കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും പുതിയ തുടക്കം കുറിക്കാം: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

By CS എ എം ആഷിഖ് FCS

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കീഴ്‌മേല്‍ മറിക്കലുകള്‍ സൃഷ്ടിച്ച സംഭവമായിരുന്നു നോട്ട് പിന്‍വലിക്കല്‍. സമ്പദ് വ്യവസ്ഥ കൂടുതല്‍ സംഘടിതമാക്കുന്നതിനും രാജ്യത്തുനിന്ന് ബ്ലാക്ക് മണി തുടച്ചുനീക്കുന്നതിനും ഒട്ടനവധി നടപടികളാണ് അതിനുശേഷം കേന്ദ്ര സര്‍ക്കാരും അതിനു കീഴിലെ വിവിധ മന്ത്രാലയങ്ങളും സ്വീകരിച്ചത്.

രാജ്യത്തെ കമ്പനികളുടെ നടത്തിപ്പ് രംഗത്തും പിന്നീട് ഒട്ടനവധി മാറ്റങ്ങള്‍ വന്നു. 2014 ഏപ്രില്‍ ഒന്നിന് നടപ്പിലായ പരിഷ്‌കരിച്ച കമ്പനി നിയമം 2013, അതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി ഓര്‍ഡിനന്‍സുകള്‍, നിയമങ്ങള്‍ എല്ലാം തന്നെ ഗൗരവമായി കമ്പനികള്‍ നടത്തുന്നവരെ മാത്രം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

കമ്പനികള്‍ നിയമപ്രകാരം സമര്‍പ്പിക്കേണ്ട വാര്‍ഷിക റിട്ടേണുകളും മറ്റും സമയബന്ധിതമായി സമര്‍പ്പിക്കാത്ത കമ്പനികളുടെ പ്രവര്‍ത്തനം, ഷെല്‍ കമ്പനികള്‍, എന്ന വിശേഷണത്തോടെ കേന്ദ്ര സര്‍ക്കാരിന് കീഴിലെ കമ്പനി കാര്യ മന്ത്രാലയം മരവിപ്പിച്ചു. 2017-18, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക റിട്ടേണ്‍ ഉള്‍പ്പടെ കമ്പനി ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള നിര്‍ബന്ധിതമായി സമര്‍പ്പിക്കേണ്ട രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ 3.39 ലക്ഷത്തോളം കമ്പനികള്‍ക്കെതിരെയാണ് കമ്പനി കാര്യ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചത്.

മാത്രമല്ല ഇത്തരം കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡംഗങ്ങള്‍ക്കു നേരെ അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തെ മറ്റൊരു കമ്പനിയിലും ഡയറക്റ്ററാകുന്നത് വിലക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചു. ഏകദേശം 4.24 ലക്ഷം ഡയറക്റ്റര്‍മാര്‍ ഇത്തരത്തില്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്.

ഇതിനുപുറമേ കെവൈസി ചട്ടങ്ങള്‍ പാലിക്കാത്ത 19.4 ലക്ഷം ഡയറക്റ്റര്‍മാരുടെ DIN നമ്പറുകള്‍ 2019 ഡിസംബറോടെ പ്രവര്‍ത്തനരഹിതവുമാക്കിയിട്ടുണ്ട്. ഇത്രമാത്രം കര്‍ശന വ്യവസ്ഥകളോടെയും നടപടികളോടെയും മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരും കമ്പനി കാര്യ മന്ത്രാലയവും കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കമ്പനികള്‍ക്കും എല്‍ എല്‍ പികള്‍ക്കും ആശ്വാസമേകുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്.
കമ്പനീസ് ഫ്രഷ് സ്റ്റാര്‍ട്ട് സ്‌കീം 2020 (Companies Fresh Start Scheme,2020 - CFSS 2020), എല്‍എല്‍പി സെറ്റില്‍മെന്റ് സ്‌കീം, 2020 (LLP Settlement Scheme,2020) എന്നീ രണ്ട് പദ്ധതികളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിയമാനുസൃതമായ കാര്യങ്ങള്‍ സമര്‍പ്പിക്കാതെ കൃത്യവിലോപം കാണിച്ച കമ്പനികള്‍ക്ക്, വീഴ്ചകള്‍ സംഭവിച്ച കാല പരിധി പോലും കണക്കാക്കാതെ, സാധാരണ ഫീസ് നിരക്കില്‍ തന്നെ പിഴവുകള്‍ തിരുത്താനും പ്രവര്‍ത്തനം പുനഃരാരംഭിക്കാനുമുള്ള സുവര്‍ണ അവസരമാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം പ്രോസിക്യൂഷന്‍ നടപടികള്‍ വരെ കാത്തിരുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.

കോവിഡ് കഴിയുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും പുതിയ തുടക്കം കുറിക്കാനാകുന്ന ഈ രണ്ട് പദ്ധതികളെ കുറിച്ചുള്ള പത്ത് കാര്യങ്ങളിതാ.

1. എന്താണ് കമ്പനീസ് ഫ്രഷ് സ്റ്റാര്‍ട്ട് സ്‌കീം 2020?

രാജ്യത്തെ എല്ലാ രജിസ്‌ട്രേഡ് കമ്പനികളും നിയമാസൃതമായി പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. വാര്‍ഷിക റിട്ടേണും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളും സമര്‍പ്പിക്കുക എന്നതിന് പുറമേ മറ്റ് ഡോക്യുമെന്റുകളും റിട്ടേണുകളും സ്‌റ്റേറ്റ്‌മെന്റുകളും നിശ്ചിതമായ ഫീസ് അടച്ചുകൊണ്ട് യഥാസമയം സമര്‍പ്പിച്ചിരിക്കണം.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ ഈ രേഖകളെല്ലാം തന്നെ അധിക ഫീസും പിഴയുമൊക്കെ നല്‍കി പിന്നീട് സമര്‍പ്പിച്ചിരിക്കണം.

ഇപ്പോള്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന CFSS 2020 സ്‌കീം രേഖകളുടെ ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ വീഴ്ചകളും അതിന്റെ കാലയളവുകള്‍ നോക്കാതെ തന്നെ പരിഹരിക്കാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. ഇത് സ്വീകരിച്ചാല്‍ നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് എല്ലാ നിയമ വിധേയത്വം ആര്‍ജ്ജിച്ച് പുതിയൊരു തുടക്കം കുറിക്കാനാകും.

2. ഈ സ്‌കീം എന്നുമുതലാണ് നടപ്പിലായത്? എന്നുവരെ ഇതിനായി അപേക്ഷിക്കാം?

2020 ഏപ്രില്‍ ഒന്നിനാണ് ഈ പദ്ധതി നടപ്പിലായത്. 2020 സെപ്തംബര്‍ 30 വരെ കാലാവധിയുണ്ട്.

3. ഈ സ്‌കീമിന്റെ ഗുണം ആര്‍ക്കാണ്?

വാര്‍ഷിക റിട്ടേണുകള്‍, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റുകള്‍, രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റെഗുലര്‍ ഫോമുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ, കൃത്യവിലോപം കാണിച്ച കമ്പനികള്‍ക്ക് ഈ സ്‌കീം ഉപയോഗപ്പെടുത്താം. ഇത്തരം കൃത്യവിലോപത്തിന്റെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അഭിമുഖീകരിക്കുന്ന കമ്പനികള്‍ക്കും അതില്‍ നിന്ന് പുറത്തുകടക്കാനും ഈ സ്‌കീം സഹായകരമാകും.

4. ഈ പദ്ധതിയുടെ മെച്ചങ്ങളെന്തൊക്കെയാണ്?

a. കൃത്യവിലോപം കാണിച്ചിരിക്കുന്ന കമ്പനികള്‍ക്ക് അവര്‍ വീഴ്ചവരുത്തിയ ഫോമുകള്‍ സാധാരണ ഫീസ് നിരക്കില്‍ തന്നെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിക്കാം. കമ്പനി നടത്തിപ്പ് നിയമാസൃതമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. അതും അധിക ഫീസും പിഴയും നല്‍കാതെ തന്നെ.

b. DIR-3KYC ഫയല്‍ ചെയ്യാത്തതുകൊണ്ട് DIN പ്രവര്‍ത്തനരഹിതമാക്കപ്പെട്ട എല്ലാ ഡയറക്റ്റര്‍മാര്‍ക്കും അധിക ഫീസ് നല്‍കാതെ തന്നെ DIR-3KYC ഈ പദ്ധതി പ്രകാരം സമര്‍പ്പിക്കാം.

c. അധിക ഫീസ് നല്‍കാതെ തന്നെ ആക്ടീവ് ഫോം (INC-22A) സമര്‍പ്പിക്കാനും ഈ സ്‌കീം അനുമതി നല്‍കുന്നു.

d. ഇത്തരം ഫോമുകളും /റിട്ടേണുകളും സമര്‍പ്പിക്കാത്തതിന്റെ പേരില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് സ്വീകരിച്ചിരിക്കുന്ന എല്ലാ പ്രോസിക്യൂഷന്‍ നടപടികളും പിന്‍വലിക്കും.

e. പിഴകള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും സംരക്ഷണം ലഭിക്കും.

f. ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നുണ്ടായേക്കാവുന്ന പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷണം ലഭിക്കും.

g. സര്‍ട്ടിഫിക്കേറ്റ് ഓഫ് ഇമ്യൂണിറ്റി ലഭിച്ചാല്‍, പിന്നീട് രേഖകള്‍ ഫയല്‍ ചെയ്യാത്തതിന്റെയോ കൃത്യവിലോപം കാണിച്ചതിന്റെയോ പേരില്‍ കമ്പനികള്‍ക്കോ അതിന്റെ ഓഫീസര്‍മാര്‍ക്കോ എതിരെ ഒരു വിധത്തിലുള്ള പ്രോസിക്യൂഷനോ മറ്റ് നടപടിക്രമങ്ങളോ സ്വീകരിക്കാന്‍ പാടില്ല.

5. ഈ പദ്ധതി ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ കമ്പനികള്‍ക്ക് എന്ത് പ്രത്യാഘാതമാകും നേരിടേണ്ടി വരിക?

a. അധിക ഫീസ് നല്‍കേണ്ടി വരും. സാധാരണ നിരക്കിനേക്കാള്‍ വളരെ കൂടുതല്‍, ലക്ഷങ്ങള്‍ തന്നെ അതിന് വേണ്ടി വരും.

b. ഡയറക്റ്റര്‍മാര്‍, കമ്പനിയുടെ മറ്റ് മേധാവികള്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷനോ വന്‍ പിഴയോ ഈടാക്കപ്പെട്ടേക്കാം.

c. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ROC) കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ തന്നെ സ്വീകരിച്ചേക്കും. അതായത് ആ കമ്പനികളെ രേഖകളില്‍ നിന്ന് തന്നെ നീക്കം ചെയ്‌തേക്കും.

6. ഈ സ്‌കീം ഉപയോഗപ്പെടുത്താന്‍ എന്തു ചെയ്യണം?

a. ഇതുവരെ കമ്പനികള്‍ സമര്‍പ്പിക്കാത്ത, സമര്‍പ്പിക്കാന്‍ വീഴ്ച വരുത്തിയ എല്ലാ ഫോമുകളും റിട്ടേണുകളും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളും സാധാരണ ഫീസോടെ സെപ്തംബര്‍ 30 നകം സമര്‍പ്പിക്കണം.

b. വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന അപ്പീലുകള്‍, പ്രോസിക്യൂഷന്‍/പ്രൊസീഡിംഗുകള്‍ എന്നിവയെല്ലാം പിന്‍വലിക്കണം.

c. ROCയില്‍ നിന്ന് ഇമ്യുണിറ്റി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണം. CFSS-2020 ഫോം സമര്‍പ്പിച്ചാല്‍ സ്‌കീം കാലാവധി അവസാനിച്ച് ആറുമാസത്തിനുള്ളില്‍ ഇമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

d. ROCയില്‍ നിന്ന് ഇമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുക.

7. നിര്‍ജീവമായ കമ്പനികള്‍ക്കുള്ള സ്‌കീം എന്താണ്?

a. നിര്‍ജീവമായ കമ്പനികള്‍ക്കും (Inactive company) ഈ സ്‌കീം ഉപകാരപ്പെടുത്താം. ഒരു തരത്തിലുള്ള ബിസിനസോ പ്രവര്‍ത്തനങ്ങളോ നടത്താത്ത, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി കാര്യമായ എക്കൗണ്ടിംഗ് ട്രാന്‍സാക്ഷന്‍ നടത്താത്ത, കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളായി ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളും വാര്‍ഷിക റിട്ടേണും സമര്‍പ്പിക്കാത്ത കമ്പനികളെയാണ് നിര്‍ജീവ കമ്പനികള്‍ എന്നു വിശേഷിപ്പിക്കുന്നത്.

b. E-form MSC-1 ഫയല്‍ ചെയ്തുകൊണ്ട് ഡോര്‍മെന്റ് കമ്പനി സ്റ്റാറ്റസിനായി അപ്ലെ ചെയ്യാം.

c. E-form STK-2 ഫയല്‍ ചെയ്തുകൊണ്ട് ROCയില്‍ നിന്ന് സ്‌ട്രൈക്ക് ഓഫിനായും അപ്ലെ ചെയ്യാം.

8. ഈ സ്‌കീം എല്‍എല്‍പികള്‍ക്ക് ലഭ്യമാണോ?

കൃത്യവിലോപം കാണിച്ച എല്‍എല്‍പികള്‍ക്കായി കമ്പനി കാര്യ മന്ത്രാലയം മറ്റൊരു സ്‌കീം പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍എല്‍പി സെറ്റില്‍മെന്റ് സ്‌കീം 2020 എന്ന ഈ പദ്ധതിക്കും സെപ്തംബര്‍ 30 വരെ സാധുതയുണ്ട്. മേല്‍പ്പറഞ്ഞതുപോലുള്ള നടപടിക്രമങ്ങളും മെച്ചങ്ങളുമാണ് അതിനുള്ളത്.

9. ഈ സ്‌കീം ബാധമല്ലാത്ത സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

a. ബന്ധപ്പെട്ട അധികൃതര്‍ സ്‌ട്രൈക്ക് ഓഫ് (രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള) അന്തിമ നോട്ടീസ് പുറപ്പെടുവിച്ച കമ്പനികള്‍

b. സ്‌ട്രൈക്ക് ഓഫ് നടത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കമ്പനികള്‍/ എല്‍ എല്‍ പികള്‍

c. സ്‌കീം ഓഫ് അറേഞ്ച്‌മെന്റ്‌സിന് കീഴിലായി വരുന്ന അമാല്‍ഗമേറ്റഡ് കമ്പനികള്‍ / എല്‍എല്‍പികള്‍

d. അപ്രത്യക്ഷമായ കമ്പനികള്‍

e. കമ്പനിയുടെ മൂലധനം വര്‍ധിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഫോമുകള്‍, ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് ROCയില്‍ രജിസ്റ്റര്‍ ചെയ്ത ഫോമുകള്‍

10. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്?

a. നിയമാനുസൃതമാകാന്‍ താല്‍പ്പര്യപ്പെടുന്ന കമ്പനികള്‍ക്ക് ഇളവ് നല്‍കുക.

b. കോവിഡ് ബാധയെ തുടര്‍ന്ന് കമ്പനികള്‍ക്ക് നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള അധിക ബാധ്യതയില്‍ നിന്ന് ഇളവ് നല്‍കുക. വീഴ്ചകള്‍ കുറയ്ക്കാനുള്ള സാഹചര്യം ഒരുക്കുക.

c. നിര്‍ജീവമായ കമ്പനികളെയും എല്‍ എല്‍ പികളെയും പറിച്ചെറിയുക. കൃത്യവിലോപം കാണിക്കാത്ത, രേഖകള്‍ കൃത്യമായി സമര്‍പ്പിക്കുന്ന മികച്ച രീതിയില്‍ നടത്തുന്ന കമ്പനികളുടെയും എല്‍ എല്‍ പികളുടെയും കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.

d. ഫയലിംഗ് തിയതികളില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് ഫയലിംഗ് നടത്തുമ്പോള്‍ ചെലവിടേണ്ടി വരുന്ന വലിയ തുകകളില്‍ ഇളവ് നല്‍കുക. അതുവഴി കമ്പനികളുടെ അധിക സാമ്പത്തിക ഭാരം കുറയ്്ക്കുക.

ഇന്ത്യയിലെ കമ്പനികളെയും എല്‍ എല്‍ പികളെയും സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനം നിയമാനുസൃതമാക്കുന്നതിനുള്ള ഏറ്റവും ലളിതവും ഒട്ടും അധിക സാമ്പത്തിക ഭാരവുമില്ലാത്ത സ്‌കീമുകളാണ് ഇവ രണ്ടും.

ഈ അവസരം കമ്പനികളും എല്‍എല്‍പികളും തീര്‍ച്ചയായും ഉപയോഗപ്പെടുത്തിയിരിക്കണം. ഈ പദ്ധതി കാലയളവ് കഴിഞ്ഞാല്‍ കൃത്യവിലോപം തുടരുന്ന കമ്പനികള്‍ക്കും ഡയറക്റ്റര്‍മാര്‍ക്കും എല്‍ എല്‍ പികള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ തന്നെ വന്നേക്കാം. അതെല്ലാം ഒഴിവാക്കാന്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ ഈ പദ്ധതികള്‍ ഉപയോഗപ്പെടുത്താനാണ് കമ്പനികളും ഡയറക്റ്റര്‍മാരും എല്‍എല്‍പികളും ശ്രമിക്കേണ്ടത്.

(ആഷിക് സമീര്‍ അസോസിയേറ്റ്‌സ് കമ്പനി സെക്രട്ടറീസ് ആന്‍ഡ് കോര്‍പ്പറേറ്റ് അഡൈ്വസേഴ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറാണ് ലേഖകന്‍. മൊബീല്‍ ഫോണ്‍: 9744330022. ഇ മെയ്ല്‍: csashique@gmail.com)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it