ബിസിനസ് വൈവിദ്ധ്യവല്‍ക്കരണം, മികച്ചൊരു വളര്‍ച്ചാ തന്ത്രം

വ്യവസായ വാണിജ്യ മേഖലകളിലെ ദീര്‍ഘകാല നിലനില്‍പ്പിനുള്ള ഏറ്റവും മികച്ചൊരു വളര്‍ച്ചാ തന്ത്രമായാണ് വൈവിദ്ധ്യവല്‍ക്കരണത്തെ നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ചെറുകിട സംരംഭകര്‍ ഈയൊരു മാര്‍ഗത്തെ വേണ്ടത്ര പരിഗണിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

നിലവിലുള്ള സംരംഭത്തോടൊപ്പം തന്നെ പുതിയൊരു ബിസിനസിലേക്ക് ചുവടുവക്കുക എന്നതാണ് വൈവിദ്ധ്യവല്‍ക്കരണത്തിന്റെ കാതല്‍. പുതിയ ഉല്‍പന്നങ്ങളോ സേവനങ്ങളോ വികസിപ്പിക്കുക, പുതിയ വിപണികളിലേക്ക് പ്രവേശിക്കുക, പുത്തന്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുക തുടങ്ങിയവയെല്ലാം വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ഭാഗമാണ്.

ഒരു സംരംഭകന്‍ ബിസിനസ് വൈവിദ്ധ്യവല്‍ക്കരണത്തില്‍ ഏര്‍പ്പെടണമെന്ന് പറയാന്‍ കാരണമെന്താണ്?

സാങ്കേതിക മേഖലകളിലെ വന്‍ മുന്നേറ്റത്തോടൊപ്പം സാമൂഹിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളും കാരണം എല്ലാത്തരം സംരംഭങ്ങളുടെയും പ്രവര്‍ത്തന കാലയളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ചിലതരം വ്യവസായങ്ങള്‍ പാടെ ഇല്ലാതാകുകയും പുതിയതരം വ്യവസായങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. ഉദാഹരണമായി പ്ലാസ്റ്റിക് മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രി വലിയ വെല്ലുവിളി നേരിടുന്നൊരു ഘട്ടമാണിപ്പോള്‍. മിക്ക സംസ്ഥാനങ്ങളും വിവിധതരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം നിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ കണക്കിലെടുക്കാതെ ആ മേഖലയിലെ ഒരു സംരംഭകന്‍ അതേ രംഗത്ത് തന്നെ കൂടുതല്‍ മുന്നോട്ട് പോകുന്നത് ഒരിക്കലും ഗുണകരമായിരിക്കില്ല.

നേട്ടമില്ലാത്ത സംരംഭങ്ങളെ കൈയൊഴിയുക

നിങ്ങളുടെ വ്യവസായത്തിന് വളര്‍ച്ച നേടാനാകാത്തൊരു ഘട്ടമാണെങ്കില്‍ അല്ലെങ്കില്‍ അത് അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വൈവിദ്ധ്യവല്‍ക്കരണത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ പുതിയ ഉല്‍പന്നങ്ങളും പുതിയ വിപണിയും നേടിയെടുക്കുമെന്നതിനാല്‍ നിലവിലുള്ള സംരംഭത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനും സാവധാനം ആ സംരംഭത്തില്‍ നിന്നും പുറത്ത് കടക്കുന്നതിനും സാധിക്കും.

എന്നാല്‍ ഇത്തരത്തില്‍ ആകര്‍ഷകമല്ലാത്ത സംരംഭത്തെ അവസാനിപ്പിക്കുന്നതിന് പകരം പതിറ്റാണ്ടുകളായി വളര്‍ത്തിയെടുത്ത ഒരു സ്ഥാപനമാണെന്ന സെന്റിമെന്റ്‌സിനെ മുറുകെ പിടിച്ചിരിക്കാനാണ് മിക്ക ചെറുകിട സംരംഭകരും ശ്രമിക്കുന്നതെന്ന് പ്രമുഖ കണ്‍സള്‍ട്ടന്റുമാര്‍ അഭിപ്രായപ്പെടുന്നു.

വാര്‍ഷിക വിറ്റുവരവില്‍ മികച്ച വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഒരു സംരംഭമാണ് നിങ്ങള്‍ക്കുള്ളതെന്ന് കരുതുക. നിലവിലുള്ള സംരംഭത്തിന്റെ വികസനത്തിന് കൂടുതല്‍ സാദ്ധ്യതകള്‍ കാണുന്നില്ലെങ്കില്‍ തീര്‍ച്ചയായും വൈവിദ്ധ്യവല്‍ക്കരണമാണ് ഏറ്റവും അനുയോജ്യം. നിലവിലുള്ള വിജയകരമായൊരു സംരംഭത്തിന് പുറമേ പുതിയൊരു വ്യവസായത്തിലേക്ക് മികച്ച നിക്ഷേപം നടത്തിക്കൊണ്ട് മറ്റൊരു മേഖലയിലേക്ക് കൂടി ചുവടുവക്കാന്‍ അതുവഴി സാധിക്കുകയും ചെയ്യും.

ബിസിനസ് സംതുലനം സാദ്ധ്യമാക്കാം

വ്യത്യസ്ത മേഖലകളിലെ സംരംഭങ്ങള്‍ പരമാവധി വരുമാനം ഉറപ്പാക്കാന്‍ സഹായിക്കും. ഏതെങ്കിലും ഒരു വ്യവസായ മേഖല മാന്ദ്യത്തിലാണെങ്കില്‍ മറ്റൊരു മേഖല മുന്നേറ്റത്തിലായിരിക്കും എന്നതാണ് ഇതിനു കാരണം. അതുവഴി ബിസിനസില്‍ ഒരു സംതുലനം കൈവരിക്കാനും സംരംഭകന് സാധിക്കുന്നതാണ്. എങ്കിലും വൈവിദ്ധ്യവല്‍ക്കരണം നഷ്ടസാദ്ധ്യതയെ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് പറയാനാകില്ല. പുതിയ സംരംഭത്തില്‍ നിന്ന് മികച്ച വരുമാനം ആര്‍ജ്ജിച്ചെടുക്കുന്നതുവരെ അതിന്റേതായ എല്ലാവിധ റിസ്‌ക്കും അതിനുണ്ടായിരിക്കും.

അത്തരമൊരു ഘട്ടം കടന്നുകഴിഞ്ഞാല്‍ വളര്‍ച്ചക്കുള്ള വലിയൊരു അവസരമായിരിക്കും സംരംഭകന് മുന്നില്‍ തുറന്ന് കിട്ടുന്നത്. അതിനാല്‍ വൈവിദ്ധ്യവല്‍ക്കരണത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ഏത് രംഗത്തേക്കാണോ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നത് ആ മേഖലയെക്കുറിച്ചുള്ള വ്യക്തമായൊരു പഠനം നടത്തുന്നത് റിസ്‌ക്ക് കുറക്കാന്‍ വളരെയേറെ സഹായിക്കും.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it