പഠനം പാതിവഴി നിര്‍ത്തി, എന്നിട്ടും ഈ 10 പേര്‍ ബില്യണയർമാരായി. എങ്ങനെ?

ഇവര്‍ ഇന്ന് ലോകം ആഘോഷിക്കുന്ന സംരംഭകവിജയം നേടിയവര്‍. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയിലുള്ളവര്‍. യുവത്വം പിന്നിടുമ്പോള്‍ തന്നെ ബില്യണയറും മില്യണയറും ആയവര്‍. പക്ഷെ ഇവര്‍ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. പഠനം പൂര്‍ത്തിയാക്കാതെ കോളെജില്‍ നിന്ന് ഇറങ്ങിയവരാണ് ഇവര്‍. ഈ പത്തുപേര്‍ എങ്ങനെയാണ് വിജയികളായത്?

1. മൈക്കിള്‍ ഡെല്‍

Michael Dell 2011
Image credit: Wikimedia Commons

19ാം വയസില്‍ കോളെജില്‍ ചേര്‍ന്ന വര്‍ഷം തന്നെ കോളെജിന്റെ പടിയിറങ്ങിയ പയ്യന്‍. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ പഠിച്ചുകൊണ്ടിരിക്കേയാണ് മൈക്കില്‍ ഡെല്ലിന്റെ തലയില്‍ സംരംഭകമോഹം കയറുന്നത്. ഡെല്‍ ടെക്‌നോളജീസ് സ്ഥാപകനായ മൈക്കിള്‍ ഡെല്ലിന്റെ 2018ലെ ആസ്തി 28.6 ബില്യണ്‍ ഡോളര്‍.

2. സ്റ്റീവ് ജോബ്‌സ്

Steve Jobs
Image credit: Wikimedia commons, Matthew Yohe

ഇന്നും സ്റ്റീവ് ജോബ്‌സിന്റെ അഭാവം ബാക്കിയാക്കിയ വിടവ് ആര്‍ക്കും നികത്താനായിട്ടില്ല. പുതുതലമുറ സംരംഭകരുടെ വീരപുരുഷനായ സ്റ്റീവ് ജോബ്‌സ് വെറും 19ാം വയസിലാണ് റീഡ് കോളെജില്‍ നിന്ന് പഠനമുപേക്ഷിച്ച് പുറത്തിറങ്ങുന്നത്. പക്ഷെ അതിന്റെ പിന്നില്‍ കരളലിയിക്കുന്ന കഥയുണ്ട് കെട്ടോ. തന്റെ ദത്തെടുത്ത മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയെടുത്ത തീരുമാനമായിരുന്നു അത്. 2011ല്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി 10.2 ബില്യണ്‍ ഡോളറായിരുന്നു.

3. ബില്‍ ഗേറ്റ്‌സ്

Bill Gates

ഹാര്‍വാര്‍ഡിലെ ഏറ്റവും വിജയിയായ ഡ്രോപ്പൗട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബില്‍ ഗേറ്റ്‌സ് ഇന്ന് ആരാണെന്ന് നമുക്കറിയാം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. കോളെജില്‍ നിന്ന് ഇറങ്ങി രണ്ട് വര്‍ഷത്തിനുശേഷമാണ് അദ്ദേഹം മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. 9710 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

4. മാര്‍ക് സുക്കര്‍ബെര്‍ഗ്

Image credit: Facebook/Mark Zuckerberg

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബെര്‍ഗിന് ഏവരും പഠിക്കാന്‍ കൊതിക്കുന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം ഉപേക്ഷിക്കാനായി തീരുമാനിക്കാന്‍ വെറും അഞ്ചു മിനിറ്റ് മാത്രമേ എടുക്കേണ്ടിവന്നുള്ളു. ഇന്ന് ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പന്നനാണ് അദ്ദേഹം. 6070 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

5. ലാറി എലിസണ്‍

Larry Ellison
Image credit: Wikimedia Commons

ദത്തെടുത്ത മാതാപിതാക്കളുടെ ആഗ്രഹത്തെത്തുടര്‍ന്ന് ഡോക്ടറാകാന്‍ പോയ ലാറി എലിസണ് തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ നിന്ന് ഡ്രോപ്പൗട്ടായ ആ കൗമാരക്കാരനാണ് പിന്നീട് ഒറാക്കിളിന്റെ സ്ഥാപകനായത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇദ്ദേഹത്തിന്റെ ആസ്തി 59.5 ബില്യണ്‍ ഡോളറാണ്.

6. ജാന്‍ കൗം

jan koum
Image credit: recode

തന്റെ ബിരുദം പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ പഠനം ഉപേക്ഷിത്ത് ജാന്‍ കൗം ഇന്ന് നാമെല്ലാവരും ഉപയോഗിക്കുന്ന വാട്ട്‌സാപ്പിന്റെ സ്ഥാപകനും സിഇഒയുമാണ്. യാഹുവില്‍ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം വാട്ട്‌സാപ്പ് വികസിപ്പിച്ചെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 9.2 ബില്യണ്‍ ഡോളറാണ്.

7. ഒപ്രാ വിന്‍ഫ്രീ

Oprah Winfrey

ആവേശകരമായൊരു വിജയകഥയ്ക്ക് ഉടമയായ ഓപ്രാ വിന്‍ഫ്രീ തന്റെ ജീവിതസാഹചര്യങ്ങള്‍ കൊണ്ട് പഠനം ഉപേക്ഷിച്ച വ്യക്തിയാണ്. ജോലി കിട്ടിയപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെന്നിസിയിലെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ടെലിവിഷന്‍ സെലബ്രിറ്റിയായ ഒപ്ര വിന്‍ഫ്രീ ശതകോടീശ്വരിയാണ്.

8. റിച്ചാര്‍ഡ് ബ്രാന്‍സണ്‍

Richard Branson
Richard Branson (Middle) Image credit: Virgin.com

വെര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍വേയ്‌സ് സ്ഥാപകനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പഠിക്കാന്‍ വളരെ മോശമായിരുന്നു. അതുകൊണ്ട് വെറും 16ാം വയസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പക്ഷെ വിജയത്തിലേക്കുള്ള യാത്രയ്ക്ക് അത് തടസമായില്ല. കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആസ്തി 5.1 ബില്യണ്‍ ഡോളറാണ്.

9. ഇവാന്‍ സ്പീഗല്‍

പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡില്‍ പഠിച്ചുവെങ്കിലും ബിരുദത്തിന് തൊട്ടുമുമ്പ് പഠനം ഉപേക്ഷിച്ച സംരംഭകനാണ് സ്‌നാപ്പ്ചാറ്റ് സി.ഇ.ഒ ഇവാന്‍ സ്പീഗല്‍. വെറും 28 വയസ് മാത്രമുള്ള അദ്ദേഹത്തിന്റെ ആസ്തി 2.1 ബില്യണ്‍ ഡോളറാണ്.

10. ജൂലിയന്‍ അസാന്‍ജ്

Image credit: David G Silvers. Cancillería del Ecuador/Wikipedia

വിക്കി ലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ജ് യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണില്‍ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു. വ്യവസ്ഥാപിതമായ പഠനരീതിയോട് യോജിക്കാനാകാതെ ഈ കംപ്യൂട്ടര്‍ ഹാക്കര്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.

ഈ ലിസ്റ്റ് തീരുന്നില്ല…

ബില്യണയറാകാന്‍ പഠനം ഉപേക്ഷിക്കണോ? ഒരിക്കലുമല്ല. പഠനം പൂര്‍ത്തിയാക്കിയതുകൊണ്ട് നിങ്ങള്‍ വിജയിക്കാനാകില്ലെന്ന് ഇതുകൊണ്ട് അര്‍ത്ഥമില്ല. ഔപചാരിക വിദ്യാഭ്യാസം നേടി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതുകൊണ്ട് മാത്രം ഒന്നുമാകില്ലെന്നാണ് ഇവരുടെ വിജയങ്ങള്‍ തെളിയിക്കുന്നത്. ഇവര്‍ പഠിച്ചില്ലല്ലോ എന്നു കരുതി പഠിക്കാതിരിക്കുകയല്ല വേണ്ടത്. പകരം ഇവരെ വിജയിപ്പിച്ച ഘടകങ്ങള്‍ കണ്ടെത്തി അത് സ്വജീവിതത്തിലേക്ക് പകര്‍ത്തുകയാണ് ചെയ്യേണ്ടത്.

ഇവര്‍ എങ്ങനെ വിജയിച്ചു?

കോളെജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാതിരുന്നിട്ടും ഇവര്‍ വിജയിച്ചതിന് പിന്നിലുള്ള കാരണങ്ങള്‍

1. വിജയിച്ചേ പറ്റൂ എന്ന ചിന്ത

കോളെജ് പഠനം പൂര്‍ത്തിയാക്കാതെ സംരംഭത്തിലേക്ക് ഇറങ്ങിയവരാണ് ഇവര്‍. ആ സംരംഭം പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും എന്നൊരു പ്ലാന്‍ ബി ഇവര്‍ക്കില്ല. കാരണം നല്ലൊരു ജോലി നേടാന്‍ കോളെജ് വിദ്യാഭ്യാസം വേണം. അതില്ലാത്തതുകൊണ്ട് തന്നെ എങ്ങനെയും വിജയിച്ചേ പറ്റൂ എന്നൊരു വാശി ഇവര്‍്ക്കുണ്ടായിരുന്നു.

2. അവര്‍ നേരത്തെ തുടങ്ങി

ഇവരില്‍ പലരും 19-21 വയസിലേ സംരംഭം തുടങ്ങിയവരാണ്. അതുകൊണ്ട് നേരത്തെ തന്നെ പരാജയത്തിന്റെ ചവര്‍പ്പ് അറിയാനും അതില്‍ നിന്ന് പാഠം പഠിച്ച് വീണ്ടും ശ്രമിക്കാനും അവര്‍ക്ക് സാധിച്ചു.

3. പേടിയില്ലാത്തവര്‍

ഡ്രോപ്പൗട്ട് ആയവര്‍ക്ക് പരാജയത്തെ കാര്യമായ ഭയമുണ്ടാകില്ല. എന്നാല്‍ അതിസമര്‍ത്ഥരായി വിജയിച്ചുപോരുന്നവര്‍ പരാജയത്തെ കൂടുതലായി ഭയക്കും. ഡ്രോപ്പൗട്ടുകള്‍ക്ക് മുന്നില്‍ പ്രതീക്ഷകളുടെ ഭാരങ്ങളുണ്ടാകില്ല. അവര്‍ റിസ്‌ക് എടുക്കാന്‍ തയാറാകുന്നു. അവര്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചു. ആരും നടക്കാത്ത വഴികളിലൂടെ നടന്നു.

4. സമര്‍ത്ഥര്‍

നാം നേരത്തെ പറഞ്ഞ ലിസ്റ്റിലുള്ളവര്‍ ഡ്രോപ്പൗട്ടുകള്‍ ആണെങ്കിലും അവര്‍ സമര്‍ത്ഥര്‍ തന്നെയായിരുന്നു. കാരണം അവരെല്ലാവരും പ്രശസ്തമായ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരാണ്. പക്ഷെ അവരില്‍ പലര്‍ക്കും വിദ്യാഭ്യാസം പൂര്‍ത്തികരിക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല.

5. അടങ്ങാത്ത അഗ്നിയുള്ളവര്‍

സംരംഭകരാകുക, ലോകത്ത് മാറ്റമുണ്ടാക്കുക… എന്ന ഉള്ളിലെ അഗ്നിയാണ് ഇവരെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തത്. സ്റ്റീവ് ജോബ്‌സ് തന്റെ പ്രസംഗത്തില്‍ പല തവണ 'ഹംഗ്രി' എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അറിവ് നേടാനുള്ള ദാഹവും വിശപ്പുമായിരുന്നു അത്. എന്നാല്‍ അത് നാം വിചാരിക്കുന്ന തരത്തില്‍ സ്‌കൂളില്‍ നിന്നും കോളെജില്‍ നിന്നുമുള്ള അറിവ് ആയിരുന്നില്ലെന്ന് മാത്രം. ലോകം തരുന്ന അറിവ്. പ്രായോഗികതയില്‍ നിന്ന് ലഭിക്കുന്ന അറിവ്. പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അടങ്ങാത്ത ദാഹം.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it