പ്രത്യക്ഷ നികുതി വരുമാനം കുറയും; വന്‍ ബാധ്യതയുടെ ഭീഷണിയിലേക്ക് കേന്ദ്രം

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും മൂലം 20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ കുറയുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'റോയിട്ടേഴ്സി'ന്റെ റിപ്പോര്‍ട്ട്.

രാജ്യത്തെ വരുമാനത്തിന്റെ ഏതാണ്ട് 80 ശതമാനവും പ്രത്യക്ഷ നികുതിയില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇതിലുണ്ടാകുന്ന കുറവു നികത്താന്‍ സര്‍ക്കാരിന് കൂടുതല്‍ തുക കടമെടുക്കേണ്ടിവരുമെന്നതാണവസ്ഥ.രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജി.ഡി.പി.) അഞ്ചു ശതമാനത്തിനടുത്തായിരിക്കുമെന്നാണ് വിലയിരുത്തല്‍. 11 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്.

ഈ സാമ്പത്തിക വര്‍ഷം 13.5 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതി വരുമാനമായി ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്്. മുന്‍വര്‍ഷം ലഭിച്ചതിനെക്കാള്‍ 17 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷ. എന്നാല്‍, കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് കണക്കുകള്‍ തെറ്റിച്ചു.
ഈ സാഹചര്യത്തില്‍ മുന്‍വര്‍ഷം ലഭിച്ചതിനെക്കാള്‍ പ്രത്യക്ഷനികുതിവരുമാനത്തില്‍ പത്തുശതമാനം വരെ കുറവുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഉപഭോഗം കുറഞ്ഞതിനാല്‍ കമ്പനികള്‍ നിക്ഷേപം വെട്ടിക്കുറച്ചതും തൊഴില്‍ കുറയ്ക്കുന്നതുമെല്ലാം നികുതിവരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കോര്‍പ്പറേറ്റ് നികുതി കുറച്ചത്. ജനുവരി 23 വരെയുള്ള കണക്കനുസരിച്ച് 7.3 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതിവരുമാന ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മുന്‍വര്‍ഷം ഇതേകാലത്ത് ലഭിച്ചതിനെക്കാള്‍ 5.5 ശതമാനം കുറവ്്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു മാസക്കാലത്ത് കമ്പനികളില്‍നിന്ന് മുന്‍കൂര്‍ നികുതിയായി വലിയ തുക ലഭിക്കാറുണ്ട്. ആകെ വരുമാനത്തിന്റെ 30-35 ശതമാനം ഇത്തരത്തില്‍ ലഭിക്കും.

അതുകൊണ്ടുതന്നെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി വരുമാനം ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും കഴിഞ്ഞവര്‍ഷം ലഭിച്ചതിന്റെ പത്തു ശതമാനമെങ്കിലും കുറവായിരിക്കും ഇത്തവണത്തെ പ്രത്യക്ഷ നികുതി വരുമാനമെന്ന് ഇവര്‍ കരുതുന്നു.

തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി വരുമാനം 2018-19 ല്‍ ശേഖരിച്ച 11.5 ലക്ഷം കോടിയില്‍ താഴെയാകാന്‍ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് അഭിമുഖം നടത്തിയ എട്ട് മുതിര്‍ന്ന നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ലക്ഷ്യം മറന്നേക്കുക.പ്രത്യക്ഷ നികുതി പിരിവ് കുറയുന്നത് ഇതാദ്യമായാണ് ഞങ്ങള്‍ കാണുന്നത്, 'ന്യൂഡല്‍ഹിയിലെ ഒരു നികുതി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it