വ്യവസായ സംരംഭകര്‍ക്കായി ' നിക്ഷേപ ക്ലിയറന്‍സ് സെല്‍ '

വ്യവസായ സംരഭകത്വം സുഗമമാക്കാനുതകുന്ന ' നിക്ഷേപ ക്ലിയറന്‍സ് സെല്‍ 'യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര ബജറ്റില്‍ ശുപാര്‍ശ.

സംരംഭകര്‍ക്ക് സമഗ്ര പിന്തുണ നല്‍കുന്നതാകും ഈ സംവിധാനമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

സംരംഭകത്വമാണ് ഇന്ത്യയുടെ കരുത്ത്. നിക്ഷേപത്തിന് മുമ്പുള്ള ഉപദേശങ്ങള്‍, ലാന്‍ഡ് ബാങ്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സംസ്ഥാന തലത്തില്‍ ക്ലിയറന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള സഹായവും പിന്തുണയും നല്‍കുന്നതാകും നിക്ഷേപ ക്ലിയറന്‍സ് സെല്‍- അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തിനകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു.കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. മത്സരാധിഷ്ഠിത കാര്‍ഷിക രംഗമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.15 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് സൗകര്യം രണ്ടു വര്‍ഷത്തിനകം കര്‍ഷകര്‍ക്കായുണ്ടാകും.

ജലസേചനം, വിപണി വികസനം എന്നിവയുള്‍പ്പെടെ കാര്യക്ഷമമാക്കാന്‍ കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി രൂപ പുതിയ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.2 ദശലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സൗജന്യമായി നല്‍കും. ജൈവ വളങ്ങളുടെയും എല്ലാത്തരം രാസവളങ്ങളുടെയും സമതുലിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കും. രാസവളങ്ങള്‍ക്ക് പകരം ജൈവ വളങ്ങള്‍ക്കു പ്രോത്സാഹനം നല്‍കും.

നബാര്‍ഡ് റിഫൈനാന്‍സിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും പിന്തുണ ഉറപ്പാക്കും. വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി നടപ്പാക്കും.

'വരുമാനം വര്‍ധിപ്പിക്കുന്നതിനും വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ബജറ്റാണിത്, 'ആമുഖമായി നിര്‍മല സീതാരാമന്‍ പറഞ്ഞു.മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.അദ്ദേഹത്തിന്റെ കാലത്ത് നിലവില്‍ വന്ന ജിഎസ്ടി ക്രമേണ രാജ്യത്തെ സമന്വയിപ്പിക്കുന്ന ഒരു നികുതി രീതിയായി പക്വത പ്രാപിച്ചുവരുന്നുണ്ട്. ഇത് ലോജിസ്റ്റിക്‌സിലും ഗതാഗത മേഖലയിലും കാര്യക്ഷമമായ നേട്ടങ്ങള്‍ക്ക് കാരണമായി. എംഎസ്എംഇ മേഖലയ്ക്കും പ്രയോജനകരമായി-മന്ത്രി പറഞ്ഞു.ഫിഷറീസ് മേഖലയുടെ വികസനത്തിനും വന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും.69000 കോടി രൂപ ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്.99300 കോടിയാണ് വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്.

ഭയാനകമായ 'ഇന്‍സ്‌പെക്ടര്‍ രാജ് ' അപ്രത്യക്ഷമായത് ബിസിനസുകളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളിലൂടയാണ്. ജിഎസ്ടി നിരക്ക് കുറച്ചതിനാല്‍ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് ശരാശരി 4% കുറഞ്ഞു. 6 ദശലക്ഷം നികുതിദായകര്‍ ജിഎസ്ടി സംവിധാനത്തില്‍ ചേര്‍ന്നുകഴിഞ്ഞു. 800 കോടി ഇന്‍വോയ്‌സുകള്‍ അപ്ലോഡ് ചെയ്തു. 105 കോടി ഇ വേ ബില്ലുകള്‍ ജനറേറ്റ് ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് 16 ലക്ഷം നികുതിദായകര്‍ 40 കോടി നികുതി റിട്ടേണുകള്‍ നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തില്‍ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായി.ഇന്ത്യ ദാല്‍ തടാകത്തില്‍ വിരിഞ്ഞ താമര പോലെയെന്ന് കശ്മീരി കവിതയും ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it