ഭീമന്‍ വായ്പാ കുടിശിക, അനില്‍ അംബാനിയും പാപ്പരായി !

കടക്കെണിയിലായി നാടുവിട്ട കോടീശ്വരന്മാര്‍ക്ക് പിന്നാലെ അനില്‍ അംബാനിയും പാപ്പര്‍ ഹര്‍ജി കൊടുക്കുന്നു. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 42,000 കോടി രൂപയാണ് കടമുള്ളത്.

വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ പണമില്ലാത്തതിനാലാണ് പാപ്പര്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. കനത്ത തുക വായ്പയെടുത്ത് അനില്‍ അംബാനി നാടുവിടാനുള്ള സാഹചര്യം ഉള്ളതിനാല്‍ ഇത് തടയാന്‍ എറിക്‌സണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ടെലികോം മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും മാറി റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഭാഗ്യം പരീക്ഷിച്ചെങ്കിലും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വൈവിധ്യവല്‍ക്കരണത്തിലേക്ക് കടക്കുകയും നിലവിലുണ്ടായിരുന്ന പല പദ്ധതികളും അവസാനിപ്പിക്കുകയും ചെയ്തിട്ടും കടത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് പാപ്പര്‍ അപേക്ഷ കൊടുക്കാനുള്ള നടപടികളിലേക്ക് ഇവര്‍ കടക്കുന്നത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ ചട്ടങ്ങള്‍ പ്രകാരം കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സ് സ്വീകരിച്ചുവെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നത്.

ടെലികോം രംഗത്ത് നിരക്കുകള്‍ കുറച്ച് വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് അടിപതറാന്‍ തുടങ്ങിയത് ഈ രംഗത്ത് മല്‍സരം രൂക്ഷമായതോടെയാണ്. അനില്‍ അംബാനിയുടെ ജ്യേഷ്ഠന്‍ മുകേഷ് അംബാനിയുടെ സ്ഥാപനമായ ജിയോയുടെ വരവോടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ പതനം പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ പല ഉപകരണങ്ങളും ജിയോയ്ക്ക് കൈമാറി നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു റിലയന്‍സ് കമ്യൂണിക്കേഷന്‍സ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it