Top

ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ്: കുടുംബ ബിസിനസ് സാരഥികളും വിദഗ്ധരും സംഗമിക്കുന്നു; പാഴാക്കരുത് ഈ അവസരം

കുടുംബ ബിസിനസുകളെ സംബന്ധിച്ച എല്ലാ വശങ്ങളും ആഴത്തില്‍ അറിയുന്ന, രാജ്യാന്തരതലത്തിലെ പ്രഗത്ഭരായ രണ്ട് വിദഗ്ധര്‍. സംസ്ഥാനത്തെ 100ഓളം കുടുംബ ബിസിനസ് സംരംഭങ്ങളിലെ സാരഥികളുടെ സാന്നിധ്യം. കുടുംബ ബിസിനസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് മുതിര്‍ന്ന തലമുറകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളിച്ചുള്ള പാനല്‍ ചര്‍ച്ച. പുതുതലമുറയുടെ ശൈലിയും കാഴ്ചപ്പാടുമെന്തെന്ന് തിരിച്ചറിയാന്‍ കുടുംബ ബിസിനസിലെ ന്യുജെന്‍ പ്രതിനിധികളുടെ സംഗമം...

ഇവയെല്ലാം കൊണ്ട് സംസ്ഥാനത്തിന്റെ ബിസിനസ് രംഗത്ത് തന്നെ വേറിട്ട അടയാളമിടാന്‍ ഒരുങ്ങുകയാണ് ധനം ബിസിനസ് മാഗസിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഫാമിലി ബിസിനസ് കോണ്‍ക്ലേവ്.

കുടുംബ ബിസിനസുകളെ സംബന്ധിച്ച ഒട്ടനവധി കാര്യങ്ങള്‍ ഇത്രമാത്രം സമഗ്രമായി ചര്‍ച്ച ചെയ്യുന്ന മറ്റൊരു വേദി കേരളത്തില്‍ തന്നെ ഇതുവരെയുണ്ടായിട്ടില്ല.

നവംബര്‍ 21, 22 തിയതികളില്‍ കൊച്ചിയിലെ റമദ റിസോര്‍ട്ടില്‍ വെച്ചാണ് കോണ്‍ക്ലേവ് നടക്കുന്നത്.

രണ്ടു വിദഗ്ധര്‍, രണ്ട് തലങ്ങള്‍

തലമുറകള്‍ കൈമാറി കാലങ്ങളോളം നിലനില്‍ക്കുന്ന കുടുംബ ബിസിനസ് കെട്ടിപ്പടുക്കുക എന്നത് ഒരു കലയാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് അനുദിനം മുന്നില്‍ വരുന്ന വെല്ലുവിളികളെ മറികടന്ന് കുടുംബ ബിസിനസ് കൃത്യമായി മാനേജ് ചെയ്യുക എന്നതും.

ഈ രണ്ട് കാര്യത്തിനും രണ്ട് തരത്തിലുള്ള കാഴ്ചപ്പാടുകള്‍ വേണം; വൈദഗ്ധ്യം വേണം.

കുടുംബ ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ ഈ വിഷയങ്ങളില്‍ തികച്ചും തികച്ചും പ്രായോഗികമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ട് പ്രമുഖരാണ് കോണ്‍ക്ലേവില്‍ എത്തുന്നത്.

രണ്ടു ദിനങ്ങളിലായി നീളുന്ന ഈ സെമിനാരില്‍ സുസ്ഥിരമായ ബിസിനസ് മോഡല്‍ എങ്ങനെ സൃഷ്ടിക്കാമെന്നത് കൈകാര്യം ചെയ്യുന്നത് ഈ വിഷയത്തില്‍ രാജ്യാന്തര തലത്തിലെ പ്രഗത്ഭനായ മയൂര്‍ ടി ദലാലാണ്. ന്യൂയോര്‍ക്കിലെ ദലാല്‍ കാപിറ്റല്‍ അഡൈ്വസേഴ്‌സ് ആന്‍ഡ് ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ്‌ന്റെ വെല്‍ത്ത് കോച്ചും സിഇഒയുമായ ഇദ്ദേഹം 100 വര്‍ഷത്തേക്കുള്ള സസ്‌റ്റെയ്‌നബിലിറ്റി റോഡ് മാപ്പ് കുടുംബ ബിസിനസുകള്‍ക്കായി സൃഷ്ടിച്ചു നല്‍കുന്നതില്‍ വിദഗ്ധനാണ്.

ലോകത്തിലെ അതിപ്രശസ്തമായ 100ലേറെ, അതും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, കുടുംബ ബിസിനസുകള്‍ക്ക് കൃത്യമായ പിന്തുടര്‍ച്ചാ ക്രമം മുതല്‍ വെല്‍ത്ത് മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം ഇദ്ദേഹം നല്‍കി വരുന്നു.

കുടുംബ ബിസിനസുകളുടെ സുഗമമായ നടത്തിപ്പ് പ്രത്യേകം പരിശീലിക്കേണ്ട കാര്യം തന്നെയാണ്. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലും കുടുംബ ബിസിനസുകളെ ആഴത്തില്‍ അറിയുന്ന, അവയുടെ മെന്റര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ പ്രൊഫ. ഡോ. പരിമള്‍ മര്‍ച്ചന്റാണ് സെമിനാറില്‍ സംസാരിക്കുന്ന രണ്ടാമത്തെ വിദഗ്ധന്‍. ദുബായിയിലെ എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ ഗ്ലോബല്‍ എഫ്എംബി പ്രോഗ്രാമിന്റെ ഡയറക്റ്ററായ ഡോ. പരിമള്‍ മര്‍ച്ചന്റ് നാളത്തെ ബിസിനസ് സാരഥികളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

റമദ റിസോര്‍ട്ടാണ് കോണ്‍ക്ലേവിന്റെ ഡയമണ്ട് സ്‌പോണ്‍സര്‍. അഫ്‌ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, സ്പിന്നര്‍ പൈപ്പ്‌സ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സറും. സെയ്ന്റ്ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനു കീഴിലുള്ള സെയ്ന്റ്ഗിറ്റ്‌സ് സെന്റര്‍ ഫോര്‍ ഫാമിലി ബിസിനസ് ആണ് കോണ്‍ക്ലേവിന്റെ നോളജ് പാര്‍ട്ണര്‍. ചിത്ര പെയ്‌ന്റേഴ്‌സാണ് ഔട്ട്‌ഡോര്‍ മീഡിയ പാര്‍ട്ണര്‍.

എങ്ങനെ പങ്കെടുക്കാം

സെമിനാറില്‍ പങ്കെടുക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷന് ജിഎസ്ടി അടക്കം 23,600 രൂപയാണ് ഫീസ്. എന്നാല്‍ ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നികുതി

അടക്കം 21,240 രൂപ മതിയാകും. ഇതിനു പുറമേ ഒരു കുടുംബ ബിസിനസില്‍

നിന്നുള്ള അധികമായുള്ള ഓരോ പ്രതിനിധിക്കും നികുതി അടക്കം 14,160 രൂപ

മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9663883075, 8921760538, ഇ മെയ്ല്‍: mail@dhanam.in

രണ്ടു ദിവസം എന്തിന് നീക്കിവെയ്ക്കണം?

വെല്ലുവിളികള്‍ നിറഞ്ഞ കാലമാണിത്. എല്ലാ ബിസിനസിലും പ്രതിസന്ധികള്‍ ഉടലെടുക്കുന്നു. കുടുംബ ബിസിനസുകളെ സംബന്ധിച്ചിടത്തോളം ബിസിനസ് നടത്തിപ്പ് കുറേക്കൂടി സങ്കീര്‍ണമാണ്. ഇവയെ മറികടന്ന് മുന്നേറേണ്ടത് ബിസിനസുകാരുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തന്നെ

നിലനില്‍പ്പിന് അനിവാര്യമാണ്.

എന്റെ ബിസിനസില്‍ പ്രശ്‌നമില്ലെന്ന് കരുതുന്നവരുണ്ടാകും. പക്ഷേ നാളെ ഉടലെടുക്കാവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇന്നേ തീരുമാനങ്ങളെടുത്തില്ലെങ്കില്‍ അതിന് ബിസിനസുകളും സംരംഭകരും വലിയ വില നല്‍കേണ്ടി വരും. ഭാവിയിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഈ രണ്ടുദിവസത്തെ ചര്‍ച്ചകളും സംവാദങ്ങളും കുടുംബ ബിസിനസ് സാരഥികളെ സഹായിക്കുക തന്നെ ചെയ്യും.

ആരൊക്കെ പങ്കെടുക്കണം?

കുടുംബ ബിസിനസ് എന്നാല്‍ അതിന്റെ അടിത്തറ തന്നെ കൂട്ടായ്മയാണ്. ആഴത്തിലുള്ള ബന്ധമാണ്. ഈ അടിത്തറയില്‍ നിന്ന് മുന്നോട്ടുപോകുമ്പോള്‍ പുതിയ കാര്യങ്ങളെ കുറിച്ച് എല്ലാവര്‍ക്കും പൊതുവായ ഒരു ധാരണയുണ്ടായിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. അതുകൊണ്ട് കുടുംബ ബിസിനസിലെ എല്ലാവരും ഒരുമിച്ച് കോണ്‍ക്ലേവില്‍ സംബന്ധിക്കുന്നതാണ് നല്ലത്.

മുതിര്‍ന്ന തലമുറയെ കേള്‍ക്കാം,

പുതുതലമുറയുടെ ഉള്ളിലിരുപ്പ് അറിയാം

ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുമ്പോള്‍ തന്നെ എപ്പോഴും പ്രസക്തമായ ബിസിനസ് കെട്ടിപ്പടുക്കുകയെന്നതാണ് കുടുംബ ബിസിനസുകളുടെ മുന്നിലെ ഒരു വെല്ലുവിളി. മുതിര്‍ന്ന തലമുറ അത്യധ്വാനം ചെയ്ത് കെട്ടിപ്പടുത്ത ബിസിനസിലേക്ക് പുതിയ സ്വപ്‌നങ്ങളും ആശയങ്ങളുമായി പുതുതലമുറ കടന്നുവരുമ്പോള്‍ പലപ്പോഴും പല വെല്ലുവിളികളും ഉയര്‍ന്നുവരാറുണ്ട്. മുതിര്‍ന്ന തലമുറയുടെ അനുഭവ സമ്പത്തും പുതിയ തലമുറയുടെ നൂതന ആശയവും ഒത്തുചേരുമ്പോള്‍ മികവുറ്റ സിനസുകളാണ് സൃഷ്ടിക്കപ്പെടുന്നത്.

ഇക്കാര്യത്തില്‍ ഇരുതലമുറകളുടെയും പ്രതിനിധികള്‍ക്ക് പറയാന്‍ ഏറെ കാണും. അതുകൊണ്ടു തന്നെ ഇതിനായി രണ്ട് പാനല്‍ ചര്‍ച്ചകളാണ് ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ നടക്കുന്നത്.

സംസ്ഥാനത്തെ വ്യവസായ ലോകത്ത് നിറസാന്നിധ്യമായ കുടുംബ ബിസിനസുകളുടെ മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിക്കുന്ന അമരക്കാരാണ് കോണ്‍ക്ലേവിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ അണിനിരക്കുക. മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി. പി നന്ദകുമാര്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബ്, പോപ്പുലര്‍ വെഹിക്ക്ള്‍ ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ജോണ്‍ കെ. പോള്‍, കൊട്ടാരം ഗ്രൂപ്പ് ഡയറക്റ്റര്‍ ലത പരമേശ്വരന്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.

മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനേയും പാനലിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. പുതുതലമുറയുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അലക്‌സ് കെ ബാബു, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് (ഫിനാന്‍സ്) ടീന സുസാന്‍ ജോര്‍ജ് എന്നിവര്‍ സംബന്ധിക്കും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എഫ്&ബി വിഭാഗമായ ടേബിള്‍സ് ഫുഡ് കമ്പനിയുടെ സിഇഒ ഷഫീന യൂസഫലി, ബ്രിഡ്ജ്‌വേ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ജാബര്‍ അബ്ദുള്‍ വഹാബ് തുടങ്ങിയവവരെ പാനലിലേക്ക് പ്രതീക്ഷിക്കുന്നുമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it