കേരളവും സർക്കാർ ജീവനക്കാരുടെ വേതനവും പെൻഷനും വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായേക്കും

കോവിഡ് ബാധയെ തുടര്‍ന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുടെ വരുമാനം കുത്തനെ ഇടിഞ്ഞതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും നിയമസഭാ സാമാജികരുടെയും വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ കേരളവും നിര്‍ബര്‍ന്ധിതമായേക്കും. രാജ്യത്ത് ആദ്യമായി ഈ നടപടി സ്വീകരിച്ചത് തെലങ്കാന സംസ്ഥാനമാണ്. ഇപ്പോള്‍ ആന്ധ്രപ്രദേശും ആ പാത പിന്തുടര്‍ന്നു കഴിഞ്ഞു.

കേരളത്തിലെ നിയമസഭാ സാമാജികരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പി സി ജോര്‍ജ് എം എല്‍ എയും രംഗത്തെത്തിയിട്ടുണ്ട്.
കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ രാജ്യം 21 ദിവസത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വ്യാപാര വാണിജ്യ മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു.

എന്നാല്‍ കോവിഡിന്റെ സാമൂഹ്യ വ്യാപനം ചെറുക്കാന്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് വന്‍ തുക സര്‍ക്കാരുകള്‍ക്ക് ചെലവിടേണ്ടി വരുന്നുണ്ട്. മരുന്നുകള്‍, പരിശോധന കിറ്റുകള്‍, സുരക്ഷാ സൗകര്യമൊരുക്കല്‍, ഹെല്‍ത്ത് കെയര്‍ രംഗത്ത് ശേഷി വര്‍ധിപ്പിക്കല്‍, കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പൊതുസമൂഹത്തിന് സാമൂഹ്യ സുരക്ഷ ഒരുക്കല്‍ എന്നിങ്ങനെ എല്ലാ രംഗത്തും സര്‍ക്കാരുകളുടെ ചെലവ് വര്‍ധിച്ചു വരുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാരുകളുടെ ഫിക്‌സഡ് കോസ്റ്റില്‍ കുറവ് വരുത്താതെ അവശ്യകാര്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനാകില്ല.

അതുകൊണ്ടാണ് തെലങ്കാനയും പിന്നീട് ആന്ധ്രപ്രദേശും സര്‍ക്കാര്‍ ജീവനക്കാരുടെയും നിയമസഭാ സമാജികരുടെയും വേതനവും പെന്‍ഷനും വന്‍തോതില്‍ വെട്ടിക്കുറച്ചത്.
തെലങ്കാന വേതനം 10 മുതല്‍ 75 ശതമാനം വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് വിവിധ കാറ്റഗറിയിലുള്ള ജീവനക്കാര്‍ക്ക് 10 മുതല്‍ 100 ശതമാനം വരെയാണ് വേതനം കുറച്ചിരിക്കുന്നത്.

കേരളവും ഇത് ചെയ്യേണ്ടി വരും

നിലവില്‍ കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 62.8 ശതമാനം ജീവനക്കാരുടെ വേതനം, പെന്‍ഷന്‍, സംസ്ഥാനമെടുത്ത കടത്തിന്റെ പലിശ അടയ്ക്കാന്‍ എന്നിവയ്ക്കാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളൊന്നും വരുമാനത്തിന്റെ ഇത്രയും ഉയര്‍ന്ന ശതമാനം ഇക്കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നില്ല. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ മൊത്തം വരുമാനത്തിന്റെ 23.83 ശതമാനമാണ് വേതനം, പെന്‍ഷന്‍, പലിശ ഇനത്തിനായി ചെലവിടുന്നത്.

''കേരളത്തിന്റെ വരുമാനം കോവിഡ് ബാധയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ചെലവ് ചുരുക്കാതെ നിലനില്‍ക്കാനാകില്ല. ഇനിയും കടമെടുക്കുന്നത് കേരളത്തിന് പ്രായോഗികമായ നിര്‍ദേശമല്ല. സംസ്ഥാന ജീവനക്കാരുടെ ശമ്പളം അനുസരിച്ച് വ്യത്യസ്ത സ്ലാബുകള്‍ നിശ്ചയിച്ച് വേതനം വെട്ടിക്കുറയ്ക്കുകയാണ് പ്രായോഗികമായ ഒരുകാര്യം. കോവിഡ് ബാധയെ തുടര്‍ന്ന് എല്ലാ രംഗത്തും തൊഴില്‍ നഷ്ടവും വേതനം വെട്ടിക്കുറയ്ക്കലും നടക്കുന്നുണ്ട്. കേരള സര്‍ക്കാരും ആ വഴി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില വീണ്ടും അവതാളത്തിലാകും,'' പബ്ലിക് ഫിനാന്‍സ് വിദഗ്ധനും തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റിയുമായ ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെടുന്നു.
അതിനിടെ സ്വന്തം വേതനം വെട്ടിക്കുറയ്ക്കാന്‍ അനുവദിച്ചുകൊണ്ട് പി സി ജോര്‍ജ് എംഎല്‍എ പുതിയ ചലഞ്ചുമായി രംഗത്തെത്തിയിട്ടുണ്ട്.

''ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനോ നിയമസഭാ സാമാജികനോ ജീവിക്കാന്‍ പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ഒരു പൈസ അധികമായി വേണ്ടിവരില്ല. അതുകൊണ്ട് അതില്‍ കൂടുതല്‍ തുക മുഖ്യമന്ത്രി ആര്‍ക്കും നല്‍കേണ്ട. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ ഞാന്‍ നല്‍കുന്നു,'' പി സി ജോര്‍ജ് ചലഞ്ച്് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.

എന്തായാലും കടുത്ത നടപടികള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. അതുകൊണ്ട് കേരളവും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതമായേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it