കേരളത്തില്‍ നിങ്ങള്‍ക്ക് സംരംഭം തുടങ്ങണോ? എങ്കില്‍ ഇതാ നാല് മേഖലകള്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോകമെമ്പാടും ശ്രദ്ധയാര്‍ജ്ജിച്ചിരിക്കുകയാണ് കേരളമിപ്പോള്‍. നമ്മുടെ സംസ്ഥാനം കൊറോണ വൈറസിനെ ചെറുത്ത് നിര്‍ത്തുന്ന രീതി രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കുന്നത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. പൊതുവേ വ്യവസായ സൗഹാര്‍ദ്ദപരമല്ലാത്ത കാര്യങ്ങളുടെ പേരില്‍ കേരളത്തിനുണ്ടായിരുന്നത് മങ്ങിയ പ്രതിച്ഛായയാണ്. എന്നാല്‍ കൊറോണയെ തടയാന്‍ നടത്തുന്ന ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നമുക്ക് എന്തും സാധിക്കുമെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചുകൊടുക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ പ്രതിച്ഛായ തന്നെ മാറുകയാണ്. ഇത് കേരളത്തിന് നല്ല അവസരമാണ് തുറന്നു തരുന്നത്.

തൊഴില്‍ നഷ്ടപ്പെട്ടും മറ്റും ഏതാണ്ട് നാല് ലക്ഷത്തോളം പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് ഇപ്പോള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ട്. ഇവര്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശരാകേണ്ടതില്ല. കാരണം കേരളം അവസരങ്ങളുടെ നാട് കൂടിയാണ്. ഈ നാല് മേഖലകളില്‍ മികച്ച സംരംഭങ്ങള്‍ കെട്ടിപ്പടുക്കാം.

1. ഭക്ഷ്യോല്‍പ്പാദന മേഖല

കേരളീയര്‍ കഴിക്കുന്ന പച്ചക്കറികള്‍ പുറത്തുനിന്നാണ് വരുന്നത്. ഈ മേഖലയില്‍ വലിയ അവസരമാണുള്ളത്. കേരളത്തില്‍ ഒരുപാട് സ്ഥലം വെറുതെ കിടക്കുന്നുണ്ട്. നമുക്ക് വെള്ളത്തിന് ക്ഷാമമില്ല. നല്ല കാലാവസ്ഥയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഇവിടെ തന്നെ നമുക്ക്് വിളയിക്കാന്‍ സാധിച്ചാല്‍ വിപണിയുണ്ട്.

2. എന്‍ജിനീയറിംഗ് ഡിസൈനിംഗ്, നോളഡ്ജ് ബേസ്ഡ് ഇന്‍ഡസ്ട്രീസ്:

ഞാന്‍ കേരളത്തില്‍ ഒരു ലോകോത്തര നിലവാരമുള്ള ഷിപ്പ് ഡിസൈനിംഗ് സെന്ററാണ് നടത്തുന്നത്. അടുത്തിടെ യൂറോപ്പില്‍ നിന്നുള്ള ഒരു ഓര്‍ഡര്‍ ഞാന്‍ സ്വീകരിച്ചില്ല. കാരണം എനിക്ക് നിലവില്‍ തന്നെ തീര്‍ത്ത് നല്‍കാന്‍ അത്രയേറെ ഓര്‍ഡറുകള്‍ കൈയിലുണ്ട്. ഇനി ഒരു പുതിയ കരാര്‍ എടുത്താല്‍ ഡിസൈന്‍ എന്‍ജിനീയേഴ്‌സിനെ പുതുതായി വേണം. പുതിയ ടീമിനെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുക ശ്രമകരമായ കാര്യമാണ്. മുന്‍പ് കേരളത്തിലെ ബെസ്റ്റ് ബ്രെയ്‌നുകള്‍ ഗള്‍ഫിലേക്കും പുറം രാജ്യങ്ങളിലേക്കുമാണ് പോയിരുന്നത്. ഇന്ന് അവര്‍ തിരിച്ച് നാട്ടിലേക്ക് വരികയാണ്.

കേരളത്തില്‍ അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന ഒരു വ്യവസായവും പറ്റില്ല. പക്ഷേ, നമ്മള്‍ മലയാളികള്‍ ബുദ്ധിശാലികളാണ്. വിദ്യാസമ്പന്നരാണ്. വിദേശത്തുനിന്ന് തിരിച്ചുവരുന്നവര്‍ക്ക് പ്രൊഫഷണല്‍ മികവുമുണ്ട്. ഇവയെല്ലാം മൂലധനമാക്കി എന്‍ജിനീയറിംഗ് ഡിസൈനിംഗ്, നോളഡ്ജ് ബേസ്ഡ് ഇന്‍ഡസ്ട്രികള്‍ നമുക്ക് ഇവിടെ തുടങ്ങാം. അതായത് മികച്ച ബാക്ക് ഓഫീസ് കേന്ദ്രങ്ങള്‍, എക്കൗണ്ടിംഗ് ഓഫീസുകള്‍ അങ്ങനെ പലതും. ഇത്തരം കേന്ദ്രങ്ങള്‍ വഴി ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് കേരളത്തിലിരുന്ന് തന്നെ നമുക്ക് സേവനം നല്‍കാന്‍ സാധിക്കും.

3. മികവുറ്റ ഹെല്‍ത്ത് സര്‍വീസ് പ്രൊവൈഡറാകാം:

കേരളത്തിന്റെ ആരോഗ്യപരിരക്ഷാ സംവിധാനം ഇന്ന് ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. ലോകത്തിന്റെ ഏത് കോണിലും കോവിഡിനെതിരെയുള്ള പോര്‍മുഖത്ത് ഒരു മലയാളി ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെയും നമുക്ക് കാണാനാകും. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങി ഹെല്‍ത്ത് കെയര്‍ രംഗത്തെ സകലമേഖലയിലും ലോകമെമ്പാടും മലയാളി സാന്നിധ്യമുണ്ട്. ആ രംഗത്തെ നമ്മുടെ പ്രൊഫഷണല്‍ മികവ് മികച്ച ബിസിനസ് അവസരമാണ് തുറന്നുതരുന്നത്.

4. അക്വാകള്‍ച്ചര്‍:

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നല്ലൊരു കോള്‍ഡ് സ്‌റ്റോറേജ് സൗകര്യവും മറ്റുമുണ്ട്. ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അവസരമായി മലയാളികള്‍ കാണണം. നെടുമ്പാശ്ശേരിയിലും പരിസരത്തും ഇനിയും അക്വാകള്‍ച്ചര്‍ രംഗത്ത് സാധ്യതകള്‍ ശേഷിക്കുന്നത്. അവയെല്ലാം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ വിജയകരമായ സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാകും.

സര്‍ക്കാരും മാറണം

സംരംഭം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. 23 വര്‍ഷത്തോളം ഞാന്‍ ചൈനയിലായിരുന്നു. അവിടെ നമ്മള്‍ ഒരു ഗ്രാമത്തില്‍ ചെന്നാല്‍ പോലും ആ ഗ്രാമത്തില്‍ ആരംഭിക്കാന്‍ പറ്റുന്ന സംരംഭങ്ങളുടെ ചെറിയൊരു ലീഫ്‌ലെറ്റ് നമുക്ക് ലഭിക്കും. അതില്‍ അവിടത്തെ ബിസിനസ് അവസരങ്ങളെകുറിച്ചുണ്ടാകും. ആ ഗ്രാമത്തിന്റെ അധികാരികളെ ബന്ധപ്പെട്ടാല്‍ പ്രീ അപ്രൂവ്ഡ് ലൈസന്‍സുകളെല്ലാമായി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് നമുക്ക് തരും. വീണ്ടും നമ്മള്‍ താല്‍പ്പര്യം കാണിച്ചാല്‍ അവിടത്തെ അധികൃതര്‍ നമ്മളെ ക്ഷണിച്ച് കാര്യങ്ങള്‍ വിശദമാക്കി തരും. ആ ബിസിനസില്‍ നമുക്കൊരു പങ്കാളിയെ വേണമെങ്കില്‍, ബിസിനസ് പങ്കാളിയെ കണ്ടുപിടിച്ച് നല്‍കുന്ന കാര്യം വരെ അവര്‍ ചെയ്യും. ചൈന വ്യാവസായിക രംഗത്ത് മുന്നേറിയത് ഇങ്ങനെയൊക്കെയാണ്.

ഇപ്പോള്‍ ചൈനയില്‍ നിന്ന് കമ്പനികള്‍ പുറത്തേക്ക് പോകാന്‍ നോക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് രാജ്യമായ ചൈന എങ്ങനെയാണ് വ്യാവസായിക രംഗത്ത് മുന്നേറിയതെന്ന് മനസ്സിലാക്കി അതില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാവുന്ന കാര്യങ്ങള്‍ പഠിച്ച് നടപ്പാക്കിയാല്‍ കേരളത്തിനും വളരാം, മുന്നേറാം.

(ഷിപ്പ് ഡിസൈനിംഗ്, നിര്‍മാണ രംഗത്ത് രാജ്യാന്തര തലത്തില്‍ പ്രശസ്തനായ മലയാളിയാണ് ആന്റണി പ്രിന്‍സ്. പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റിന്റെ പ്രസിഡന്റ് കൂടിയാണ്. ധനം ഓണ്‍ലൈന്‍, ഗോപിയോയുമായി സഹകരിച്ച് കോവിഡ് 19 - ഓപ്പര്‍ച്യൂണിറ്റീസ് ആന്‍ഡ് ചലഞ്ചസ് ഫോര്‍ കേരളൈറ്റ്‌സ് എബ്രോഡ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ ആന്റണി പ്രിന്‍സ് നടത്തിയ പ്രഭാഷണത്തെ ആധാരമാക്കി തയ്യാറാക്കിയത്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it