ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് വായ്പ തരുന്നില്ലേ, ഇവിടെ പരാതി കൊടുക്കൂ; പരിഹാരമുണ്ടാകും
സര്‍ക്കാര്‍ സഹായ വാഗ്ദാനങ്ങള്‍ ബാങ്കിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ അലംഭാവം കൊണ്ടോ തണുപ്പന്‍ സമീപനം കൊണ്ടോ ലഭിക്കാതിരിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അത് ബോധിപ്പിക്കാന്‍ ഒരു പോര്‍ട്ടലുണ്ട്. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ ചാംപ്യന്‍സ് എന്ന പോര്‍ട്ടലിലാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനമുള്ളത്.
ചെുകിട, ഇടത്തരം സംരംഭങ്ങളെ കൈപിടിച്ചുയര്‍ത്തി വിജയകരമായ പ്രസ്ഥാനമാക്കാനുള്ള കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ളതാണ് ചാംപ്യന്‍സ് പോര്‍ട്ടല്‍. ക്രിയേഷന്‍ ആന്‍ഡ് ഹാര്‍മോണിയസ് ആപ്ലിക്കേഷന്‍ ഓഫ് മോഡേണ്‍ പ്രോസസസ് ഫോര്‍ ഇന്‍ക്രീസിംഗ് ദി ഔട്ട്പുട്ട് ആന്‍ഡ് നാഷണല്‍ സ്‌ട്രെങ്ത് എന്നതിന്റെ ചുരുക്കരൂപമാണ് ചാംപ്യന്‍സ്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ എംഎസ്എംഇകള്‍ക്ക് ഫിനാന്‍സ്, അസംസ്‌കൃത വസ്തുക്കള്‍, ലേബര്‍, അനുമതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹായമെത്തിക്കുക, കോവിഡ് കാലത്ത് ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ ബിസിനസ് അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പിന്തുണ നല്‍കുക, മികച്ച ആശയങ്ങളെ കണ്ടെത്തി അവയെ ദേശീയ, രാജ്യാന്തര തലങ്ങളില്‍ എത്തിക്കുക എന്നിവയാണ് ചാംപ്യന്‍സ് പോര്‍ട്ടലിന്റെ മുഖ്യലക്ഷ്യങ്ങള്‍.
പരാതി കേള്‍ക്കും, കൈത്താങ്ങാകും
പോര്‍ട്ടലിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ചെറുകിട സംരംഭകരുടെ പരാതികള്‍ പരിഹരിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക, പിന്തുണയ്ക്കുക, സഹായങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഇവിടെ ചെയ്യുന്നത്.
എല്ലാ സര്‍ക്കാര്‍ സംവിധാനവും പോലെ ഇവിടെ പരാതി കൊടുത്താല്‍ അതും ചുവപ്പുനാടയില്‍ കുടുങ്ങുമോയെന്ന സംശയം വേണ്ട. പുതിയ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ പോര്‍ട്ടലില്‍ നല്‍കുന്ന പരാതികള്‍, ബാങ്കുകളെ സംബന്ധിച്ചാണെങ്കില്‍, അതത് ബാങ്കുകളുടെ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ തലത്തിലുള്ളവരിലേക്കാണ് എത്തുക. ആ പ്രശ്‌നം പരിഹരിക്കാനെടുത്ത നടപടികള്‍ കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തെ ധരിപ്പിക്കേണ്ടതായും വരും. നിര്‍മിത ബുദ്ധി, ഡാറ്റ അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ് എന്നീ സങ്കേതങ്ങളെല്ലാം ഇതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. ന്യൂഡെല്‍ഹിയിലെ എംഎസ്എംഎ മന്ത്രാലയ സെക്രട്ടറിയുടെ ഓഫീസാണ് ഇതിന്റെ കേന്ദ്ര കാര്യാലയം. ഓരോ സംസ്ഥാനങ്ങളിലും വിവിധ ഓഫീസുകളും എംഎസ്എംഇ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമായും ചേര്‍ന്ന് കണ്‍ട്രോള്‍ റൂമുകളുണ്ടാകും.
രാജ്യമെമ്പാടുമുള്ള കണ്‍ട്രോള്‍ റൂമുകളും കേന്ദ്ര മന്ത്രാലയവുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമടക്കം ആധുനിക വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തന രൂപരേഖയും ജീവനക്കാര്‍ക്ക് പരിശീലനം ഉള്‍പ്പടെയുള്ള കാര്യങ്ങളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ടവരിലേക്ക് അപ്പപ്പോള്‍ തിരിച്ചുവിടും. മൂന്നുദിവസത്തിനുള്ളില്‍ ഇതില്‍ നടപടികള്‍ സ്വീകരിച്ചിരിക്കണം. ഏഴ് ദിവസങ്ങള്‍ക്കപ്പുറത്തേക്ക് ഒരു പരാതിയും പരിഹാരമില്ലാതെ ശേഷിക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline