പലിശനിരക്കുകള്‍ കൂടുന്നു, ബാങ്ക് നിക്ഷേപങ്ങള്‍ ആകര്‍ഷകമാകുന്നു

  സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മുന്നില്‍ ഐസിഐസിഐ ബാങ്ക്

  Notes

  ഓഹരിവിപണിയില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ സുരക്ഷിതമായ നിക്ഷേപങ്ങള്‍ തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിവിധ ബാങ്കുകള്‍ തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ വര്‍ധിപ്പിക്കുന്നു. പ്രമുഖ ബാങ്കുകളായ എസ്.ബി.ഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവര്‍ ഇതിനകം പലിശ ഉയര്‍ത്തിക്കഴിഞ്ഞു. ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകളും ഈ വഴിയിലുണ്ട്.

  ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ്. രണ്ട് വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലുള്ള ടേം നിക്ഷേപങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന പലിശനിരക്ക 7.5 ശതമാനമാണ്. ഒരു കോടി രൂപയ്ക്ക് താഴെയുള്ള ടേം ഡിപ്പോസിറ്റുകളുടെ പലിശനിരക്കില്‍ 25 ബേസിസ് പോയ്ന്റിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിസ് പോയ്ന്റ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു.

  എച്ച്ഡിഎഫ്‌സി ബാങ്കും പലിശനിരക്കില്‍ പിന്നിലല്ല. 2-3 വര്‍ഷത്തെ നിക്ഷേപത്തിന് 7.4 ശതമാനം പലിശനിരക്കാണ് ലഭിക്കുന്നത്. എന്നാല്‍ 1-2 വര്‍ഷത്തെ നിക്ഷേപമാണെങ്കില്‍ പലിശനിരക്ക് 7.30 ശതമാനമാണ്.

  രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്.ബി.ഐ നല്‍കുന്ന പലിശനിരക്ക് 6.75 ശതമാനമാണ്. കഴിഞ്ഞ ജൂലൈ അവസാനം 10 ബേസിസ് പോയ്ന്റാണ് എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തിയത്. ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 6.70 ശതമാനമാണ് പലിശനിരക്ക്. മൂന്ന് വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശ ലഭിക്കും.

  നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് കൂടുന്നത് സന്തോഷകരമാണെങ്കിലും ഇതോടൊപ്പം വായ്പകള്‍ക്കും പലിശനിരക്ക് കൂടുമെന്ന മറുവശം കൂടിയുണ്ട്.

  അഞ്ചു വര്‍ഷം മുതല്‍ 10 ശതമാനം വരെ ലോക്കിംഗ് പീരീഡ് ഉള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.

  LEAVE A REPLY

  Please enter your comment!
  Please enter your name here