''വീട്ടിലിരിക്കുമ്പോള്‍ ഈ പുസ്തകങ്ങള്‍ വായിക്കൂ''! കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്നു

ലോക്ഡൗണ്‍ കാലത്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കൊപ്പം വായനയ്ക്ക് കൂടി സമയം കണ്ടെത്താന്‍ ഓര്‍മിപ്പിക്കുകയാണ് കേരളത്തിലെ ഈ ബിസിനസ് നായകന്മാര്‍. തങ്ങളെ ഏറെ സ്വാധീനിച്ചതും ഒരാള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതുമായ പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് നിര്‍ദ്ദേശിക്കുകയാണ് ഇവര്‍:

മനസില്‍ പണ്ടേ പതിഞ്ഞ പുസ്തകം

വി.കെ മാത്യൂസ്, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍, ഐബിഎസ് ഗ്രൂപ്പ്

നിര്‍ദ്ദേശിക്കുന്ന പുസ്തകം: ഖലീല്‍ ജിബ്രാന്റെ 'ദി പ്രോഫറ്റ്'

''Love one another, but make not a bond of love
Let it rather be a moving sea
between the shores of your souls....''

എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ച പുസ്തകം. എന്നാല്‍ അതിലെ നിരവധി വരികള്‍ ഇപ്പോഴും എന്റെ മനസില്‍ അതേപടിയുണ്ട്. ഖലീല്‍ ജിബ്രാന്റെ 'ദി പ്രോഫറ്റ്'. പ്രവാചകന്‍ എന്ന പേരില്‍ അത് മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. പലരും ഇത് വായിച്ചിട്ടുമുണ്ടാകും. എല്ലാ ആളുകളും വായിക്കേണ്ട, പ്രത്യേകിച്ച് വിവാഹിതരും കുട്ടികളുള്ളവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ചെറിയ പുസ്തകമാണിത്. സ്‌നേഹം, വിവാഹം, ബന്ധങ്ങള്‍... എന്നുതുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിനെക്കുറിച്ചും ഈ പുസ്തകത്തില്‍ അതിമനോഹരമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസില്‍ കുറിച്ചിടേണ്ടതാണ്.

ഖലീല്‍ ജിബ്രാന്‍ ഒരു ചിന്തകനാണ്. എന്നാല്‍ അദ്ദേഹത്തിന് തന്റെ ആശയങ്ങള്‍ മനോഹരമായി പുസ്തകത്തിലേക്ക് പകര്‍ത്താനും കഴിഞ്ഞിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ച് അത് സാധാരണക്കാരുടെ ഭാഷയില്‍ എഴുതിയ പുസ്തകം. എന്റെ ജീവിതത്തിന്റെ ഓരോ മേഖലകളിലും ഈ പുസ്തകം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ജീവിതം മാറ്റുന്ന പുസ്തകം

അജു ജേക്കബ്, ഡയറക്റ്റര്‍, സിന്തൈറ്റ് ഗ്രൂപ്പ്

നിര്‍ദ്ദേശിക്കുന്ന പുസ്തകം: റോബിന്‍ ശര്‍മ്മയുടെ '5 AM Club'

പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിച്ച പുസ്തകമാണ് റോബിന്‍ ശര്‍മ്മയുടെ ''5 എഎം ക്ലബ്''. ഒന്നരവര്‍ഷമായി ഇതിലെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ അതേപടി അനുസരിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ രാവിലെ എഴുന്നേല്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന പുസ്തകമാണത്. പണ്ട് പിതാവ് നേരത്തെ എഴുന്നേല്‍ക്കണമെന്ന് പറയുമായിരുന്നെങ്കിലും ഈ പുസ്തകം വായിച്ചപ്പോഴാണ് അതിന് ഇത്രത്തോളം പ്രാധാന്യമുണ്ടല്ലോ എന്ന് മനസിലായത്.

രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റിട്ട് മൂന്ന് കാര്യങ്ങള്‍ ചെയ്യാനാണ് പുസ്തകത്തില്‍ പ്രധാനമായും പറയുന്നത്. വ്യായാമം, പ്ലാനിംഗ്, വായന എന്നിവ. ദിവസവും ഒരു മണിക്കൂറോളം വ്യായാമത്തിനായി ചെലവഴിക്കുന്നതു തന്നെ ഒരു ദിവസം മുഴുവന്‍ വേണ്ട ഊര്‍ജ്ജം തരുന്നു. സത്ഗുരുവിന്റെ ആശ്രമ്ത്തില്‍ പോയപ്പോള്‍ യോഗ ചെയ്തുവെന്നല്ലാതെ യോഗയോ മെഡിറ്റേഷനോ ഒന്നും ഞാന്‍ ചെയ്യാറില്ലായിരുന്നു. എന്നാല്‍ ഈ പുസ്തകം വായിച്ചതിനുശേഷം അഞ്ചുമിനിറ്റുനേരം എല്ലാ ചിന്തകളെയും മാറ്റി ആഴത്തില്‍ തന്നെ മെഡിറ്റേഷന്‍ ചെയ്യാന്‍ സാധിക്കുന്നു. ഈ പുസ്തകത്തില്‍ പറയുന്ന മറ്റൊരു കാര്യം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അല്ലെങ്കില്‍ വായിക്കാനായി രാവിലത്തെ കുറച്ചുസമയം മാറ്റിവെക്കുക എന്നതാണ്.

ഈ പുസ്തകം എന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. നിങ്ങള്‍ പുതിയൊരു വ്യക്തിയായി മാറും. മാനേജ് ചെയ്യുക എന്നതിനപ്പുറം ലീഡ് ചെയ്യുക എന്ന തലത്തിലേക്ക് നമുക്ക് സ്വയം മാറാന്‍ ഇത് വളരെയേറെ സഹായിക്കുന്നു എന്നതാണ് എന്റെ അനുഭവം. ദിവസവും 20 മിനിറ്റുനേരം മെഡിറ്റേഷന്‍, 20 മിനിറ്റുനേരം വായന, വ്യായാമത്തിന്റെ ഭാഗമായി 20 മിനിറ്റുനേരം നീന്തല്‍, കുളി, കുറച്ചുനേരം പ്രാര്‍ത്ഥന... 5 എഎം ക്ലബ് വായിച്ചതിനുശേഷം ഒന്നരവര്‍ഷമായി എന്റെ രാവിലെകള്‍ ഇങ്ങനെയാണ്.

സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുക

ജോണ്‍ കെ പോള്‍, മാനേജിംഗ് ഡയറക്റ്റര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ്

നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍: ജോക്കോ വില്ലിങ്കിന്റെ 'Extreme Ownership',
യുവാല്‍ നോവയുടെ 'Sapiens
'

നാം എന്തു ചെയ്താലും എന്ത് തീരുമാനം എടുത്താലും അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം നാം തന്നെ ഏറ്റെടുക്കണം എന്ന് പറയുന്ന പുസ്തകമാണ് എക്‌സ്ട്രീം ഓണര്‍ഷിപ്പ്. നമ്മുടെ തീരുമാനങ്ങള്‍ പാളിപ്പോകുകയോ പ്രവൃത്തി മോശമാവുകയോ ചെയ്താല്‍ ഒഴിഞ്ഞുമാറുകയോ അത് മറ്റുള്ളവരില്‍ കെട്ടിവെക്കാനോ ശ്രമിച്ചാല്‍ നമുക്ക് തന്നെയാണ് നഷ്ടം. അതിന് പകരം അത് സ്വയം ഏറ്റെടുത്താല്‍ സ്വയം തിരുത്താന്‍ ശ്രമിക്കുകയും കൂടുതല്‍ വളരുകയും ചെയ്യും. ഞാന്‍ അടുത്തകാലത്ത് മാത്രമാണ് ഈ പുസ്തകം വായിച്ചത്. എന്നാല്‍ എന്റെ പിതാവ് ഞങ്ങള്‍ക്ക് പണ്ടേ പറഞ്ഞുതന്നിരുന്ന കാര്യം തന്നെയാണിത്. അതില്‍ നിന്ന് മാറാന്‍ അദ്ദേഹം സമ്മതിച്ചിരുന്നുമില്ല. ഇന്നത്തെ യുവതലമുറയിലെ മാനേജര്‍മാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. മറ്റുള്ളവരെ അനുകരിക്കാതെ നമ്മുടെ ഭാവി നമ്മള്‍ തന്നെ ഡിസൈന്‍ ചെയ്യണം എന്ന് ശക്തമായി ഈ പുസ്തകം പറയുന്നു.

രണ്ടാമത്തെ ഏറ്റവും മികച്ച പുസ്തമായി ഞാന്‍ കാണുന്നത് 'സാപ്പിയന്‍സ്' എന്ന മനുഷ്യകുലത്തിന്റെ കഥ പറയുന്ന ഗ്രന്ഥമാണ്. പൊതുവായനയ്ക്ക് പറ്റുന്ന ഈ പുസ്തകം നമുക്ക് ഒരുപാട് അറിവുകള്‍ തരുമെന്ന് മാത്രമല്ല, ജീവിതത്തെയും മനുഷ്യനെയും നാം വീക്ഷിക്കുന്ന രീതി തന്നെ മാറും.

എപ്പോഴും നാം ഒരേ രീതിയിലുള്ള പുസ്തകം തന്നെ വായിക്കരുത്. പല മേഖലകളിലുള്ള പുസ്തകങ്ങള്‍ മാറി മാറി വായിച്ചാലേ മാനസികമായി വളരാന്‍ സാധിക്കൂ.

പരാജിതരുടെ മനസ് ഈ പുസ്തകത്തിലുണ്ട്

കെ പി രവീന്ദ്രന്‍, സ്ഥാപക പ്രസിഡന്റ്, ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് & മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള

നിര്‍ദ്ദേശിക്കുന്ന പുസ്തകം: കാരള്‍ എസ് ഡ്വെക്കിന്റെ Mindset: 'The New Psychology of Success'

ലോക പ്രശസ്ത മനഃശാസ്ത്രജ്ഞയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റുമായ കാരള്‍ എസ് ഡ്വെക്ക് എഴുതിയ പുസ്തകം. നിരവധി വര്‍ഷത്തെ പഠന ഗവേഷണങ്ങള്‍ക്കു ശേഷമാണ് അവര്‍ 2006 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇരുപതിനായിരത്തിലധികം വിജയികളുടെയും ഒരു ലക്ഷത്തോളം പരാജിതരുടെയും മനസ്സറിഞ്ഞാണ് അവര്‍ പുസ്തകം തയാറാക്കിയത്. ആളുകള്‍ക്കിടയില്‍ രണ്ടു തരം മനോഭാവമുള്ളവരുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. ഫിക്സഡ് മൈന്‍ഡ്സെറ്റ് ഉള്ളവരും ഗ്രോത്ത് മൈന്‍ഡ് സെറ്റ് ഉള്ളവരും.

ഒരാളെ വിജയിയും പരാജിതനുമാക്കുന്നത് ഏതു തരം മനോഭാവമാണ് അവരെ നയിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. എല്ലാം തനിക്ക് പ്രതികൂലമാണെന്നും നിരവധി പ്രശ്നങ്ങളാണ് മുന്നിലെന്നും ഫിക്സഡ് മൈന്‍ഡ് സെറ്റ് ഉള്ളയാള്‍ കരുതുന്നു. അവര്‍ മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയും കുറ്റപ്പെടുതലുകളില്‍ പതറുകയും ചെയ്യും. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാന്‍ വിമുഖരുമായിരിക്കും ഫിക്സഡ് മൈന്‍ഡ്സെറ്റ് ഉള്ളവരെന്ന് പുസ്തകം പറയുന്നു.

അതേസമയം വലിയ ലക്ഷ്യവും നിശ്ചയദാര്‍ഢ്യവുമാണ് ഗ്രോത്ത് മൈന്‍ഡ്സെറ്റ് ഉള്ളവരെ നയിക്കുക. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും വെല്ലുവിളികളെ സ്വാഗതം ചെയ്യുകയും കുറ്റപ്പെടുതലുകളെ പോലും ഫീഡ്ബാക്കായി കണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യും. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരു മടിയും അവര്‍ കാട്ടില്ലെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവിതത്തില്‍ വിജയം വേണമെന്നാഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇന്നും ലോകവ്യാപകമായി വിറ്റുപോകുന്ന 'മൈന്‍ഡ്സെറ്റ്- വിജയത്തിന്റെ പുതിയ മനഃശാസ്ത്രം' എന്ന ഈ പുസ്തകം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it