സാമ്പത്തിക ഭദ്രതയുള്ള സംരംഭത്തിനായി 10 നിയമങ്ങള്‍

ആനന്ദ് കുമാര്‍.എച്ച്

ചെറുകിട, ഇടത്തരം സംരംഭകരില്‍ ഭൂരിഭാഗം പേരും അങ്ങേയറ്റം ശ്രദ്ധ കൊടുക്കുന്ന രംഗങ്ങളുണ്ട്. ഗുണമേന്മയുള്ള ഉല്‍പ്പന്നം, മാര്‍ക്കറ്റിംഗ് തുടങ്ങിയവയെല്ലാം. പക്ഷേ പലരും ഫിനാന്‍സ് വേണ്ട വിധത്തില്‍ ശ്രദ്ധിക്കില്ല. ഇക്കാര്യം അക്കൗണ്ടന്റിന്റെ ചുമതലയാക്കി, കൂടുതല്‍ ആഴത്തിലേക്ക് പോകാതെ മാറി നില്‍ക്കും. പിന്നീട് ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാല്‍ നിങ്ങളുടെ സംരംഭത്തിനും സാമ്പത്തിക സുരക്ഷ നേടാം. ഇതാ അക്കാര്യങ്ങള്‍:

1. ബജറ്റ് ഉണ്ടാക്കുക

സ്ഥാപനത്തിന്റെ സാമ്പത്തികമായ വിജയത്തിന് ബജറ്റ് അനിവാര്യമാണ്. യഥാര്‍ത്ഥമായതും വിശദമായതുമായ വരവു ചെലവു കണക്കുകള്‍ മനസിലാക്കുന്നതിലൂടെ നിങ്ങളുടെ സംരംഭത്തെ ശരിയായ മാര്‍ഗത്തിലൂടെ നയിക്കാന്‍ നിങ്ങള്‍ക്കാകും. നിലവില്‍ ലഭ്യമായ ഫണ്ട് എത്രയെന്നും ചെലവുകള്‍ എന്തൊക്കെയെന്നും കൃത്യമായ ബജറ്റ് തയാറാക്കുന്നതിലൂടെ അ

റിയാന്‍ സാധിക്കുന്നു. ഇതിലൂടെ പാഴ്‌ചെലവുകളെ നിയന്ത്രിക്കാനുമാകും.

2. ശരിയായ അക്കൗണ്ടിംഗ് റെക്കോര്‍ഡുകള്‍ സൂക്ഷിക്കുക

ശരിയായ എക്കൗണ്ടിംഗ് റെക്കോര്‍ഡുകള്‍ കൈവശമില്ലെങ്കില്‍ നിങ്ങളുടെ ബിസിനസിന്റെ സാമ്പത്തിക പ്രകടനം സംബന്ധിച്ച വ്യക്തമായ ചിത്രം നിങ്ങള്‍ക്കില്ലെന്നാണ് അര്‍ത്ഥം. അപ്പോള്‍, ബിസിനസ് സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളും ശരിയായിരിക്കണമെന്നില്ല. നിങ്ങളുടെ സംരംഭത്തിന് ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ വായ്പാ സ്ഥാപനത്തേയോ നിക്ഷേപകനേയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ശരിയായ എക്കൗണ്ടിംഗ് അത്യാവശ്യമാണ്. മാത്രമല്ല, സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചാല്‍ നിയമലംഘനം മൂലമുള്ള പിഴകള്‍ ഒഴിവാക്കാം.

3. സമയത്തിന് പണം നല്‍കുക

നിങ്ങള്‍ പണം നല്‍കാനുള്ളവര്‍ക്കും ജീവനക്കാര്‍ക്കും സമയത്തിന് പണം നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ ഉപഭോക്താക്കളും പണം നല്‍കാന്‍ വൈകുമെന്നതാണ് നാട്ടുനടപ്പ്. ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കുന്നത് ഉല്‍പ്പാദന ക്ഷമതയും അവരുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കും. ബിസിനസ്പരമായി നിങ്ങള്‍ പണം നല്‍കാനുള്ളവര്‍ക്ക് സമയത്തിന് നല്‍കുമ്പോള്‍ മികച്ച ബന്ധം സൃഷ്ടിക്കുന്ന തിനൊപ്പം വിശ്വാസമാര്‍ജിക്കാനുമാകുന്നു.

4. അമിതമായി കടം വാങ്ങരുത്

നിയന്ത്രിതമായ കടം വാങ്ങല്‍ ബിസിനസ് മെച്ചപ്പെടുത്തും. കൂടുതലായാല്‍ അത് ദോഷം ചെയ്യും. കടം വാങ്ങുന്നത് എപ്പോള്‍ അവസാനിപ്പിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടിയാണ് ബിസിനസ് ചെയ്യുന്നത് എന്ന സ്ഥിതി വരും. വലിയ പലിശ നല്‍കുന്നതു മാത്രമല്ല, വായ്പ ലഭ്യമാകുന്നതിനായി നിങ്ങള്‍ ഈടും നല്‍കേണ്ടി വരുന്നു. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല വായ്പയെ ആശ്രയിക്കുന്നത് നിര്‍ത്തുക തന്നെ വേണം.

5. കാഷ് ഫ്‌ളോ വിലയിരുത്തുക

നിങ്ങള്‍ക്കറിയാമോ, 1970കളില്‍ വന്‍ ലാഭത്തിലായിട്ടും നൈക്കി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. കാഷ് ഫ്‌ളോയായിരുന്നു വില്ലന്‍. എത്ര പണം അകത്തുണ്ട്, എത്ര പുറത്തുണ്ട് എന്നറിഞ്ഞുള്ള സര്‍ക്കസാണ് മിക്ക സംരംഭകരും നടത്തുന്നത്. ലാഭക്ഷമത പ്രധാനമാണെങ്കിലും കാഷ് ഫ്‌ളോ ശരിയല്ലെങ്കില്‍ അത് സംരംഭത്തിന്റെ ചരമക്കുറിപ്പെഴുതും. ലാഭകരമായിട്ടും പൂട്ടിപ്പോയ 60 ശതമാനം ബിസിനസ് സംരംഭങ്ങള്‍ക്കും തിരിച്ചടിയായത് കാഷ് ഫ്‌ളോ ആണ്. കാഷ് ഫ്‌ളോ എത്രയുണ്ടാകുമെന്ന് അത് മുന്‍കൂട്ടി കണക്കാക്കുന്നതും എല്ലാ മാസവും അത് വിലയിരുത്തുന്നതും വളരെ പ്രധാനമാണ്. ഓര്‍ക്കുക, പണമാണ് രാജാവ്.

6. നിയമങ്ങള്‍ അനുസരിക്കുക

നിയമങ്ങള്‍ അറിയില്ല എന്നത് ഒരു ഒഴിവുകഴിവല്ല. ഒരു കാര്‍ ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ അറിയില്ലെന്ന് പറഞ്ഞൊഴിവാകാനാകുമോ? ബിസിനസ് സംബന്ധിച്ച വിവിധ നിയമങ്ങളുടെ സ്ഥിതിയും അതു തന്നെ. ഓരോ ബിസിനസിനും അതിന്റെ സ്വഭാവത്തിനനുസരിച്ച് പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. അവ പാലിക്കുന്നതിനായി ആവശ്യമെങ്കില്‍ പ്രൊഫഷണലുകളുടെ സഹായം തേടാം. വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയും പിഴയും ഏറെ പണ നഷ്ടവും സമയനഷ്ടവും ഉണ്ടാക്കും.

7. ആവശ്യത്തിന് പ്രവര്‍ത്തന മൂലധനം കരുതുക

ബിസിനസ് ഓരോ ദിവസവും നടത്തിക്കൊണ്ടു പോകാനുള്ള പണമാണ് പ്രവര്‍ത്തന മൂലധനം. ബിസിനസ് നടത്തിപ്പിന്റെ കാര്യക്ഷമതയും ഹ്രസ്വകാലത്തേക്കുള്ള സ്ഥിരതയുമൊക്കെ ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം നിങ്ങളുടെ കൈയിലില്ലെങ്കില്‍ നിങ്ങളുടെ ബിസിനസിന്റെ നിലനില്‍പ്പു തന്നെ സംശയത്തിലാകും. പെട്ടെന്ന് കൊടുത്തു തീര്‍ക്കേണ്ട ബാധ്യത കഴിച്ചുള്ള ലിക്വിഡ് അസറ്റാണ് പ്രവര്‍ത്തന മൂലധനമെന്നത്. ഫിക്‌സഡ് അസറ്റ് പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഒരിക്കലും പ്രവര്‍ത്തന മൂലധനത്തെ പ്രയോജനപ്പെടുത്തരുത്.

8. പണം എടുക്കുന്നത് ലാഭത്തില്‍ നിന്ന് മാത്രം

ആരോഗ്യമുള്ള, വളരുന്ന ഒരു ബിസിനസിന് ലാഭവും കാഷ് ഫ്‌ളോയും പ്രധാനമാണ്. പക്ഷേ ഇതു രണ്ടും ഒന്നല്ല. നഷ്ടത്തിലോടുന്ന ബിസിനസിനും നല്ല കാഷ് ഫ്‌ളോ ഉണ്ടാകാം, തിരിച്ചും സംഭവിക്കാം. ബിസിനസില്‍ ലഭിക്കുന്ന പണം ഉപഭോക്താവില്‍ നിന്നുള്ള അഡ്വാന്‍സോ, സപ്ലൈയര്‍ക്ക് നല്‍കേണ്ട പണമോ സപ്ലയേഴ്‌സില്‍ നിന്നുള്ള ക്രെഡിറ്റോ ഒക്കെയാകാം. അതുകൊണ്ട് ഒന്നു മനസിലാക്കുക, ലാഭത്തിന്റെ ഒരു ഭാഗം മാത്രമേ നിങ്ങള്‍ എടുക്കാവൂ.

9. ഫണ്ട് വഴിതിരിച്ചു വിടരുത്

ഫണ്ട് വഴി തിരിച്ചു വിടുന്നത് 99 ശതമാനം ബിസിനസുകളെയും ഇല്ലാതാക്കിയതായാണ് ഇതു വരെയുള്ള അനുഭവം. പ്രവര്‍ത്തന മൂലധനത്തിനായുള്ള പണം മറ്റു കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിലൂടെ ബിസിനസിലെ ദൈനംദിന കാര്യങ്ങള്‍ മുടങ്ങുന്നു. ഇത് സംരംഭത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ വായ്പാ സ്ഥാപനവും മറ്റു നിക്ഷേപകരും അത് കൃത്യമായി ശ്രദ്ധിക്കുന്നതിനാല്‍ അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും വീണ്ടും പണം നല്‍കാന്‍ മടിക്കുകയും ചെയ്യും.

10. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ടീമിനും
പരിശീലനം നല്‍കുക

സാമ്പത്തിക കാര്യങ്ങളില്‍ അടിസ്ഥാനപരമായ അറിവുള്ള ജീവനക്കാര്‍ ദൈനംദിന കാര്യങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ബിസിനസില്‍ ശരിയായ തീരുമാനമെടുക്കാനും അതിലൂടെ അവര്‍ക്ക് കഴിഞ്ഞേക്കാം. സംരംഭത്തിന് പൊതുവായ ലക്ഷ്യം നേടാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ടീമിന് ഈ അറിവ് പ്രയോജനപ്പെടും.

(ലേഖകന്‍ കൊച്ചി ആസ്ഥാനമായി പ്രാക്ടീസ് ചെയ്യുന്ന ഒരു പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ആണ്. Phone: 08281019444, Email: anand@jaksllp.com)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it