ഇതിന് കൂട്ടായി മീഡിയ വിഷന്‍ പാര്‍ട്ണര്‍ സലീം പാവത്തൊടികയും ഷൈജുവിനൊപ്പമുണ്ട്. ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യമിട്ടാണ് ഇത് പ്രവര്‍ത്തിക്കുക. എന്‍ട്രപ്രണേഴ്‌സ് മീറ്റ് പോലുള്ള പരിപാടികളും ഇതിന്റെ കീഴില്‍ സംഘടിപ്പിക്കും.

ടീനേജ് വ്യവസായി ടിപ്പു യൂസഫലി

ടിപ്പു യൂസഫലി

വയസ്: 18

സ്ഥാപനം: കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍

മീശമുളച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ സ്വന്തമായി സംരംഭം നട്ടുവളര്‍ത്തിയാണ് ടിപ്പു യൂസഫലി എന്ന കൗമാരക്കാരന്‍ സംരംഭക ലോകത്ത് ശ്രദ്ധേയനായത്.

പ്ലസ് ടു പൂര്‍ത്തിയാക്കിയ ടിപ്പുവിന്റെ സ്ഥാപനം നാല് ബ്രാന്‍ഡുകളിലായി നിരവധി എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. 45 ലേറെ പേര്‍ക്ക് ജോലിയും നല്‍കാന്‍ ഈ പത്തൊന്‍പതുകാരന് കഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി എന്ന വിശേഷണമാകും ടിപ്പുവിന് ചേരുക.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിതാവ് കൊണ്ടോടത്ത് അബ്ദുല്‍ ജലീലാണ് സംരംഭത്തിനായി പണം മുടക്കിയതെങ്കിലും ആശയവും നടപ്പാക്കലും എല്ലാം ടിപ്പു ഒറ്റയ്ക്കായിരുന്നു. 2015 ല്‍ കവന്നൂരിലെ വീടിനടുത്തെ പ്ലോട്ടില്‍ ഫാക്ടറി സ്ഥാപിച്ച് വാഷിംഗ് പൗഡര്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടാണ് തുടക്കം.

മിസ്റ്റര്‍ ലൈറ്റ്, മിസ്റ്റര്‍ പ്ലസ് എന്നീ പേരുകളില്‍ വാഷിംഗ് പൗഡറുകളും മിസ്റ്റര്‍ ലൈറ്റ്, ടിപ്പു എന്നീ ബ്രാന്‍ഡുകളില്‍ ബാര്‍ സോപ്പുകളും സ്ഥാപനം വിപണിയില്‍ എത്തിക്കുന്നു. നേരിട്ടുള്ള വിതരണമാണ് കമ്പനി നടത്തുന്നത്. നിലവില്‍ കാസര്‍കോട് മുതല്‍ പാലക്കാടു വരെ നീളുന്നു വിപണി. 12,000 ചതുരശ്രയടി വിസ്തൃതിയുള്ള ഫാക്ടറിയില്‍ പ്രതിദിനം ആറു ടണ്‍ ഡിറ്റര്‍ജന്റ് ഉല്‍പ്പാദിപ്പിക്കുന്നു.

പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉടനെ സംരംഭത്തിലേക്ക് തിരിഞ്ഞെങ്കിലും പഠനം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല ടിപ്പു. ഇപ്പോള്‍ ബിരുദ കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കിയതാണ് തന്റെ ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യതയ്ക്ക് കാരണമെന്ന് ടിപ്പു പറയുന്നു. ടോയ്‌ലറ്റ് സോപ്പ്, മിനറല്‍ വാട്ടര്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ടിപ്പുവും ടീമും. അടുത്തമാസത്തോടെ മിനറല്‍ വാട്ടര്‍ യൂണിറ്റ് ആരംഭിക്കാന്‍ തയാറെടുക്കുകയാണ് ടിപ്പു.

എം.എ യൂസഫലിയുടെ കടുത്ത ആരാധകനായ ടിപ്പുവിന് 2020 ഓടെ കേരളത്തിലെ ഒന്നാം നമ്പര്‍ എഫ്എംസിജി ബ്രാന്‍ഡ് ആവുകയെന്നതാണ്

ലക്ഷ്യം.

സ്വപ്നത്തെ മുറുകെ പിടിച്ച്

മുഹമ്മദ് സിനാന്‍

വയസ്: 24

സ്ഥാപനം: ഹവ്വാസ് പവര്‍ കോര്‍പ്

സംരംഭകത്വമെന്ന സ്വപ്‌നം വിടാതെ പിന്തുടര്‍ന്ന യുവാവ് നേടിയത് ത്രസിപ്പിക്കുന്ന വിജയം. വിദ്യാര്‍ത്ഥിയായിരിക്കെ സ്വന്തം നിലയില്‍ തുടങ്ങിയ സ്ഥാപനം ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നെങ്കിലും വീണ്ടും തുടക്കമിട്ട് കോടികളുടെ വിറ്റുവരവ് നേടിയ കഥയാണ് മലപ്പുറത്തെ ഹവ്വാസ് പവര്‍ കോര്‍പ്പിന്റെ ഉടമ മുഹമ്മദ് സിനാന് (24) പറയാനുള്ളത്. ഹവ്വാസ് എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡില്‍ ഇന്‍വെര്‍ട്ടറുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് കമ്പനി. ഇതോടൊപ്പം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഷോറൂമുകളിലൂടെ മറ്റു ബ്രാന്‍ഡുകളിലുള്ള ജനറേറ്ററുകളും സോളാര്‍ ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നു. ഇത്തരത്തിലുള്ള സമ്പൂര്‍ണ പവര്‍ സൊലൂഷന്‍ കമ്പനി കേരളത്തില്‍ തന്നെ അപൂര്‍വമാണ്. 2014 ല്‍ കമ്പനി പുനരാരംഭിച്ചപ്പോള്‍ 2000 രൂപയായിരുന്നു വിറ്റുവരവ് 2016 ആയപ്പോഴേക്കും മൂന്നു കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം 20 കോടിയിലെത്തുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

ബസുടമയായ മൂസ വിളക്കുമാടത്തിലിന്റെ മകന്‍ മുഹമ്മദ് സിനാന് ബിസിനസ് മോഹം ചെറുപ്പത്തിലേ തുടങ്ങിയതാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്‍വര്‍ട്ടര്‍ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം സെയ്ല്‍സ് എക്‌സിക്യൂട്ടിവായി ജോലി നോക്കി. പ്ലസ് വണ്‍ കഴിഞ്ഞ് സ്വന്തം നിലയില്‍ ഇന്‍വര്‍ട്ടറുകള്‍ വിതരണം തുടങ്ങി. ഇതിനിടയില്‍ ഇന്‍സ്റ്റലേഷന്‍, വയറിംഗ് എന്നിവയൊക്കെ പഠിക്കുകയും ചെയ്തു. പ്ലസ്ടുവിനു ശേഷം ബിടെക് ഇലക്ട്രോണിക്‌സിന് ചേര്‍ന്നു. പഠനാര്‍ത്ഥമുള്ള പ്രോജക്റ്റിനായി പോകേണ്ടി വന്നതോടെ ഇന്‍വര്‍ട്ടര്‍ നിര്‍മാണം പൂര്‍ണമായും നിലച്ചു. ഒന്നര വര്‍ഷത്തിനുശേഷം പവര്‍ സൊലൂഷന്‍സ് എന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞു വരികയും മഞ്ചേരിയില്‍ ചെറിയൊരു നിര്‍മാണ യൂണിറ്റ് സ്ഥാപിച്ച് ബിസിനസിലേക്ക് തിരിച്ചു വരികയും ചെയ്തു. 2016 ലാണ് ഹവ്വാസ് പവര്‍ കോര്‍പ് എന്ന പേരില്‍ കോഴിക്കോട്ട് ഷോറൂം തുടങ്ങുന്നത്. തൃശൂരിലും കണ്ണൂരിലും പുതിയ ഷോറൂമുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം ബാറ്ററിയും സ്വന്തമായി നിര്‍മിച്ച് വിപണിയിലിറക്കും. അശോക് ലേയ്‌ലാന്‍ഡില്‍ നിന്ന് മികച്ച ഡീലര്‍ക്കുള്ള അവാര്‍ഡും മുഹമ്മദ് സിനാനെ തേടിയെത്തി.

'വാട്ട്സ്ആപ്പ്' എന്തൊരു ഐഡിയ!

അബ്ദുല്‍ നാസര്‍ പരവക്കല്‍

വയസ്: 25

സ്ഥാപനം: മൊബി ന്യൂസ്‌വയര്‍

രു പക്ഷേ വാട്ട്‌സ് ആപ്പ് കമ്പനി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെ. വാട്ട്‌സ് ആപ്പ് മാത്രം ഉപയോഗപ്പെടുത്തി ഒരു സംരംഭം വികസിപ്പിച്ചെടുക്കാനാവുമെന്ന്! അബ്ദുല്‍ നാസര്‍ പരവക്കല്‍ എന്ന 25 വയസുള്ള യുവാവ് കേരളത്തില്‍ ആദ്യമായി അങ്ങനെയൊരു സംരംഭം തുടങ്ങി വിജയിച്ചിരിക്കുന്നു. പത്തു ലക്ഷത്തിലേറെ വരിക്കാരുള്ള മൊബി ന്യൂസ്‌വയര്‍ എന്ന ഈ സംരംഭത്തിന്റെ വിറ്റുവരവ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ അരക്കോടിയിലെത്തിയിരിക്കുന്നു. ഒരു ദിവസത്തെ പ്രധാന വാര്‍ത്തകളെല്ലാം വാട്ട്‌സ് ആപ്പിലൂടെ വരിക്കാരിലെത്തിക്കുന്ന മൊബിന്യൂസ്‌വയര്‍, ചെലവു കുറഞ്ഞ മാര്‍ക്കറ്റിംഗിനുള്ള ഉപാധിയെന്ന നിലയില്‍ ബിസിനസ് സ്ഥാപനങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചു വരികയാണ്. ഓരോ ദിവസത്തെയും വാര്‍ത്തകള്‍ വൈകുന്നേരം ആറു മണിയോടെയാണ് വാട്ട്‌സ് ആപ്പിലൂടെ വരിക്കാര്‍ക്ക് അയച്ചു തുടങ്ങുക. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ആകര്‍ഷകമായി തയാറാക്കുന്ന വാര്‍ത്തകളോടൊപ്പം പരസ്യവും നല്‍കുന്നു. ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷം പേരിലേക്ക് ഇത് എത്തുന്നുണ്ടെന്ന് അബ്ദുല്‍ നാസര്‍ പറയുന്നു. സര്‍ക്കാര്‍ തലത്തിലുള്ള വര്‍ക്കുകള്‍, കമ്പനികളുടെ ബ്രാന്‍ഡിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ അബ്ദുല്‍ നാസറിന് സാധിച്ചു.

2014 ല്‍ അങ്കമാലി ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ മള്‍ട്ടിമീഡിയ ബിരുദാനന്തര ബിരുദ കോഴ്‌സിന് പഠിക്കുന്നതിനിടയിലാണ് ഇത്തരമൊരു സംരംഭത്തിന് അബ്ദുല്‍ നാസര്‍ തുടക്കമിടുന്നത്. 300 പേരാണ് തുടക്കത്തില്‍ വരിക്കാരായി ഉണ്ടായിരുന്നത്. കോളെജ് ഫീസില്‍ നിന്നാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ഒടുവില്‍ കാര്യമറിഞ്ഞ കോളെജ് അധികൃതര്‍ കോളെജിന്റെ പ്രമോഷന്‍ വര്‍ക്ക് കൂടി അബ്ദുല്‍ നാസറിനെ ഏല്‍പ്പിച്ചു. 4ജിയും പരിധിയില്ലാതെ നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവുമൊക്കെ വന്നതോടെ വാട്ട്‌സ് ആപ്പ് ചാനല്‍ തന്നെ തുടങ്ങാന്‍ പദ്ധതിയിടുകയാണ് അബ്ദുല്‍ നാസര്‍. 2018 ഓടെ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് കോഴ്‌സുകള്‍ അടങ്ങുന്ന മള്‍ട്ടി മീഡിയ കോഴ്‌സും തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.

വാര്‍ത്തകള്‍ ലഭിക്കാന്‍ 9846232503 എന്ന നമ്പറിലേക്ക് ന്യൂസ് എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക.

ഒന്‍പത് കോടി വിറ്റുവരവുമായി ഒരു വിദ്യാര്‍ത്ഥി

അഖില്‍ നാസ്

വയസ്: 21

സ്ഥാപനം: ലാന്റേണ്‍ ഇവന്റ്‌സ്

ബിസിനസ് കുടുംബത്തിലാണ് ജനിച്ചതെങ്കിലും അഖില്‍ നാസ് എന്ന 21 കാരന്റെ എപ്പോഴത്തെയും സ്വപ്‌നം സ്വന്തം സംരംഭത്തെ കുറിച്ചായിരുന്നു. ആ സ്വപ്നത്തെ ജ്വലിപ്പിച്ചു കൊണ്ടാണ് ലാന്റേണ്‍ ഇവന്റ്‌സ് എന്ന പേരില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങിയത്. മഞ്ചേരി ഏറനാട് നോളജ്‌സിറ്റിയില്‍ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില്‍ നാസ് രണ്ടു വര്‍ഷം മുമ്പാണ് ഈസംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് എറണാകുളം മുതല്‍ കാസര്‍കോട് വരെ നീളുന്ന ഉപഭോക്തൃനിരയും ഒന്‍പത് കോടിരൂപയുടെ വിറ്റുവരവുമായി ഈ സ്ഥാപനം വളര്‍ന്നു കൊണ്ടിരിക്കുന്നു.

സൈപ്രസ് ബില്‍ഡേഴ്‌സ്, ഫര്‍ണിച്ചര്‍ എന്നിവയുടെ ഉടമയായ അബ്ദുല്‍ നാസറിന്റെ മകനാണ് അഖില്‍ നാസ്. ജ്യേഷ്ഠനെ പോലെ അഖിലിനെയും ഡോക്റ്ററാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചത്. എന്നാല്‍ അഖില്‍ നാസിന് താല്‍പ്പര്യം ബിസിനസിനോടും. ഒടുവില്‍ അഖിലിന്റെ വഴിയെ തന്നെ കാര്യങ്ങള്‍ വന്നു.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തന്നെ തനിക്ക് അഭിരുചിയുണ്ടായിരുന്ന ഇവന്റ് മാനേജ്‌മെന്റ് മേഖലയിലേക്ക് അഖില്‍ കാലെടുത്തു വെച്ചു. സഹപാഠികളായ 13 പേരുടെ സഹായവും അഖിലിനുണ്ടായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരു ചടങ്ങ് ഏറ്റെടുത്തു കൊണ്ടാണ് തുടക്കം. ഇതു കണ്ട് ഇഷ്ടപ്പെട്ട് മറ്റു ചിലര്‍ കൂടി ആവശ്യവുമായി വന്നു.

പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുറത്ത് ആദ്യം ഏറ്റെടുത്തത് ഭക്ഷണം ഉണ്ടാക്കാനുള്ള ഉപകരാറാണ്. ഇപ്പോള്‍ ഭക്ഷണത്തിനു പുറമേ സ്റ്റേജ് ഡെക്കറേഷന്‍, ലൈറ്റ് & സൗണ്ട്, പന്തല്‍ തുടങ്ങി ഏതൊരു പരിപാടിക്കും ആവശ്യമായതെല്ലാം ചെയ്യുന്നു. ബിസിനസ് മീറ്റുകളും ഭംഗിയായി ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് ലാന്റേണ്‍ ഇവന്റ്‌സ്. എണ്ണായിരം പേര്‍ക്ക് വരെ ഒറ്റയടിക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട് ഇവര്‍.

മലപ്പുറത്തെ വേങ്ങര ആസ്ഥാനമായുള്ള സ്ഥാപനത്തിന് കോഴിക്കോട്ടും ഓഫീസുണ്ട്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെല്ലാം പരിപാടികള്‍ ചെയ്തിട്ടുണ്ട്. നാല് ഷെഫുമാര്‍ സ്ഥിരമായി സ്ഥാപനത്തിലുണ്ട്. ലെ മെറിഡിയന്‍ പോലുള്ള നക്ഷത്ര ഹോട്ടലുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍. 250 ലേറെ യുവാക്കള്‍ ഇവിടെ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേറ്ററിംഗ് ജോലികള്‍ക്കായി ഇതില്‍ നിന്ന് ആളുകളെ കണ്ടെത്തുന്നു. എപ്പോഴും അപ്റ്റുഡേറ്റ് ആയിരിക്കണമെന്നതാണ് ഈ ബിസിനസിലെ വെല്ലുവിളി. നിരന്തരമായ പഠനത്തിലൂടെയും നിരീക്ഷണത്തിലൂടെയും അത് മറികടക്കുന്നു.

ഈ സംരംഭത്തില്‍ നിന്ന് ലഭിച്ച ലാഭം കൊണ്ട് മലപ്പുറം നഗരത്തില്‍ ജ്യൂസ് മേക്കര്‍ എന്ന പേരില്‍ ജ്യൂസ് കട തുടങ്ങിയിട്ടുണ്ട്. 180 ലേറെ വ്യത്യസ്തതരം ജ്യൂസുകളാണ് ഇവിടത്തെ പ്രത്യേകത. റീറ്റെയ്ല്‍ ബിസിനസിലെ സാധ്യതകളെ കുറിച്ച് പഠിക്കാനാണ് ഇങ്ങനെ ചെയ്തത്. അത് വിജയവുമായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it