''കോവിഡിനെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മണ്ടത്തരം''

കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണും ട്രിപ്പ്ള്‍ ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണും ഒക്കെ ഏര്‍പ്പെടുത്തുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതമാണ് ഉണ്ടാവുന്നതെന്നും കോവിഡ് പ്രതിരോധത്തിന് ലോക്ക്ഡൗണ്‍ പരിഹാര മാര്‍ഗ്ഗമല്ലെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ടോണി തോമസ്. ആഗോള വമ്പനായ നിസാന്‍ മോട്ടര്‍ കോര്‍പ്പറേഷന്റെ ഡിജിറ്റല്‍ ഹബ് കേരളത്തില്‍ ആരംഭിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച നിസാന്റെ മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഡോ. ടോണി തോമസ്, കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന രീതികളെ ശാസ്ത്രീയ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്.

കേരളം പോലെ വളരെ മികച്ച ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ ഉള്ള ഒരു സ്ഥലത്ത് ലോക്ക്ഡൗണ്‍ പ്രത്യേകിച്ച് കൂടുതല്‍ ഫലമൊന്നുമുണ്ടാക്കില്ല. എന്ന് മാത്രമല്ല ലോക്ക്ഡൗണ്‍ ജീവനും, ജീവിതത്തിനും ഭീഷണിയാണ്. കേരളം പോലെ, ജന സാന്ദ്രമായ, തൊട്ടുതൊട്ടു ജനങ്ങള്‍ പാര്‍ക്കുന്ന ഒരു സ്ഥലത്തു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, കണ്ടൈന്‍മെന്റ് സോണ്‍, കമാന്‍ഡോ പ്രതിരോധം മുതലായവ തീര്‍ത്തും ഉപയോഗശൂന്യമാണെന്ന് മാത്രമല്ല അവ വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും. നാല്മാസം കൊണ്ട് ലോക്ക്ഡൗണ്‍, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, കണ്ടൈന്‍മെന്റ് സോണ്‍ എന്നിവ കൊണ്ട് നേടാത്തതൊന്നും, ഇനിയും ഇവ കൊണ്ട് നേടില്ലെന്ന് സ്വതന്ത്ര പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ടോണി തോമസ് വിശദീകരിക്കുന്നു.

കോവിഡ് നാളുകളിലും എസ് എസ് എല്‍ സി, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ നടത്തിയും കൂടുതല്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും തുറക്കാന്‍ അനുമതി നല്‍കിയും കേരളം നല്ല മാതൃകകള്‍ സൃഷ്ടിക്കുമ്പോഴും മതിയായ ആരോഗ്യ പരിപാല സംവിധാനം ഉള്ളപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട കാര്യമില്ല.

കോവിഡ് എന്നാല്‍ ചികിത്സയുള്ള രോഗമല്ല. അതിനോടനുബന്ധിച്ചുള്ള രോഗ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ. ജൂലൈ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 8818 രോഗികളില്‍ 53 പേര്‍ ഐ സി യുവിലും ഒന്‍പത് പേര്‍ വെന്റിലേറ്ററിലുമാണ്. അതായത് മൊത്തം രോഗികളില്‍ 0.6 ശതമാനം പേര്‍ക്കാ3ണ് ഐ സി യു തീവ്രപരിചരണം വേണ്ടി വരുന്നത്. 0.1 ശതമാനത്തിന് വെന്റിലേറ്റര്‍ സൗകര്യവും.

നിലവില്‍ കേരളത്തില്‍ മതിയായ ചികിത്സാ സൗകര്യങ്ങളുണ്ട്. ഈ ആരോഗ്യപരിപാലന ശേഷി വെച്ചു കൊണ്ട് നമുക്ക് കോവിഡിനെ ബുദ്ധിമുട്ടില്ലാതെ മാനേജ് ചെയ്യാം.

ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ കൊണ്ട് വലിയ ഗുണമില്ല

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളും, കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദ്ദേശ പ്രകാരവും, കേരളത്തിലെ അനുഭവങ്ങള്‍ വെച്ചും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ഒരു ചികിത്സയും ആവശ്യമില്ല എന്നതാണ്. കേരളത്തിലെ രോഗബാധിതരില്‍ 95% മേലെയും ഈ വിഭാഗത്തിലുള്ളവരാണ്. First-Line COVID Treatment Cetnres (FLCTC) ഉണ്ടാക്കി ഇവരെ അവിടെയാക്കുന്നതില്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. കോവിഡ് ഇത്രമാത്രം കേരളത്തില്‍ പടര്‍ന്ന സ്ഥിതിക്ക് ചികിത്സ വേണ്ടാത്തവരെ ഇവിടെയാക്കുന്നത് പകര്‍ച്ച കുറയ്ക്കാനും സഹായിക്കില്ല, മാത്രമല്ല വളരെ വിലപ്പെട്ട ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ അനാവശ്യമായി ഇല്ലാതാക്കും. അതിനുവേണ്ടി ഡോക്ടര്‍മാര്‍, നേഴ്‌സ്മാര്‍ വിനിയോഗിക്കുന്നത് ഇറ്റലിപോലെ വലിയ വിപത്തിലേക്ക് വഴിവയ്ക്കും.

രോഗ വ്യാപനം അറിയാനുള്ള സര്‍വ്വേ, ജനസാന്ദ്രത അനുസരിച്ച്, കൃത്യമായ അതിരുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടവേളയില്‍, നടത്തേണ്ടതാണ്. മുംബൈയില്‍ ഇത് പിന്‍കോഡ് അനുസരിച്ചാണ് നടത്തുന്നത്. ഡല്‍ഹിയിലും ഇതു മാതിരി തന്നെ. കേരളത്തിലെ ടെസ്റ്റ് ്‌റിസള്‍ട്ടില്‍ നിന്നും മനസ്സിലാക്കുന്നത് ഇത് ഇങ്ങനെയല്ല എന്നാണ്. ഇത് തിരുത്തണം.

ലോക്ക്ഡൗണ്‍ മൂലം കേരളത്തിന് എന്തുസംഭവിക്കും?

ഗള്‍ഫ് മേഖലയിലെ സാമ്പത്തിക തളര്‍ച്ച കേരളത്തിലേക്കുള്ള വിദേശ വരുമാനം ഇരുപതു ശതമാനത്തിലേറെ ഇപ്പോള്‍ തന്നെ കുറച്ചിട്ടുണ്ട്.
ലോക്ക്ഡൗണില്‍ കഴിയുന്ന ഓരോ ദിവസവും 1500 കോടി രൂപ മുതല്‍ 2000 കോടി രൂപ വരെയാണ് ്‌കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ നഷ്ടമുണ്ടാകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷം മൊത്ത സംസ്ഥാന സാമ്പത്തിക ഉല്‍പ്പാദന വളര്‍ച്ച പുറകോട്ടായിരിക്കും എന്നാണ് ഇപ്പോഴുള്ള പ്രവചനം.
കേരളത്തിന്റെ പ്രധാന തൊഴില്‍ ദാതാക്കളായ നിര്‍മ്മാണമേഖലയും, ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലയും മിക്കവാറും പൂര്‍ണ്ണമായി നിലച്ച സ്ഥിതിയിലാണ്.

അസംഘടിതമേഖലയിലുള്ളവരും ദിവസവേതനക്കാരും തൊഴില്‍ ചെയ്യാനാവാതെ വീട്ടില്‍ ഇരിക്കുകയാണ്. ചെറുകിട, ഇടത്തരം സംരംഭകര്‍ ദിവസം തോറും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതില്‍ പലതും ഇപ്പോള്‍ത്തന്നെ പൂര്‍ണമായും നശിച്ചുകഴിഞ്ഞു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തീരെ അനുകൂലമല്ലാത്ത ഒരു സാഹചര്യമായി കഴിഞ്ഞിരിക്കുന്നു.

ഇതിനു പുറമേ അശാസ്ത്രീയ കോവിഡ് പ്രതിരോധത്തിന്റെ പേരിലുള്ള അധിക ചെലവും. ഈ ബാധ്യതകള്‍ കേരളത്തിലെ സാധാരണക്കാരാണ് വഹിക്കേണ്ടിവരുന്നത്
സംസ്ഥാനവ്യാപകമായ ലോക്ക്ഡൗണിനു പുറമെ ശാസ്ത്രീയമായി യാതൊരു പ്രയോജനവും കാണിക്കാന്‍ പറ്റാത്ത, ലോകത്തൊന്നുമില്ലാത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, കമാന്‍ഡോപ്രതിരോധം, അതിനും മേലെ കണ്ടെന്‍മെന്റ ്‌സോണ്‍ എന്നീ ശക്തി മാര്‍ഗ്ഗങ്ങള്‍ കേരളത്തിലെ സ്ഥിതി പൂര്‍ണമായും അസ്ഥിരപ്പെടുത്തിയിരിക്കുന്നു. ഒരു ജീവന്‍ പോലും കൂടുതല്‍ രക്ഷിക്കാന്‍ പറ്റാതെ കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ ജീവിതം താറുമാറാക്കികൊണ്ടിരിക്കുന്നു.

വിവേകപൂര്‍വം, കേരളത്തിന്റെ തനതായ, മേന്മയേറിയ സാഹചര്യം മുതലാക്കി പ്രതിരോധ ആരോഗ്യ ടൂറിസം, ചെറുകിട തൊഴില്‍മേഖല, സഹകരണാടിസ്ഥാനത്തില്‍ ഭക്ഷ്യവിളകളുടെ കൃഷി, പ്രകൃതിക്കിണങ്ങുന്ന സുസ്ഥിരവികസനം മുതലായവ പ്രോത്സാഹിപ്പിച്ച് കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ തുടങ്ങുന്നതിനു പകരം നമ്മള്‍ അനാവശ്യ ഭീതിയിലാണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ മുഴുവന്‍ വീട്ടുതടങ്കലിലാണ്.

സംസ്ഥാന പിറവിക്കുശേഷം ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണ് കേരളത്തില്‍ ഇപ്പോള്‍. ഇത് അടിയന്തിരമായി മാറണം, അല്ലെങ്കില്‍ നമ്മള്‍ മാത്രമല്ല, കേരളത്തിലെ വരും തലമുറകള്‍ പോലും ഇതില്‍പെട്ട് തകര്‍ന്നു പോകും.

ലോകം നമ്മെ പഠിപ്പിക്കുന്നത് എന്ത്?

ഇറ്റലിയില്‍ ലൊമ്പാര്‍ഡി റീജിയനില്‍ അതിരൂക്ഷമായ സ്ഥിതിവിശേഷമുണ്ടാകാന്‍ കാരണം അവിടെ രോഗം പ്രതിരോധിച്ച രീതിയിലെ തെറ്റായിരുന്നു. ന്യൂയോര്‍ക്ക്്‌സിറ്റി നോക്കിയാല്‍, അവിടുത്തെ കണക്കുകള്‍ മുഴുവന്‍ ശരിയാവില്ല എന്ന് കാണാം. മൊത്തം മരണത്തിന്റെ 42% കോവിഡ് മൂലമാണെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും, ആരോഗ്യ പരിപാലന വ്യവസായ കുത്തകകളുടെയും, മറ്റു സാമ്പത്തിക പ്രേരണകളുമാവാം.

കേരളത്തിനെക്കാള്‍ വളരെയധികം മുതിര്‍ന്ന പൗരന്മാരും, ജനസാന്ദ്രതയുള്ള, ആളുകള്‍ ഇടുങ്ങിയ വീടുകളില്‍ താമസിക്കുന്ന ജപ്പാനില്‍, ലോക്ക്ഡൗണ്‍ മുതലായ ശക്തി ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല. ഒളിമ്പിക്‌സ്, വലിയ ആള്‍ക്കൂട്ടം വരുന്ന പരിപാടികള്‍ മുതലായവ മാത്രം വേണ്ട എന്നുവെച്ചു. പൊതുഗതാഗതം, മെട്രോറെയില്‍, വാഹനഗതാഗതം, കടകള്‍ എല്ലാം തുറന്നിരുന്നു. ജനങ്ങളോട ്‌സര്‍ക്കാര്‍ കൂട്ടം കൂടരുത്, മാസ്‌ക് ഉപയോഗിക്കുക എന്നുമാത്രം അപേക്ഷിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്, അതനുസരിച്ചു മാത്രം ചികിത്സ. അനാവശ്യ ഭീതിപ്പെടുത്താല്‍ ഒന്നുമില്ല. കേരളം മറ്റു സ്ഥലങ്ങളിലെ പരാജയത്തിന് കാരണമായ തെറ്റുകള്‍ അതേ പടി ആവര്‍ത്തിക്കാതെ നല്ലരീതികള്‍ അവലംബിക്കുക. അത് മനസ്സിലാക്കി പ്രായോഗികമാക്കാന്‍ പറ്റിയ അധികാരികളെ നിയമിക്കുക.

കേരളം എന്തു ചെയ്യണം?

ടെസ്റ്റ് പോസിറ്റീവ് ആകുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് യാതൊരുഗുണവും ഇല്ലാത്ത 'ചികിത്സ' നല്‍കുന്ന രീതിമാറ്റി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സംവിധാനം വഴി ആരോഗ്യ സംവിധാനങ്ങള്‍ പാഴാക്കുന്ന രീതിമാറ്റി, നല്ല രീതിയില്‍ രോഗലക്ഷണങ്ങളുള്ള രോഗികളെ മാത്രം ചികിത്സിക്കുക. ആരോഗ്യ സംവിധാനങ്ങള്‍ അവര്‍ക്കായി മാറ്റിവയ്ക്കുക.

ഭീതി വേണ്ട, ജാഗ്രത മതി എന്ന മുദ്രാവാക്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു, ലോക്ക്ഡൗണ്‍വേണ്ട, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ട, കണ്ടൈന്‍മെന്റ് സോണ്‍ വേണ്ട, മാസ്‌ക് മതി എന്ന രീതിയിലേക്ക് കേരളം ഉടനടി മാറണം. ജനജീവിതം സാധാരണ ഗതിയിലാക്കണം. തൊഴില്‍ചെയ്യാനും, കുടുംബം പോറ്റാനുമുള്ള സാഹചര്യം ഉണ്ടാക്കണം. ആവശ്യകാര്യങ്ങള്‍ക്കുമാത്രം, ശാസ്ത്രീയമായി രോഗം നേരിടാനും, ജനങ്ങളുടെ ക്ഷേമത്തിനും മാത്രം ആവശ്യമുള്ള കാര്യങ്ങള്‍ക്കായി ചെലവ് ചുരുക്കുക.

കോവിഡിനെ വന്‍ ദുരന്തമായി കണ്ടു പേടിച്ചിരിക്കാതെ, മുന്നേറാനുള്ള ഒരു അവസരമായി കണ്ടു അത് ഉപയോഗിക്കുക. ശാസ്ത്രവും, സാമാന്യ ബുദ്ധിയും, നിശ്ചയദാര്‍ഢ്യവും, സഹാനുഭൂതിയും ഒത്തൊരുമിക്കുന്നതാകട്ടെ നവകേരളമോഡല്‍. വരുംതലമുറയ്ക്ക് നമ്മളെ കൊണ്ട് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഇതാവും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it